2016, മാർച്ച് 19, ശനിയാഴ്‌ച

ആധ്യാത്മജീവിതം നേരത്തെ തുടങ്ങുക

ആധ്യാത്മജീവിതം നേരത്തെ തുടങ്ങുക


ജീവിതസുഖങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞശേഷം വയസ്സുകാലത്ത്‌ ആധ്യാത്മ ജീവിതം തുടങ്ങാമെന്ന്‌ വിചാരിക്കുന്ന ഒരുപാടാളുകളുണ്ട്‌. എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്ന അവസരം ഒരിക്കലും വന്നില്ലെന്നുവരാം. കാരണം, ശക്തിയുടെ പ്രധാനഭാഗം ശാരീരികസുഖങ്ങളില്‍ ചെവഴിച്ചശേഷം, കഠിനമായ ആധ്യാത്മസാധനയ്ക്ക്‌ അധികം ശക്തിയൊന്നും, ബാക്കിയുണ്ടാവില്ല. പലരും അധ്യാത്മ ജീവിതം തുടങ്ങുന്നത്‌ വളരെ വൈകിയാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ അതില്‍നിന്ന്‌ വലിയ പ്രയോജനം ലഭിക്കാതെ പോകുന്നു. തങ്ങളുടെ ജീവിതം പാഴായിപ്പോയെന്ന്‌ പലരും മനസിലാക്കുന്നത്‌ വളരെ വൈകിയാണ്‌ എന്നാല്‍ അവരും വയസായിട്ടും തനിക്ക്‌ ചെറുപ്പമാണെന്ന്‌ പഴുതേ വിചാരിച്ച്‌ ശാരീരിക സുഖത്തിന്റെ പിന്നാലെ പായുന്ന വൃദ്ധവിഡ്ഡിയെക്കാള്‍ ഭേദമാണ്‌. പാശ്ചത്യദേശത്ത്‌ ഇത്തരം ദയനീയരായ ആളുകളെ ഒരുപാട്‌ കാണാം.
കഴിയുന്നത്ര നേരത്തെ ആധ്യാത്മിക ജീവിതം തുടങ്ങണം. നേരത്തെ തന്നെ മനസ്സില്‍ അധ്യാത്മിക ബീജം കുത്തിയിട്ടിട്ടില്ലെങ്കില്‍ പില്‍ക്കാലത്ത്‌ ആധ്യാത്മിക ഭാവം ജനിപ്പിക്കാന്‍ സാധിക്കില്ല. ബംഗാളിലെ പ്രസിദ്ധ നാടകകൃത്തും നടനുമായ ഗിരിഷ്ചന്ദ്ര ഘോഷിനോട്‌ അധികം അടുക്കുന്നതിനോട്‌ എതിരായി ശ്രീരാമകൃഷ്ണന്‍ ഒരുദിവസം നരേന്ദ്രന്‌ താക്കീത്‌ കൊടുത്തു – ഗുരുദേവന്‍: നീ ഗിരീശനെ ഇടയ്ക്കൊക്കെ കാണാറുണ്ടോ? ഉള്ളിവച്ചിരിക്കുന്ന പാത്രം എത്രയൊക്കെ കഴുകിയാലും അല്‍പം ഗന്ധം ബാക്കിനില്‍ക്കും. ഇവിടെ വരുന്ന കുട്ടികള്‍ കാമിനീ-കാഞ്ചന സ്പര്‍ശമേല്‍ക്കാത്ത ശുദ്ധാത്മാക്കളാണ്‌. കാമിനീ-കാഞ്ചനവുമായി അധികകാലം ഇടപഴകിയവര്‍ക്ക്‌ ‘ഉള്ളിയുടെ മണം’ ഉണ്ടാകും. അവര്‍ കാക്കകൊത്തിയ മാങ്ങ പോലെയാണ്‌ അത്തരം പഴം അമ്പലത്തില്‍ നിവേദിക്കാന്‍ കൊള്ളില്ല. നിങ്ങള്‍ക്കൊട്ടു തിന്നാനും തോന്നില്ല. പിന്നെ ഒരു പുതിയ മണ്‍പാത്രവുമുണ്ട്‌. തൈരുണ്ടാക്കിയ മണ്‍പാത്രവുമുണ്ട്‌ എന്നുവിചാരിക്കുക. രണ്ടാമത്തേതില്‍ പാല്‍ സൂക്ഷിക്കാന്‍ മടിക്കും. പലപ്പോഴും പാല്‍ കേടുവന്നുപോകും.
ഗിരീശന്‍ പിന്നീട്‌ ഈ സംഭാഷണത്തെപ്പറ്റി കേട്ടു. ഉള്ളിമണം പോകുമോ എന്ന്‌ അദ്ദേഹം ഗുരുവിനോട്‌ ചോദിച്ചു. പാത്രം തീയില്‍ ചൂടാക്കിയാല്‍ മണം പോകുമെന്ന്‌ ഗുരുദേവന്‍ പറഞ്ഞു.
ഒരിക്കല്‍ തന്റെ പ്രാകൃത പ്രേരണകളുടെ അടിമയായി കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടാന്‍ വളരെ വിഷമമാണ്‌. പ്രാകൃത പ്രേരണകളില്‍ നിന്ന്‌ മുക്തമാകാന്‍ മാത്രം വാര്‍ദ്ധക്യം ദീര്‍ഘമല്ല. ബോധാതീതമായ അനുഭൂതി സമ്പാദിച്ച്‌ ശോക-ബന്ധ മുക്തനാവുകയാണ്‌ നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ തന്നെ അതിലുള്ള ശ്രമം തുടങ്ങണം. ലക്ഷ്യപ്രാപ്തിക്കുമുമ്പേ മരിച്ചാലോ? 
ഗീതപറയുന്നത്‌ ഓര്‍ക്കുക.
“സ്വല്‍പമപ്യസ്യ ധര്‍മ്യസ്യ ത്രായതേ മഹതോ ഭയാത്‌” (2:40) ഈ ധര്‍മം അല്‍പമെങ്കിലും അനുഷ്ഠിച്ചാല്‍ വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു. അധ്യാത്മിക ജീവിതത്തിനായി കാര്യമായി പ്രയത്നി തങ്ങളുടെ സര്‍വസ്വവും ഈശ്വരാര്‍പ്പണം ചെയ്തവര്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. ജീവിതകാലത്ത്‌ തീവ്രമായ അധ്യാത്മ ജീവിതം നയിച്ചിട്ടുണ്ടെങ്കില്‍ മരമശേഷവും ആത്മാന്വേഷണം തുടരാവുന്ന വേറെ മണ്ഡലങ്ങളുണ്ട്‌. മരണസമയത്ത്‌ എവിടെവച്ചാണോ വിട്ടത്‌ അവിടെ നിന്ന്‌ വീണ്ടും അതേ മാര്‍ഗ്ഗത്തില്‍ തുടരുന്നു. മരണം നമ്മുടെ ചുറ്റുപാടുകളില്‍ ഒരു മാറ്റം മാത്രമുണ്ടാക്കുന്നു. എന്നാല്‍ നമ്മുടെ ബോധകേന്ദ്രമായ ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്‌. നാം എവിടെയാണെങ്കിലും അനന്തനായ ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്‌. ഈ ആശയം ഗ്രഹിച്ചാല്‍ മരണഭയം ഇല്ലാതാകും. നാം ജീവിതത്തെയോ മരണത്തെയോ കാംഷിക്കേണ്ട. പ്രാരബ്ധം അതിന്റെ വഴിയേ നടക്കട്ടെ. നമുക്ക്‌ നമ്മുടെ ഹൃദയം സദാ ഈസ്വരനില്‍ ഉറപ്പിക്കുക. നിര്‍ഭയരായി ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിനുനേരെ നടക്കാം. ഉറങ്ങുന്നതുവരെ, മരിക്കുന്നവരെ, വേദാന്ത ചിന്തയില്‍  മുഴുകുക.

1 അഭിപ്രായം: