2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

ശബരിമല സ്ത്രീ പ്രവേശന൦ ഹിന്ദു സമൂഹം പുനർവിചിന്തനത്തിന് തയ്യാറാകണം.


ഹൈന്ദവസമൂഹം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് തയ്യാറാകണം : 

ആര്‍. ഹരി
ഹൈന്ദവ സമൂഹം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് തയ്യാറാക്കണമെന്ന് ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി പറഞ്ഞു. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹിന്ദു സമൂഹം പലപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ഇന്ന് കാണുന്ന പലാചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിര്‍മ്മിതമാണെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യ നിര്‍മ്മിതമായ ആചാരങ്ങളുടേയും, അനുഷ്ഠാനങ്ങളുടെയും പേരില്‍ വിശ്വാസികളായ ഹിന്ദുസമൂഹത്തിലെ സ്ത്രീ പുരുഷ ഭേദമെന്യേ ഒരാള്‍ക്കും ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല.അതിന്റെ ഏറ്റവും വലിയ മാറ്റമാണ് മുംബൈയിലെ ശനിക്ഷേത്രത്തില്‍ നടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഹിന്ദു സമൂഹം പുനര്‍വിചിന്തനത്തിന് തയ്യാറാക്കണം. ഇതിന് പുറമെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി കാണന്ന പല പല ധൂര്‍ത്തും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

കരിയും കരിമരുന്നും നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റണമെന്നും ആ പണം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനായി ചിലവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദളിത് വിഭാഗത്തെ ഹിന്ദുസമൂഹത്തില്‍നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമവും വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവരോട് ചെയ്ത അന്യായങ്ങള്‍ക്ക് ഹിന്ദുസമൂഹം പ്രായ്ശ്ചിത്തം ചെയ്യണം.

അവരെ ഉന്നത സ്ഥാനങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമം ഹിന്ദു സമൂഹത്തിന്റെ ഇടയില്‍ നിന്നും ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.സത്യവാന്‍ പ്രസംഗിച്ചു. കൊല്ലം വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്കും കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു സ്വാഗതവും, സംസ്ഥാന സമിതിയംഗവും സ്വാഗത സംഘം ചെയര്‍മാനുമായ അഡ്വ.രമേശ് കൂട്ടാല നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ