2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ആനയടി ഗജമേള ഇന്ന്.കേരളത്തിലെ അതിപുരാതനമായ വൈഷ്ണവാരാധനാ കേന്ദ്രവും നരസിംഹ പ്രതിഷ്ഠയുമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ പ്രമുഖവും ആയ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആനയടി ഗജമേള ഇന്ന് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള നേര്‍ച്ച ആന എഴുന്നള്ളത്താണ് ഇവിടുത്തെ പ്രധാന വഴിപാട്.
കേരളത്തിലെ 15ല്‍ പ്പരം പ്രമുഖ ഗജശ്രേഷ്ടന്മാരോടൊപ്പം അറുപതോളം ഗജ വീരന്മാരും നൂറില്‍പ്പരം കലാകാരന്മാരും ഗജമേളയില്‍ അണിനിരക്കും 
                 കൊല്ലം ജില്ലയില്‍ ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലാണ്‌ അതിപുരാത നമായ ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം. ആനയെഴുന്നെള്ളത്തിലൂ ടെ  പ്രസിദ്ധമായ ക്ഷേത്രം. ആനയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശമായതു കൊണ്ട്‌ ആനയടി എന്ന്‌ പേരുണ്ടായതെന്ന്‌ പുരാവൃത്തം. ആനയടി ഒരുകാല ത്ത്‌ പേപ്പട്ടി വിഷ ചികിത്സയിലൂടെയും അറിയപ്പെട്ടിരുന്നു.ക്ഷേത്രത്തിന്‌ മുന്നില്‍ ആല്‍മരം. നേരെ എതിര്‍വശത്ത്‌ കല്യാണ സദ്യാലയം, മനോഹരമായ കിഴക്കേ ഗോപുരം, ഗോപുരമുകളില്‍ മഹാവിഷ്ണുവിന്റെയും കാളിയമര്‍ദ്ദനം തുടങ്ങിയ പുരാത സംബന്ധിയായ വിഗ്രഹങ്ങളും കാണാം. മുന്‍വശത്തെ വാതില്‍ കണ്ടാല്‍ പടിപ്പുരവാതില്‍പോലെ. അകത്ത്‌ വലിയ ധ്വജം. മുഖമണ്ഡപവും ബലിക്കല്‍പ്പുരയുമുണ്ട്‌. ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തി – ചതുര്‍ബാഹുക്കളോട്‌ കൂടിയ വിഷ്ണുരൂപം. കിഴക്കോട്ട്‌ ദര്‍ശനം. പ്രധാന കോവിലിന്റെ വലതുവശത്ത്‌ ശിവനും ഭുവനേശ്വരിദേവിയും വടക്കുകിഴക്കായി നാഗദൈവങ്ങളേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഗോപുരത്തിന്‌ മുന്നില്‍ കൂവളത്തറയില്‍ മാടന്റെ സ്ഥാനവുമുണ്ട്‌. രണ്ടുനേരം പൂജ, വിഷ്ണുപൂജയാണ്‌. അര്‍ച്ചനയും സ്വയംവരാര്‍ച്ചനയും തുടങ്ങി ഒട്ടേറെ വഴിപാടുകള്‍. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആനയെ എഴുന്നെള്ളിക്കുക എന്ന പ്രധാന വഴിപാടാണ്‌. മണ്ഡലകാലം ചിറപ്പുമഹോത്സവമായി ആഘോഷിച്ചുവരുന്നു. വൃശ്ചികം ഒന്നാം തീയതി നടക്കുന്ന മാടന്‍ പൂജയുണ്ട്‌. വിജയദശമിയും കര്‍ക്കിടകമാസം – രാമായണമാസമായും ആചരിച്ചുവരുന്നു.

വിഷ്ണുഭക്തരായ നെയ്തന്‍ശേരി ഭട്ടതിരിമാര്‍ ക്ഷേത്രത്തിനടുത്ത്‌ താമസിക്കുകയും മഠത്തിന്റെ ഒരുഭാഗത്തുവച്ച്‌ വിഷ്ണുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ആരാധനയുടെ ഫലമായി ഉപാസനാ വിഗ്രഹമായ ചതുര്‍ബാഹു വിഷ്ണു നരസിംഹമൂര്‍ത്തിയുടെ ഉഗ്രശക്തിയാര്‍ജ്ജിച്ചതായി കാണുകയാല്‍ പ്രശ്നവിധിപ്രകാരം മഠത്തിലെ പറമ്പിന്റെ പടിഞ്ഞാറുള്ള ഉയര്‍ന്നഭാഗത്ത്‌ ക്ഷേത്രം പണികഴിപ്പിച്ച്‌ വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട്‌ നരസിംഹമൂര്‍ത്തിയുടെ ഉഗ്രതേജസ്‌ ശാന്തമാക്കാന്‍ കിഴക്കേക്കരയിലുള്ള ഉയര്‍ന്ന പ്രദേശത്ത്‌ ശ്രീകൃഷ്ണനെ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം പഴയിടമായും ഒടുവില്‍ പണികഴിപ്പിച്ചത്‌ പുതിയിടമായും അറിയപ്പെടാന്‍ തുടങ്ങി. അതോടെ ഭക്തര്‍ക്ക്‌ വിഷ്ണുഭഗവാന്റെ ഉഗ്ര-സൗമ്യഭാവങ്ങള്‍ ദര്‍ശിക്കാനും ഇടയായി.
മകരമാസത്തിലെ തിരുവോണനാളില്‍ ആറാട്ടുവരത്തക്കവിധം പത്തുദിവസാണ്‌ ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുള്ള പറ എഴുന്നെള്ളിപ്പ്‌ വിശേഷമാണ്‌. ആന എഴുന്നള്ളത്തോടെയുള്ള പറ ഈ കരവിട്ട്‌ താമരക്കുളം, ശൂരനാട്‌, നൂറനാട്‌, തെങ്ങമം, തോട്ടുവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തും. ഏഴാം ദിവസത്തെ ഉത്സവബലിക്കും സവിശേഷതയുണ്ട്‌. ഒന്‍പതും പത്തും ദിവസങ്ങളില്‍ ആന എഴുന്നെള്ളത്ത്‌ ഉണ്ടാകും. ഒന്‍പതാം നാളില്‍ നേര്‍ച്ചയാനകളുടെ എഴുന്നെള്ളത്താണ്‌. പത്താം ദിവസം രണ്ടുമണിയോടെ നൂറുകണക്കിന്‌ ഗജവീരന്മാരെ അണിയിച്ചൊരുക്കി വഴിപാടുകാര്‍ ക്ഷേത്രത്തിലെത്തിക്കുന്നു. ഊരുചുറ്റാന്‍ പോകുന്നതിന്‌ മുന്‍പായി അമ്പലത്തിലെ മാലകെട്ടുകാര്‍ നല്‍കുന്ന ഹാരം എല്ലാ ആനകള്‍ക്കും ചാര്‍ത്തുന്ന ചടങ്ങുണ്ട്‌. ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജവീരന്മാരുടെ ഘോഷയാത്ര സംഗമം ജംഗ്ഷന്‍ വരെ പോയി തിരിച്ച്‌ വയ്യാങ്കര വഞ്ചിമുക്ക്‌ ആനയടി പേപ്പട്ടി ജംഗ്ഷന്‍ കോട്ടപ്പുറം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ ആനയടി പാലത്തിന്‌ സമീപത്തെത്തുകയും അവിടെ നിന്നും പുതിയടം ക്ഷേത്രം വഴി പഴയിടം ക്ഷേത്രത്തിലെത്തിച്ചേരും. അത്ഭുതാരവങ്ങളോടെ ആ കാഴ്ചകാണാന്‍ ക്ഷേത്രപറമ്പിലും വഴിക്ക്‌ ഇരുവശങ്ങളിലും ഭക്തജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടാകും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പാടത്ത്‌ ആനകള്‍ അണി നിരക്കുന്ന കാഴ്ച കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ എത്തിച്ചേരും. അപ്പോള്‍ വര്‍ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ചകളും വിദ്വാന്മാര്‍ ഒരുക്കുന്ന വാദ്യമേളങ്ങളും കൊണ്ട്‌ ഭക്തിനിര്‍ഭരമായ അന്തരീക്ഷം കാഴ്ചവയ്ക്കും. അന്നേരം ആനയടി ക്ഷേത്രവും പരിസരവും പൂരപ്പറമ്പുപോലെയാകും. പിന്നീട്‌ പള്ളിക്കലാറ്റില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ