2016, മാർച്ച് 4, വെള്ളിയാഴ്‌ച

വിശ്വാസമാണ്‌ ഞാൻ വിതച്ച വിത്ത്‌.....

ഞാനും കൃഷിക്കാരൻ



ഭരദ്വാജന്‍, ധനികനായ ബ്രാഹ്മണന്‍. കൃഷിയാണ്‌ മുഖ്യതൊഴില്‍. ധനത്തി ന്റെയത്ര അഹങ്കാരവും ഭരദ്വാജന്‌ ഉണ്ടായിരുന്നു. ഒരിക്കല്‍ ശ്രീബുദ്ധന്‍ ആ ധനിക ഗൃഹത്തില്‍ ഭിക്ഷയ്ക്കെത്തി. പിശുക്കന്‌ ഭിക്ഷുവിനെ കണ്ടപ്പോഴേ കോപം ഇരച്ചു കയറി. അയാള്‍ നിയന്ത്രിക്കാനാവാതെ പറഞ്ഞു.
‘ഹും.. വന്നിരിക്കുന്നു..പോയി അദ്ധ്വാനിച്ച്‌ ജീവിക്കൂ. ഞാന്‍ കഷ്ടപ്പെട്ട്‌ പണിതും പണിയിച്ചുമാണ്‌ ഇതെല്ലാം ഉണ്ടാക്കിയത്‌.ഇത്‌ വെറുതെ തരാനുള്ളതല്ല. വിശപ്പകറ്റണമെങ്കില്‍ പോയി ഉഴുത്‌ വിതച്ച്‌ ഉണ്ണുക.’
വളരെ മൃദുവായി ബുദ്ധന്‍ അരുളി. ‘സ്നേഹിതാ..ഞാനും നന്നായി അദ്ധ്വാനിക്കുന്നുണ്ട്‌. ഞാന്‍ ഉഴുത്‌, വിതച്ച്‌, അങ്ങനെയുണ്ടാകുന്ന വിളതന്നെയാണ്‌ കഴിക്കുന്നത്‌.’
‘ങേ.. നിങ്ങളും കൃഷിക്കാരനൊ? എന്നിട്ട്‌ നിങ്ങളുടെ കാളയെവിടെ, കലപ്പ എവിടെ? വിതയ്ക്കാനുള്ള വിത്തെവിടെ?.. ‘ ധനികന്‍.
ബുദ്ധന്‍ മന്ദസ്മിതപൂര്‍വം പറഞ്ഞു. ‘വിശ്വാസമാണ്‌ ഞാന്‍ വിതച്ച വിത്ത്‌. അതിനെ പോഷിപ്പിക്കുന്ന മഴ സത്കര്‍മവും . വിവേകവും വിനയവുമാണ്‌ കലപ്പ. എന്റെ മനസ്സാണ്‌ നേര്‍വഴി നടത്തുന്ന മൂക്കുകയര്‍. എന്റെ കലപ്പയുടെ പിടി ധര്‍മം. എന്റെ ചമ്മട്ടി ആത്മാര്‍ത്ഥതയാണ്‌. എന്റെ കാളകള്‍ ഉത്സാഹം. തെറ്റുകളാകുന്ന കളകളെയാണ്‌ ഞാന്‍ ഉഴുതുമറിച്ചുകളയുന്നത്‌. ഈ കൃഷിയില്‍നിന്നും ഞാന്‍ കൊയ്തെടുക്കുന്നത്‌ നിര്‍വാണമെന്ന അമൃതഫലവും.’


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ