2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ത്യാഗത്തിലൂടെ ശാശ്വതമായ ശാന്തിയിലെത്തുന്നു..!!

ഗീതാസന്ദേശം

ഈശ്വരൻ കാലമാണ്‌. കാലത്തിന്റെ നിയോഗമനുസരിച്ച്‌ ചെയ്യാനുള്ള ധർമ്മമനുഷ്ഠിക്കുക. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം കാലമാണ്‌ ചെയ്യുന്നത്‌ അത്‌ നിങ്ങളിലൂടെയെന്നുമറിയുക. പ്രപഞ്ചചൈതന്യത്തിന്റെ ഭയാനകമായ രൂപം പോലെ പ്രപഞ്ചത്തിന്‌ ശാന്തമായ ഒരു രൂപവുമുണ്ടെന്നറിയണം. ഈ രണ്ടുരൂപങ്ങളും വേദം പഠിച്ചാലോ, തപസ്സുചെയ്താലോ, ദാനത്തിലൂടെയോ ദർശിക്കാൻ സാധ്യമല്ല. ഏകാഗ്രഭാവത്തിലുള്ള ഭക്തിയോടെ മാത്രമേ ഈ ദര്‍ശനം ലഭ്യമാകുകയുള്ളൂ.
ശാന്തമായി, ശ്രദ്ധയോടെ, ഏകാഗ്രതയോടെ ഈ പ്രപഞ്ചചൈതന്യത്തെ മനസ്സില്‍ ധ്യാനിക്കുന്നവന്‌, ഈശ്വരസാക്ഷാത്കാരം എളുപ്പത്തില്‍ സാധ്യമാകുന്നു. മനസ്സ്‌ ഭൗതികമായതിനോട്‌ ബന്ധിതമാകുമ്പോള്‍, അത്‌ അവിടെ നിന്ന്‌ മറ്റൊരു ചിന്തയെ പ്രാപിക്കാതെ ബന്ധമായതില്‍ തന്നെ നില്‍ക്കുന്നു. ഈശ്വരനിലേക്ക്‌ പ്രയാണം ചെയ്ത മനസ്സിലെ ചിന്തകളില്‍ നിന്ന്‌ നല്ല കര്‍മ്മങ്ങളും അതില്‍ നിന്ന്‌ നല്ല കര്‍മ്മഫലങ്ങളും ലഭിക്കുന്നു. ഈ പന്ഥാവ്‌ ദുഷ്കരമായവര്‍ക്ക്‌ യോഗമാര്‍ഗം സ്വീകരിക്കുന്നതിലൂടെയും നന്മയിലെത്തിച്ചേരാം. അതും അപ്രായോഗികമാണെങ്കില്‍ ഈശ്വരാര്‍പ്പണമായി സ്വന്തം കര്‍മ്മം ധര്‍മ്മമായി തന്നെ ചെയ്യുക. അതു അസാധ്യമാണെന്ന്‌ വരുകില്‍ ഏത്‌ കര്‍മ്മം ചെയ്താലും അതിന്റെ ഫലം ത്യജിക്കുക.
കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായത്‌ ജ്ഞാനമാണ്‌. ഈശ്വര ധ്യാനമാകട്ടെ ജ്ഞാനത്തേക്കാള്‍ മഹത്വമേറിയതാണ്‌. അതിനേക്കാളും ശ്രേഷ്ഠമായതാണ്‌ കര്‍മ്മത്തിന്റെ ഫലങ്ങള്‍ ത്യജിക്കുക എന്നത്‌. ഈ ത്യാഗത്തിലൂടെ ശാശ്വതമായ ശാന്തിയിലെത്തുന്നു. കര്‍മ്മഫലവും കര്‍മ്മപ്രതിഫലവും ചിന്തിക്കാത്ത മനസ്സ്‌ ശാന്തമായിരിക്കുക തന്നെ ചെയ്യും. ശാന്തനായ വ്യക്തിക്ക്‌ ആന്തരിക ശുദ്ധി, നിഷ്പക്ഷത, ഏകാഗ്രത, അഹംഭാവമില്ലായ്മ, സമദര്‍ശിത്വം, ശത്രു-മിത്ര ഭേദമില്ലായ്മ, മാനാപമാനത്തില്‍ നിന്ന്‌ മുക്തി, ശീതോഷ്ണത്തിലെ സമവീക്ഷണം, നിന്ദാസ്തുതികളില്‍ വേവലാതിയില്ലായ്മയെല്ലാം എളുപ്പത്തില്‍ സാധിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ