പ്രതിഷേധം കത്തുന്നു......!!
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കൽമണ്ഡപം തകർത്തത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രതിഷേധം ഉയരുന്നു.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിക്ഷേത്രം പണ്ടറിഞ്ഞതുപോലെ ചെറിയൊരു പ്രദേശത്തിലെ ജനങ്ങളുടെ ആരാധനാ കേന്ദ്രമല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമായിത്തന്നെ ശ്രീപത്മനാഭ സ്വാമിക്ഷേത്രം പുകള്പെറ്റുകഴിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ മഹാക്ഷേത്രം ഒരു രാജപരമ്പരയ്ക്ക് മാത്രമല്ല കോടിക്കണക്കിന് ജനങ്ങള്‍ക്കും ഒരു വികാരമാണ്. അതിന്റെമേല്‍ പലകോണുകളില്‍ നിന്നും അതിക്രമം തുടങ്ങിയിട്ട് കാലങ്ങളായി. സര്‍ക്കാരും നിരീശ്വരവാദികളുമെല്ലാം പത്മനാഭന്റ പ്രസക്തിയും പ്രാധാന്യവും ഇടിച്ചുതാഴ്ത്താനും വസ്തുവകകള്‍ തട്ടിയെടുക്കാനും സംഘടിതശ്രമം നടത്തുന്നതാണ് ചരിത്രം. നിര്‍ഭാഗ്യവശാല്‍ കോടതികള്‍ പോലും പലപ്പോഴും ശ്രീപത്മനാഭനെതിരായ കുത്സിത ശ്രമ ക്കാരുടെ കെണിയില്‍ അകപ്പെട്ടുപോയതായി ഭക്തജനങ്ങള്‍ സംശയിച്ചുപോയിട്ടുണ്ട്.
ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പഴക്കമുള്ള പൈതൃകപരമായൂം ആചാരപരമായും പ്രധാനപ്പെട്ട കല്‍മണ്ഡപം തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് ചെയ്യാന്‍ ക്ഷേത്രത്തിന്റെ പുത്തന്‍ നടത്തിപ്പുകാര്ക്കെങ്ങനെ ധൈര്യം വന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. പത്മതീര്‍ഥത്തില്‍ ആചാരപരമായി പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ കല്മണ്ഡപങ്ങളിലൊന്നു നവീകരണത്തിന്റെ പേരിലാണ് പൊളിച്ചുനീക്കിയത്. ഭക്തരുടെ പ്രതിഷേധത്തിന് ആക്കംകൂടുക മാത്രമല്ല തിരുവിതാകൂര്‍ രാജകുടുംബാംഗങ്ങള്കൂടി രംഗത്തെത്തുകയും ചെയ്തതോടെ നവീകരണം തല്ക്കാലം നിര്‍ത്തിവച്ചു എന്നത് ആശ്വാസകരമാണ്. എന്നാല്‍ അത് അന്തിമ തീരമാനമാണെന്ന് കരുതാനാവില്ല. പൊളിച്ച കല്മണ്ഡപത്തിനു സമീപം കുത്തിയിരുന്ന് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയും മകന് ആദിത്യവര്മയും സമരത്തിനിറങ്ങേണ്ടിവന്നത് മുമ്പൊരുകാലത്തുമില്ലാത്ത സംഭവമാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പു സമരം നടത്തിയ 16നു രാത്രിയാണു രഹസ്യമായി മണ്ഡപം പൊളിക്കാന്‍ ആരംഭിച്ചത്. അതിനാല്‍ സമീപത്തെ വ്യാപാരികള്‍ പോലും വിവരം അറിഞ്ഞില്ല. ജെസിബി ഉപയോഗിച്ചു കൂറ്റന്‍ കല്‍ത്തൂണുകള്‍ പൊളിച്ചിട്ടു. മറ്റ് അവശിഷ്ടങ്ങള്‍ ഈയിടെ വറ്റിച്ചു ശുദ്ധീകരിച്ച പത്മതീര്‍ഥത്തിലേക്കു തള്ളി. പിറ്റേന്ന് നിര്‍മാണ ജോലികള്‍ക്കായി വീണ്ടും തൊഴിലാളികള്‍ എത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്. നാട്ടുകാര്‍ സംഘടിച്ച് പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വിവരം അറിഞ്ഞാണ് ഗൗരി ലക്ഷ്മി ബായി മകനുമൊത്തു സ്ഥലത്തു പാഞ്ഞെത്തിയത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആര്‍ട് ആന്‍ഡ് ഹെറിറ്റേജ് കമ്മിഷന് പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണിത്. നവരാത്രി ദിവസം സരസ്വതീദേവിയുടെ ആറാട്ട് നടത്തുന്നത് ഈ കല്‍മണ്ഡപത്തിലാണ്. അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ളവയാണു പൊളിച്ച കല്മണ്ഡപമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ദേവസ്വം വകുപ്പ് അനുവദിച്ച പണം ഉപയോഗിച്ചാണു പത്മതീര്‍ഥ നവീകരണം നടത്തുന്നതെന്നു സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വെയിലും മഴയുമേല്ക്കാതെ മേല്ക്കൂരയോടുകൂടിയ നടപ്പാത നിര്‍മിക്കുന്നതിന്റെ ഭാഗമായാണു കല്‍മണ്ഡപം പൊളിച്ചതെന്നാണ് അവരുടെ ന്യായം.
ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരാണ് അത് തകര്‍ക്കാന്‍ ശ്രമിച്ചത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീര്‍ത്ഥക്കുളത്തിലെ കല്‍മണ്ഡപം എന്നത് ആചാരപരമായി മാത്രമല്ല പൗരാണിക സമ്പത്ത് എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത് ആര് പറഞ്ഞിട്ട് പൊളിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടെണ്ടതുണ്ട്. തമ്പാനൂരിലെ വെള്ളക്കെട്ട് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചൊരു പദ്ധതിയുണ്ട്. ഓപ്പറേഷന് അനന്ത എന്നാണതിന് പേരിട്ടിരിക്കുന്നത്.
ചീഫ് സെക്രട്ടറി ജിജിതോംസണ് നേരിട്ട് നിര്‍ദ്ദേശിച്ചാണ് ഈ പദ്ധതിക്ക് ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരും മുന്നിട്ടിറങ്ങിയത്. പേരുപോലെതന്നെ തമ്പാനൂരിലെ വെള്ളക്കെട്ട് തടയുകയല്ല അനന്തപത്മനാഭനെ തകര്‍ക്കുക എന്ന ലക്ഷ്യവും അതിനുപിന്നിലുണ്ടോ എന്ന് ജനങ്ങള്‍ സംശയിച്ചിരുന്നു. തമ്പാനൂരിനു പകരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമാണ് വെള്ളക്കെട്ട് നീക്കാന്‍ തുരന്നത്. ആദ്യം തന്നെ ക്ഷേത്രത്തിന് മുന്നിലെ വന്‍ ആല്‍മരം മുറിച്ചുമാറ്റി. പിന്നെ തൊട്ടടുത്തുള്ള കൂറ്റന്‍ കല്ലാനയെ നീക്കി. ഇപ്പോള്‍ കല്‍മണ്ഡപവും. ഭക്തജനങ്ങള്‍ അമര്‍ഷം മനസ്സിലൊതുക്കി ശ്രീപത്മനാഭനോട് പ്രാര്‍ത്ഥിക്കുകയാണ്.
ഇക്കൂട്ടര്‍ ഏത് നിമിഷവും ക്ഷേത്രമുറ്റത്തും തുരക്കാന്‍ ഈ നിസ്സംഗത പ്രേരണ നല്കില്ലേ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നദി ഒഴുകുമ്പോള്‍ ഒഴിഞ്ഞുമാറേണ്ട സ്ഥലത്തു നിന്ന് ഒഴിഞ്ഞൊഴുകും. തട്ടിമാറ്റാനാകുന്നതിനെ തട്ടിമാറ്റി നേരേ പോകും. അതാണ് ഇവിടെ സംഭവിക്കുന്നത്. വികസനത്തിനെന്ന പേരില്‍ തകര്‍ത്തെറിയുന്നത് ക്ഷേത്രമാകണമെന്ന ധാരണ തിരുത്തുക തന്നെ വേണം. ശ്രീപത്മനാഭനോട് എന്തുമാകാം എന്ന അവസ്ഥ മാറ്റുക തന്നെ വേണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ