2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഇന്ന് അംബേദ്‌കർ ജയന്തി

സമൂഹത്തിന്റെ അവസാന വരിയില്‍ നില്‍ക്കുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി ഡോ. ബി.ആര്‍. അംബേദ്കര്‍


സാമൂഹ്യനീതിമേഖലയില്‍ അഗ്രിമനായ, ഭരണഘടനാ ശില്‍പ്പിയായ, ദേശീയ മഹാനേതാവായ ഡോ.ബി. ആര്‍. അംബേദ്കറിനെ നമുക്കെല്ലാം അറിയാമെങ്കിലും പത്രപ്രവര്‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകള്‍ ഒരിക്കലും ചര്‍ച്ചാ വിഷയമായിട്ടില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനും അവര്‍ക്കുവേണ്ടി സംസാരിക്കുവാനും ഏറ്റവും അനുയോജ്യമായ വേദി എന്നു വിലയിരുത്തിയാണ് അദ്ദേഹം ഈ മേഖലയിലേക്ക് കടന്നുവന്നത്.

സമൂഹത്തിലെ താഴ്ന്ന വിഭാഗത്തിനുവേണ്ടിയുള്ള തന്റെ അവിരാമ യുദ്ധത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തനത്തെ അദ്ദേഹം കണ്ടു. കണ്ടകാകീര്‍ണ്ണമായ ഈ വഴിയില്‍ അദ്ദേഹം നീണ്ട 36 വര്‍ഷം സഞ്ചരിച്ചു. അംബേദ്കറിന് പത്രമാധ്യമമെന്നാല്‍ രാഷ്ട്ര-സാമൂഹ്യ സേവനത്തിനുള്ള ഒരു വിശുദ്ധമാര്‍ഗമായിരുന്നു.

ബാബാ സാഹേബിന്റെ ജീവചരിത്രം രചിച്ച ധനഞ്ജയ് കീര്‍ തന്റെ പുസ്തകത്തില്‍ അംബേദ്കറിന്റെ പത്രപ്രവര്‍ത്തന ലക്ഷ്യങ്ങള്‍ അടിവരയിട്ടു വിശദീകരിക്കുന്നുണ്ട്. നിയമ രംഗത്തെ തൊഴിലായി സ്വീകരിച്ച അദ്ദേഹം പത്രപ്രവര്‍ത്തനം തന്റെ സാമൂഹ്യസേവന വഴിയെ കൂടുതല്‍ ശക്തിപ്പെടുത്താനുതകുമെന്ന് തിരിച്ചറിഞ്ഞിരുന്നു.

പത്രപ്രവര്‍ത്തനം തനിക്ക് പണം സമ്പാദിയ്ക്കുവാനുള്ള മേഖലയല്ല, മറിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയുപയുക്തമായ മാര്‍ഗ്ഗമാണെന്നുമുള്ള ബോധം അംബേദ്കറിനുണ്ടായിരുന്നു. ഈ അര്‍പ്പണബോധത്തിന് ഇക്കാലത്തും പ്രസക്തിയേറെയാണ്. ചരിത്രം സൃഷ്ടിച്ചിട്ടുള്ളവരെല്ലാംതന്നെ ഏതെങ്കിലും ഒരു മേഖലയെ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലമാക്കി മാറ്റിയവരാണ്.

എന്നാല്‍ അംബേദ്കര്‍ ബഹുമുഖ പ്രതിഭയായിരുന്നു. അദ്ദേഹം അന്യാദൃശമായ ബുദ്ധിവൈഭവവും സാമര്‍ത്ഥ്യവും കൊണ്ടനു ഗൃഹീതനായിരുന്നു. മാനുഷികതയുടെ സമസ്ത മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം സമൂഹത്തിലെ അധഃസ്ഥിതരുടെ രാഷ്ട്രീയവും സാമൂഹികവുമായ ശാക്തീകരണമായിരുന്നു, ഒപ്പം സാമൂഹ്യ സമരസത രൂപപ്പെടുത്തുകയെന്നതുമായിരുന്നു.

ഭരണഘടനാ നിര്‍മാണസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ദേശീയവും സുപ്രധാനവുമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ മഹദ് സംരംഭത്തില്‍ ഭാഗഭാക്കായതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്നതിനെക്കുറിച്ച് ബാബാ സാഹേബിന്റെ വാക്കുകളില്‍നിന്നുതന്നെ നമുക്കു കേള്‍ക്കാം: ” നിയമനിര്‍മാണസഭയുടെ ഭാഗമായപ്പോള്‍ പട്ടികജാതിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നല്ലാതെ മറ്റൊരു അഭിലാഷവും എന്നെ സംബന്ധിച്ചുണ്ടായിരുന്നില്ല.

മറ്റ് നിര്‍ണായക ചുമതലകള്‍ എന്നില്‍ നിക്ഷിപ്തമാകുമെന്ന് ഒരിക്കലും എനിക്കറിവില്ലായിരുന്നു. അതിനാല്‍ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലേക്ക് എന്നെ തിരഞ്ഞെടുത്തത് ശരിക്കും അത്ഭുതപ്പെടുത്തി. അതിലേറെ അത്ഭുതമായി എന്നെ സമിതിയുടെ അദ്ധ്യക്ഷനാക്കിയപ്പോള്‍. സമിതിയില്‍ എന്നെക്കാള്‍ ഏറെ യോഗ്യരായ, മികച്ച വ്യക്തിത്വമുള്ള, സര്‍.

അല്ലാഡി കൃഷ്ണസ്വാമി അയ്യരെപ്പോലെയുള്ള മഹാന്മാരുണ്ടായിരുന്നു. എന്നില്‍ ഇത്രയധികം വിശ്വാസമര്‍പ്പിച്ചതിനും ഈ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്ര സേവനത്തിനുള്ള ഉപകരണമാക്കി എന്നെ മാറ്റി, അതിന് അവസരമൊരുക്കിയതിനും ഭരണഘടന നിര്‍മാണസഭയോടും വിശേഷിച്ച് ഡ്രാഫ്റ്റിംഗ് കമ്മറ്റിയോടും ഞാന്‍ ഏറെ നന്ദിയുള്ളവനാണ്.” ശേഷം ചരിത്രമാണ്.

ബാല്യം മുതല്‍ക്കേ അംബേദ്കറില്‍ സാമൂഹ്യ സമരസതയ്ക്കുള്ള അഭിലാഷം സജീവമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലെ അസ്പൃശ്യതയെന്ന കളങ്കം കഴുകിക്കളയാനാവുമെന്ന ഉറച്ച ശപഥം ഹൃദിസ്ഥമാക്കിയാണ് അദ്ദേഹം പഠിച്ചുയര്‍ന്നത്. പക്ഷേ, ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക അദ്ദേഹത്തിന് അത്ര എളുപ്പമല്ലായിരുന്നു. എന്നാല്‍,

അസാമാന്യബുദ്ധിശക്തിയ്ക്കുടമയായിരുന്നതിനാല്‍ അദ്ദേഹം ബറോഡ രാജാവിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഉയര്‍ന്ന ജാതിക്കാര്‍ ‘മഹാര്‍’ ജാതിയില്‍പ്പെട്ട ഒരാളുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ തയ്യാറായില്ല. ഇത് അദ്ദേഹത്തെ അഗാധമായി വേദനിപ്പിച്ചു. ഈ വേദനയും പ്രാണസങ്കടപ്പെട്ട മനസ്സുമായി 1917 ല്‍ അംബേദ്കര്‍ മുംബൈയില്‍ മടങ്ങിയെത്തി.

സമൂഹത്തിന്റെ അവസാനവരിയില്‍ നില്‍ക്കുന്ന ശബ്ദമില്ലാത്തവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചുറച്ചു. അങ്ങനെ അദ്ദേഹം അല്‍പ്പമാത്രമായ വിഭവങ്ങളുടെ സഹായത്തോടെ മാധ്യമരംഗത്തേക്ക് തിരിഞ്ഞു, താന്‍ കടന്നുപോയ, ആരുമറിയാഞ്ഞ പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്നു. കോലാപ്പൂരിലെ ഷാഹൂജി മഹാരാജ് അധഃസ്ഥിതരുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളോട് അനുഭാവമുള്ളയാളായി അറിയപ്പെട്ടിരുന്നു.

a42അങ്ങനെ അദ്ദേഹം 1920 ജനുവരി 31 ന് ‘മൂക് നായക്’ എന്ന ദൈ്വവാരിക ആരംഭിക്കാന്‍ സഹായങ്ങള്‍ നല്‍കി. ‘മൂക് നായക്’ എന്ന പേരുതന്നെ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം വിശദീകരിച്ചു. പത്രത്തിന്റെ ആകെ ഉള്ളടക്ക സ്വഭാവംതന്നെ ആ ദിശയിലായിരുന്നു. എഡിറ്ററെന്ന നിലയില്‍ വാര്‍ത്തയിലും ലേഖനങ്ങളിലുമെല്ലാം പത്രധര്‍മ്മവും മൂല്യവും അദ്ദേഹം കാത്തുപോന്നു. അദ്ദേഹം പതിവായി മുഖപ്രസംഗവും മുഖ്യലേഖനങ്ങളുമെഴുതി.

അദ്ദേഹത്തിന്റെ പൊതു ജീവിതവും പത്രപ്രവര്‍ത്തന ജീവിതവും തുടങ്ങിയത് ഒരേ സമയമാണ്. സ്വാഭാവികമായും ഇതെല്ലാം അദ്ദേഹത്തിന്റെ നിത്യജീവിതം ഏറെ തിരക്കുള്ളതാക്കി. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ പകലെല്ലാം തിരക്കിലാണെങ്കില്‍കൂടിയും അദ്ദേഹം രാത്രിവൈകിയും പത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഓഫീസില്‍ വ്യാപൃതനായി. അത് ഒരുവര്‍ഷം തുടര്‍ന്നു. എന്നാല്‍ അദ്ദേഹം സംതൃപ്തനായിരുന്നില്ല. കുറച്ചു കാലം മുമ്പ് നിര്‍ത്തിവെച്ച തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിച്ചു.

അതിനായി ലണ്ടനില്‍ പോവേണ്ടിവന്നു, പക്ഷേ പണത്തിനു ബുദ്ധിമുട്ടുണ്ടായി. എന്നാല്‍, അദ്ദേഹം വളര്‍ന്നുവരുന്ന താരമാണെന്നു നിരീക്ഷിച്ചിരുന്ന ചിലര്‍ അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നു. അവരും അനുഭാവികളും പണം സ്വരൂപിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ അവസാനം 1920 ല്‍ അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ യാത്ര ‘മൂക് നായകി’ന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

പഠനം പൂര്‍ത്തിയാക്കിയതോടെ ഭീംറാവു അംബേദ്കര്‍ ‘ബാരിസ്റ്റര്‍’ അംബേദ്കറായി. അദ്ദേഹത്തിന് ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും ലഭിച്ചു. അങ്ങനെ മാതൃരാജ്യത്തേക്കു തിരിച്ചെത്തിയ അദ്ദേഹം വീണ്ടും സമൂഹത്തിലെ അധഃസ്ഥിതരുടെയും അവഗണിതരുടെയും ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കപ്പെട്ടു. ബാബാ സാഹേബിന്റെ വ്യവസ്ഥാപിതമായ പൊതുജീവിതം ആരംഭിച്ചത് 1924 ല്‍ ‘ബഹിഷ്‌കൃത ഹിതകാരിണി സഭ’ സ്ഥാപിച്ചതിലൂടെയാണ്.

ഭാരതത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമാണ് ഈ കാലയളവ്. ഈ കാലയളവിലാണ് ഗാന്ധിജി കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായതും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചതും രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായതും, എല്ലാം 1925 ലോ അതിനോട് അടുപ്പിച്ച കാലത്തോ ആണ്. ഇതേ സമയത്താണ് ബാബാസാഹേബ് യഥാര്‍ത്ഥത്തില്‍ സാമൂഹിക ജീവിതത്തിലേക്ക് കടന്നുവന്നതും.

ബഹിഷ്‌കൃത ഹിതകാരണി സഭയുടെ കീഴില്‍ അദ്ദേഹം നിരവധി പ്രസ്ഥാനങ്ങള്‍ ആരംഭിച്ച് സാമൂഹ്യ സമരസതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം സുശക്തവും സമരസതാഭരിതവുമായ ഹിന്ദു സമൂഹമായിരുന്നു. അദ്ദേഹം ഒരു ക്ഷേത്രവും ഒരു കുളവും എന്ന ആവശ്യം ഉയര്‍ത്തി- എല്ലാവര്‍ക്കും ഒരേ ജലശയത്തില്‍നിന്നു വെള്ളം, ഹിന്ദു സമൂഹത്തിലുള്ളവര്‍ക്കെല്ലാം ക്ഷേത്രത്തില്‍ പ്രവേശനവുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

സ്വാഭാവികമായും ചില യാഥാസ്ഥിതികര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. അദ്ദേഹം ഏറെ വിമര്‍ശന വിധേയനായി. ഈ പ്രത്യേക സാഹചര്യത്തില്‍ തന്റെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ ഒരു പത്രത്തിന്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹത്തിന് ഏറെ ബോധ്യപ്പെട്ടു. അക്കാലത്ത് ഏതു സംഘടനയ്ക്കും അവരുടെ ദര്‍ശങ്ങളും സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാന്‍ ഒരു പത്രം അനിവാര്യമായിരുന്നു. പത്രമില്ലാത്ത സംഘടന പക്ഷമില്ലാത്ത പക്ഷിയെപ്പോലെയായിരുന്നു. അതിനാല്‍ അംബേദ്കര്‍ ‘ബഹിഷ്‌കൃത ഭാരത്’ എന്ന പേരില്‍ മറാത്ത ദൈ്വവാരിക ആരംഭിച്ചു, 1927 ഏപ്രില്‍ മൂന്നിന്.

ശബ്ദമില്ലാത്തവരുടെ ശബ്ദത്തെ പിന്തുണയ്ക്കാന്‍ ഒരു പത്രമെന്ന ആവശ്യത്തിന് അടിവരയിടുമ്പോഴും അദ്ദേഹം പങ്കുവെക്കുന്ന വിവരങ്ങളില്‍ തനിമയ്ക്കും കൃത്യതയ്ക്കും ഊന്നല്‍ നല്‍കി. അദ്ദേഹത്തിന് അതിനു പിന്നില്‍ ഒട്ടേറെ കാര്യപദ്ധതികളുണ്ടായിരുന്നു. 1920-നു ശേഷം ഒട്ടേറെ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. അവയൊന്നുംതന്നെ അന്നത്തെ പ്രശ്‌നങ്ങള്‍ ജനങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു പഠിക്കാനോ പഠിപ്പിക്കാനോ ശ്രമിച്ചിരുന്നില്ല.

അക്കാലത്തെ സംഭവങ്ങളുടെ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അധഃസ്ഥിത ജനങ്ങളുടെ പ്രശ്‌നങ്ങളും വേദനകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ബഹുജനങ്ങളെയും സര്‍ക്കാരിനേയും അിറയിക്കേണ്ടതാവശ്യമായിരുന്നു. അത് ബഹുജനങ്ങളുടെ ഭാഷയിലും വാഗ്‌ശൈലിയിലും വേണമെന്നതൊരു കനത്ത വെല്ലുവിളിയായിരുന്നു. ഈ ആവശ്യങ്ങളെല്ലാം സാധിതമാക്കാന്‍ അദ്ദേഹം പത്രത്തെ വിനിയോഗിച്ചു.

പത്രപ്രവര്‍ത്തകനായ അംബേദ്കറുടെ ജീവിതം അങ്ങനെ നാലു ദശാബ്ദം നീണ്ടു. ബഹുജന സഹായത്തോടെ അംബേദ്കര്‍ ഭാരത് ഭൂഷണ്‍ പ്രിന്റിംഗ് പ്രസ്സ് ആരംഭിച്ചു. അദ്ദേഹം മറ്റൊരു പത്രം ‘ജനത’ എന്ന പേരില്‍ 1930-ല്‍ ആരംഭിച്ചു. ഈ പ്രസിദ്ധീകരണം 36 വര്‍ഷം തുടര്‍ന്നു. അതിനെ പിന്നീട് അദ്ദേഹം ‘പ്രബുദ്ധ ഭാരത’മാക്കി മാറ്റി. അദ്ദേഹം സമാരംഭിച്ച പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ അദ്ദേഹത്തിന്റെ ദേശീയ വികാരവും അതതുകാലത്തെ അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളുടെ വിവിധ ഘട്ടങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനത്തിലെ സക്രിയതയും ജീവിതലക്ഷ്യവും സുവ്യക്തമാക്കുന്നു. ‘മൂക്‌നായക്’ കേള്‍പ്പിച്ചത് മറ്റാരും സാധാരണ കേള്‍പ്പിക്കാത്ത ശബ്ദമായിരുന്നു. ‘ബഹിഷ്‌കൃത ഭാരത്’ അധഃസ്ഥിതര്‍ക്കൊപ്പം ശക്തമായി നിന്നു.

സമരസതയുടെ ഭാരതം എന്ന സങ്കല്‍പ്പം സാധിതപ്രായമാകാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മുഖ്യധാരയുമായി യോജിക്കുകയും സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ക്കൊപ്പം മുന്നേറുകയും ചെയ്യുകതന്നെവേണം. അതിനു ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം ‘ജനത’ ആരംഭിച്ചു. പില്‍ക്കാലത്ത് കുറച്ചു പ്രവര്‍ത്തകരുമായി അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചപ്പോള്‍ ‘ജനതയെ’ അദ്ദേഹം ‘പ്രബുദ്ധ ഭാരത’മാക്കി. തന്റെ ആരാധനാ സമ്പ്രദായം മാറ്റിയിട്ടും അദ്ദേഹം സ്വപ്‌നം കണ്ടത് ശ്രേഷ്ഠഭാരതമായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളിലെന്നപോലെ പത്രപ്രവര്‍ത്തനത്തിലും കേന്ദ്രവേദി മാതൃരാജ്യം തന്നെയായിരുന്നു.

അര്‍പ്പണബോധമുള്ള പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ തിരക്കേറിയതായിരുന്നു. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ എത്ര തിരക്കുണ്ടായിരുന്നെങ്കിലും വൈസ്രോയി കൗണ്‍സില്‍ അംഗം, ഭരണഘടന നിര്‍മാണസഭയുടെ അധ്യക്ഷന്‍ എന്നീ നിലകളില്‍ എത്ര പിടിപ്പതു കര്‍ത്തവ്യങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്റെ പത്രത്തിനുവേണ്ടി എഴുതാന്‍ സമയം കണ്ടെത്തിയിരുന്നു. വട്ടമേശ സമ്മേളനത്തിനോ മറ്റേതെങ്കിലും നിര്‍ണ്ണായക യജ്ഞങ്ങള്‍ക്കോ വേണ്ടി രാജ്യത്തിനു പുറത്തായിരിക്കുമ്പോള്‍ പോലും മാസികയ്ക്ക് മുഖപ്രസംഗം അയക്കുന്നതില്‍ വീഴ്ചയൊന്നും വരുത്തിയിരുന്നില്ല.

ഓരോ മാസികയും കുറ്റമറ്റ രീതിയില്‍, ഒരു പിശകുമില്ലാതെ, ഉള്ളടക്കത്തലും പത്രപ്രവര്‍ത്തന മൂല്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ നോക്കുന്നതില്‍ അദ്ദേഹം കര്‍ശന നിഷ്ഠപാലിച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നു. സാമൂഹ്യനീതിയെന്ന ലക്ഷ്യം സാധ്യമാക്കാന്‍ അദ്ദേഹം ആരോടും പക്ഷപാതമോ വെറുപ്പോ പ്രകടിപ്പിച്ചില്ല. അദ്ദേഹം ഹിന്ദുസമൂഹത്തിലെ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് ക്ഷേത്ര കവാടങ്ങള്‍ തുറന്നുകൊടുക്കാനും അവര്‍ക്ക് പൊതു ജലസ്രോതസ്സില്‍നിന്ന് കുടിവെള്ളം എടുക്കാനുള്ള അവകാശത്തിനും ആഹ്വാനം ചെയ്തു. എസ്.കെ. ബോലെയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന യുക്തിഭദ്രമായ ഒട്ടേറെ മുഖപ്രസംഗങ്ങള്‍ അദ്ദേഹം എഴുതി.

സാമൂഹ്യ സമരസതയയെയും സാമൂഹ്യ പരിഷ്‌കരണത്തേയും പ്രതിരോധിച്ച് വഴിതെറ്റിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്ക് അംബേദ്കര്‍ നല്‍കിയിരുന്ന പ്രാമുഖ്യം അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍നിന്നു വ്യക്തമാകും: ” മാധ്യമപ്രവര്‍ത്തനം ഭാരതത്തില്‍ ഒരു തൊഴിലായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അതൊരു കച്ചവടമായി. അതിന്റെ ധാര്‍മ്മികത ഇപ്പോള്‍ പേരില്‍ മാത്രമായിരിക്കുന്നു. ഉത്തരവാദിത്തമുള്ള ഉപദേശം നല്‍കുന്നവയെന്ന നിലയില്‍ സമൂഹത്തില്‍ അവ തിരിച്ചറിയപ്പെടുന്നില്ല.

നിഷ്പക്ഷമായും ഭയരഹിതമായും വാര്‍ത്തകള്‍ സമൂഹത്തിന് പകര്‍ന്നുകൊടുക്കുക, നേതാക്കള്‍ എത്ര വലിയവരായാലും അവരുടെ തെറ്റുകള്‍ കണ്ടാല്‍ തുറന്നു വിമര്‍ശിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് ഭാരതത്തിലെ മാധ്യമ പ്രവര്‍ത്തന രംഗത്തെ മൂല്യങ്ങളല്ല. നേരത്തേ ഇവയെല്ലാമായിരുന്നു പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍. ഇന്ന് അവരുടെ മുഖ്യനയം വ്യക്തികള്‍ക്കു വേണ്ടി ആരാധന നടത്തുകയെന്നതാണ്. വാര്‍ത്തകള്‍ക്കു മുകളില്‍ വൈകാരികതയ്ക്കു പ്രാമുഖ്യം നല്‍കുക, യുക്തിസഹമായ അഭിപ്രായങ്ങള്‍ക്കു പകരം യുക്തിരഹിതമായ നിലപാടു പറയുക, ഉത്തരവാദപ്പെട്ട ജനങ്ങളുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ച് നിരുത്തരവാദികളുടെ വികാരങ്ങളെ പ്രീതിപ്പെടുത്തുക തുടങ്ങിയവ ഇന്നു സാധാരണമായിരിക്കുന്നു.” സാലിസ്ബാരി പ്രഭു പറഞ്ഞു, ”ഭാരതത്തില്‍ പത്രപ്രവര്‍ത്തനം നേതാക്കള്‍ക്കു സ്തുതിപാടലാണ്. നേതൃത്വ പൂജയ്ക്കു മുന്നില്‍ ദേശീയ താല്‍പര്യം ഇതിനു മുമ്പ് ഇത്രമാത്രം ഒത്തുതീര്‍പ്പിനു വിധേയമായകാലം ഉണ്ടായിട്ടില്ല. നേതൃത്വ പൂജ ഇത്രമാത്രം അന്ധമായ കാലം ഉണ്ടായിട്ടില്ല. ഇപ്പോഴും മാന്യമായ ചില വ്യത്യസ്തകള്‍ ഉണ്ടെന്നുള്ളതിലാണ് എനിക്കാശ്വാസം. പക്ഷേ, അവരുടെ ശബ്ദം കേള്‍ക്കാനേ ഇല്ല.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ