2016, മാർച്ച് 19, ശനിയാഴ്‌ച

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും


ഭാരതമൊട്ടുക്ക്‌ ആചരിച്ചു പോന്ന ഗോസംരക്ഷയും ആരാധനയും ആചാരമെന്ന നിലയ്ക്ക്‌ ഇവിടെ പ്രസ്താവിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌. കാരണം പശു ഉത്തമ വളര്‍ത്തു മൃഗമാണ്‌. അതിന്റെ സാന്നിധ്യവും സംഭാവനയും നമുക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌, സന്തോഷകരവുമാണ്‌. ശരീരപുഷ്ടിക്ക്‌ പശുവിന്‍പാല്‍ വളരെ നല്ലതാണല്ലോ. 
പ്രകൃതിയിലുള്ള എണ്ണമറ്റ സസ്യജാലങ്ങളെ ഇടിച്ചു പിഴിഞ്ഞ്‌ നീരൂറ്റിയെടുത്ത്‌ കാച്ചിക്കുറുക്കിയാല്‍ പോലും പാലിന്റെ ഫലം ലഭിക്കുകയില്ല. ഇതേ പ്രവര്‍ത്തനമാണ്‌ പശുവിന്റെ ശരീരത്തില്‍ നടക്കുന്നത്‌. സസ്യങ്ങളുടെ സത്താണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതില്‍ അല്‍പം പോലും മാലിന്യമില്ല. ഗോമൂത്രവും അതു പോലെ തന്നെ. പഞ്ചഗവ്യം എന്ന വിഷഹാരിയായ ദ്രവ്യം ഉണ്ടാക്കുന്നതു തന്നെ പശുവില്‍ നിന്നുള്ള അഞ്ചു ഘടകങ്ങളെക്കൊണ്ടാണ്‌. അതിന്‌ വേദകാലം തൊട്ട്‌ വിധിക്കപ്പെട്ട പരിശുദ്ധിയും ഉണ്ട്‌. ഇത്‌ വൈദിക മതം. പക്ഷേ ഇന്നത്തെ വീക്ഷണത്തില്‍ പശുവിന്റെ പ്രാധാന്യം തീരെ കുറഞ്ഞു പോയിരിക്കുന്നു.
എന്നാല്‍ ശാസ്ത്രം അതിന്റെ പരമകോടിയിലെത്തി എന്ന്‌ ഉദ്ഘോഷിക്കുമ്പോള്‍ പോലും കൃത്രിമമായി പാലുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ ആദിമ വാസികളായ ആര്യന്മാര്‍ വളരെ പുരാതന കാലത്ത്‌ സ്വന്തമായി കൃഷി സ്ഥലവും വീടും സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ ആദ്യം നേരിട്ട പ്രശ്നമായിരിക്കണം നിലം ഉഴുതു മറിക്കാനുള്ള ബുദ്ധിമുട്ട്‌. ഇത്‌ പരിഹരിച്ചതാകട്ടെ കാളകളെ ഉപയോഗിച്ചു കൊണ്ടാണ്‌. അത്തരം നല്ല കാളകളെ കൃഷിക്കുപയോഗിക്കാന്‍ കിട്ടണമെങ്കില്‍ നല്ല ആരോഗ്യവതികളായ പശുക്കള്‍ ഉണ്ടായിരിക്കണം. കൂടാതെ ഏറ്റവും നല്ല ഭക്ഷണപദാര്‍ഥം എന്ന നിലയ്ക്ക്‌ പാല്‍ കറന്നെടുക്കാന്‍ കഴിയുകയും വേണം.
ഭക്ഷ്യവും കാര്‍ഷികവുമായ ഈ കാരണങ്ങള്‍ കൊണ്ടും പശുവിനോടു തോന്നുന്ന വാത്സല്യവും സ്നേഹവും അടിസ്ഥാനമാക്കിയും ചാണകത്തിന്റെ ഔഷധീയമായ ശക്തി മനസിലാക്കി കൊണ്ടും ആയിരിക്കണം ഗോവര്‍ധനം ഭാരതീയര്‍ ആരംഭിച്ചത്‌. ഇന്നും ക്ഷീരസംഭരണവും അനുബന്ധ ഉത്പന്നങ്ങളും പശുവില്‍ നിന്നാണല്ലോ ഉണ്ടാകുന്നത്‌. ആദിമ മനുഷ്യന്‍ പശുവിനെ മാത്രമല്ല തന്റെ സഹജീവികളായ ഒട്ടേറെ പക്ഷി മൃഗാദികളെ സസ്നേഹം ലാളിക്കാനും ഓമനിക്കാനും വളര്‍ത്താനും തയ്യാറായതിന്റെ ലക്ഷണങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌.
ഹൈന്ദവാചാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദേവന്മാരുടെയോ ദേവിമാരുടെയോ വാഹനങ്ങളായി സങ്കല്‍പിച്ചു പോരുന്നത്‌ വിവിധതരം മൃഗങ്ങളെയാണ്‌. സിംഹം തൊട്ട്‌ ഏറ്റവും ചെറിയ എലിയെ വരെ നാം സ്നേഹിക്കാന്‍ ശ്രമിക്കുകയും ഈശ്വരീയ സ്ഥാനത്തേക്കുയര്‍ത്തി ആരാധിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. ഇവിടെ ഹിന്ദുവിന്റെ വിശാലമായ പ്രകൃതി സ്നേഹം പ്രത്യക്ഷപ്പെടുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ