2016, ഏപ്രിൽ 12, ചൊവ്വാഴ്ച

എൻഡിഎയെ വിജയിപ്പിക്കാൻ ഹിന്ദുഐക്യവേദി ആഹ്വാനം

കേരളരാഷ്ട്രീയം ഹിന്ദുധ്രുവീകരണത്തിന്റെ പാതയിൽ
- എം. രാധാകൃഷ്ണൻ

കേരളരാഷ്ട്രീയത്തിൽ ഇന്ന് ശക്തമായ ഹിന്ദുധ്രുവീകരണം നടന്നുകൊണ്ടി രിക്കുകയാണെന്ന് ആര്‍.എസ്സ്.എസ്സ്. സഹപ്രാന്തകാര്യവാഹക് എം. രാധാകൃഷ്ണൻ പറഞ്ഞു. ചാലക്കുടി വ്യാസവിദ്യാനികേതന്‍ സ്‌കൂളിൽ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദിയുടെ ഒരു വ്യാഴവട്ടത്തെ പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇതിന് കളമൊരുക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ വ്യക്തിയുടെ മൗലികാവകാശത്തെകുറിച്ച് വാചാലരാകുന്നവര്‍ ഭരണഘടനയില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി ഒരു പൗരന്‍ അനുഷ്ഠിക്കേണ്ട കടമകളെ കുറിച്ചു പറയുന്നുണ്ടെന്ന് മറക്കണ്ട.
കേരളത്തിലെ ഹിന്ദുസമൂഹം അനുഭവിക്കുന്ന വിഷയങ്ങളെ അധികരിച്ച് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തെ വിജയിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. 2012-ലെ ഹിന്ദു അവകാശ പത്രിക പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും പ്രമേയത്തില്‍ പറഞ്ഞു. കേരളത്തിലെ ക്ഷേത്രഭരണം ഹിന്ദു വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന് രണ്ടാമത്തെ പ്രമേയം ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള പ്രമേയത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സംവരണത്തെ അട്ടിമറിക്കുന്ന തരത്തില്‍ സംവരണ പട്ടികയിലേക്ക് കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ 1800-ളം പേര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നുണ്ടെന്നും പ്രമേയത്തില്‍ പറഞ്ഞു. മെത്രാന്‍ കായല്‍ പതിച്ചുനല്‍കുകയും സന്തോഷ് മാധവനും സംഘടിത മതവിഭാഗങ്ങള്‍ക്കും ഏക്കര്‍ കണക്കിന് ഭൂമി പതിച്ചുനല്‍കുന്നതിനെയും പ്രമേയം എതിര്‍ത്തു. 
സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. രക്ഷാധികാരികള്‍ എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. ഭാസ്‌കരന്‍, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ ആര്‍.വി. ബാബു, കെ.പി. ഹരിദാസ്, വി.ആര്‍. സത്യവാന്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ട്രഷറര്‍ അരവിന്ദാക്ഷന്‍ നായര്‍, വൈസ് പ്രസിഡന്റുമാരായി പി.കെ. ഭാസ്‌കരന്‍, പി.ആര്‍. ശിവരാജന്‍, എം.കെ. വാസുദേവന്‍, അഡ്വ. പദ്മനാഭന്‍, കെ.വി. ശിവന്‍, കല്ലറ പ്രശാന്ത്, അഡ്വ.കെ. ഹരിദാസ്, പി.ജി. ശശികല ടീച്ചര്‍, എം.പി. അപ്പു, പി.ജ്യോതീന്ദ്രകുമാര്‍, കൈനകരി ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ കെ. സുന്ദരന്‍: സെക്രട്ടറിമാരായി ആര്‍.എസ്സ്. അജിത്കുമാര്‍, പി.വി. മുരളീധരന്‍, തെക്കടം സുദര്‍ശനന്‍, എ.ശ്രീധരന്‍, പി.സുധാകരന്‍, കെ.പി.സുരേഷ്, വി.എസ്.പ്രസാദ്, പുത്തൂര്‍ തുളസി, കിളിമാനൂര്‍ സുരേഷ്, ശശി കമ്മട്ടേരി, അഡ്വ.എ.സി. അംബിക എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മധുസൂദനന്‍ കളരിക്കല്‍ നന്ദിയും പറഞ്ഞു.
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ