2016, മേയ് 15, ഞായറാഴ്‌ച

ഭാസ്കരേട്ടനെ ഓര്‍ക്കുമ്പോള്‍..!!

ഭാസ്കരേട്ടനെ ഓര്‍ക്കുമ്പോള്‍..!!ന്യൂനപക്ഷ പ്രീണനത്തിന്‍റെ സമകാലിക സമസ്യകളില്‍ ഞെരിഞ്ഞമരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പരസ്പരം തിരിച്ചറിയുകയും ഐക്യപ്പെടുകയും വേണമെന്ന് ആത്മാര്‍ത്ഥതയോടെ പറയുകയും എഴുതുകയും, അതിനായി പരിശ്രമിക്കുകയും ചെയ്ത സംഘടനയായിരുന്നു ശ്രീ.കെ.ടി. ഭാസ്കരന്‍ എന്ന ഭാസ്കരേട്ടന്‍. ഹൈന്ദവ ഐക്യത്തിന്‍റെ അനിവാര്യതയെക്കുറിച്ച് ദുര്‍ബല സമൂഹങ്ങളെ ബോധ്യപ്പെടുത്തുകയും ദേശീയധാരയിലേക്ക് അവരെ അടുപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ച മനുഷ്യ സ്നേഹികൂടിയായിരുന്നു, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ  ശ്രീ.കെ.ടി ഭാസ്കരന്‍.
അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത അകാല വിയോഗം ഹൈന്ദവ സമൂഹത്തിന്, വാക്കുകള്‍ക്കപ്പുറം, തീരാ നഷ്ടമാണെന്ന് തീര്‍ച്ചയാണ്.

അരിപ്പഭൂസമരം, മാറാട് മുതലുളള വിവിധ ഹൈന്ദവ മുന്നേറ്റ സമരങ്ങള്‍ എന്നിവയ്ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കിയ അദ്ദേഹം, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹ്യ/സാംസ്കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളിലും തന്‍റേതായ പാത വെട്ടിത്തുറന്നു.നിലവില്‍ കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കേരള പട്ടികജാതി കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമാണ്.

കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ട്രസ്റ്റ് ചെയര്‍മാന്‍, അദ്ധ്യാപക സംഘടന സംസ്ഥാന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തുടക്കത്തില്‍ ആര്‍.എസ്സ്.എസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശന ബുദ്ധ്യാ നിരീക്ഷിച്ച അദ്ദേഹം സംഘ ശിബിരം സന്ദര്‍ശിക്കുകയും, സംഘ നേതൃത്വത്തിന്‍റെയും പ്രവര്‍ത്തകരുടെയും ലാളിത്യത്തിലും സമഭാവനയിലും ആകൃഷ്ടനാവുകയും ചെയ്തു. തുടര്‍ന്ന് സംഘ സഹയാത്രികനായിത്തീര്‍ന്ന്,  സാമൂഹ്യ നീതിക്കു വേണ്ടിയുളള പരിവാര്‍ പ്രസ്ഥാനങ്ങളുടെ സമരങ്ങളില്‍ പങ്കാളിയാവുകയും മുന്നണിപ്പോരാളിയായി നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു.

സാമൂഹ്യ സമരസതയുടെ സന്ദേശം ദളിത്/പിന്നാക്ക സമുദായങ്ങളില്‍ എത്തിക്കുന്നതിന്, പിന്നീട് സംഘ സംഘടനകളോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനും അദ്ദേഹം മുന്നോട്ടു വന്നു.

തിരിച്ചറിയപ്പെടാന്‍ വൈകിപ്പോയ സംഘടനയാണ് ആര്‍.എസ്സ്.എസ്സ് എന്നാണ് സംഘത്തെപ്പറ്റി അദ്ദേഹം വേദനയോടെ പറഞ്ഞത്. ആര്‍.എസ്സ്.എസ്സിനെതിരെയുളള എതിരാളികളുടെ കാലങ്ങളായുളള വ്യാജ പ്രചാരണങ്ങള്‍, ഒരു തലമുറയെത്തന്നെ തെറ്റിദ്ധരിപ്പിച്ചത്, തന്നെയും സ്വാധീനിച്ചുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 'നേരത്തേ സംഘത്തെ തങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അത് പാര്‍ശ്വവത്ക്കരിക്ക പ്പെട്ടവര്‍ക്കും,പൊതുവെ ഹിന്ദു സമൂഹത്തിനും, ഗുണകരമാകുമായിരുന്നു വെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍ക്കു പിന്നിലെ കുടിലതകള്‍ തിരിച്ചറിയുകയും അവക്കെതിരെ, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി അടക്കമുളള ദളിത്/ പിന്നാക്ക സംഘടനകളെ ഏകോപിപ്പികയും ചെയ്യുകയെന്ന ഭഗീരഥ പ്രയത്നത്തില്‍, അദ്ദേഹം ഹിന്ദു ഐക്യവേദിയുടെ കണ്ണും കാതും നാവുമായി.മാത്രമല്ല, മിശ്ര കമ്മീഷന്‍ നിര്‍ദ്ദേശങ്ങളിലെ പോരായ്മകളും വീഴ്ചകളും,അവ നടപ്പാക്കിയാലുളള അപകടങ്ങളെയും പറ്റി വിവിധ ദളിതു സംഘടനാ നേതൃതവവുമായി വിജയകരമായ ആശയവിനിമയം നടത്തുകയും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ അതേപ്പറ്റിയുളള തന്‍റെ വീക്ഷണങ്ങളും ആശയങ്ങളും ലേഖനരൂപത്തില്‍ എഴുതി ബോധവല്‍ക്കരിക്കുകയും ചെയ്തു.

ദേശീയതയെ തളളിപ്പറയുകയും ഹിന്ദുത്വത്തെ പുശ്ചിക്കുകയും ചെയ്തുകൊണ്ട്, ദളിത്/പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റി രാഷ്ട്ര വിരുദ്ധരാക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ക്കെതിരെ സദാ ജാഗ്രത്തായിരുന്നു അദ്ദേഹത്തിന്‍റെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും.

ഹിന്ദു ഐക്യവേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ ചുമതകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്‍റെ വിയോഗം ഹിന്ദു ഐക്യവേദിക്ക് കനത്ത ആഘാതമാണെന്നു മാത്രമല്ല,ദളിത/പിന്നാക്ക വിഭാഗങ്ങള്‍ക്കും പരിഹരിക്കാനാവാത്ത നഷ്ടമാണ്. സ്വര്‍ഗീയ ഭാസ്കരേട്ടന്‍റെ ഓര്‍മ്മകള്‍ നമുക്ക് കരുത്തുപകരട്ടെ. ആദരാഞ്ജലികള്‍.

■ ഹരികുമാര്‍ ഇളയിടത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ