2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ ദേവസ്വം ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു

ഗുരുവായൂര്‍ ദേവസ്വത്തില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ തിരിച്ചയച്ചു


ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ ദേവസ്വം ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഇന്നലെ കാലത്ത് 11 മണിക്ക് തൃശൂര്‍ വിജിലന്‍സ് സി ഐ ഷാജു, മച്ചാട് റെയ്ഞ്ച് ഓഫീസര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ദേവസ്വം ഓഫീസില്‍ എത്തിയത്. ദേവസ്വം ഗണപതികോവിലിനു സമീപത്തെ പഴയ ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളുടെ നിജസ്ഥിതി അറിയാനാണ് വിജിലന്‍സ് സംഘം എത്തിയത്.
ദേവസ്വം ഓഫീസില്‍ എത്തിയ വിജിലന്‍സ് സംഘത്തോട് പരിശോധന നടത്താനുള്ള ഉത്തരവിന്റെ കോപ്പി ദേവസ്വം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉത്തരവ് അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സ്ഥലമായതിനാല്‍ ചന്ദന ഗോഡൗണ്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെന്നും മതിയായ രേഖകളില്ലാതെ പരിശോധിക്കാന്‍ അനുവദിക്കില്ല എന്നും ദേവസ്വം അറിയിച്ചതിനെതുടര്‍ന്ന് സംഘം മടങ്ങി പോകുകയായിരുന്നു.
ദേവസ്വം സ്റ്റോക്ക് എടുത്ത് വെരിഫിക്കേഷന്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വം ഓഫീസിലെത്തിയതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. സേലത്തു നിന്നും വന്‍ തുക നല്‍കി ദേവസ്വം വാങ്ങിയ ചന്ദനം ഗുണനിലവാരം കുറവായതിനാല്‍ ഉപയോഗിക്കാതെ ദേവസ്വം ഗോഡൗണില്‍ കിടക്കുന്നതായി ഗുരുവായൂര്‍ സ്വദേശിയായ ബിജേഷ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയത്. ബിജേഷ് നേരത്തേ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരം കാണാതെ വന്നപ്പോഴാണ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
2009ല്‍ ഒമ്പതര ടണ്‍ ഗുണനിലവാരമുള്ള മറയൂര്‍ ചന്ദനമായ ഗാട്ട് ബാഡ്‌ല ഫസ്റ്റ് ക്ലാസ് അന്താരാഷ്ട്ര ഗുണനിലവാരമുള്ളത് ദേവസ്വത്തിന്റെ കൈവശമുള്ളപ്പോള്‍ ചന്ദനം ലഭ്യമല്ലെന്നും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ളത് കിട്ടുമെന്നും പറഞ്ഞ് ജാഗ് പോഗല്‍ ചന്ദനമുട്ടികള്‍ സേലത്തു നിന്ന് 55 ടണ്‍ ദേവസ്വം വാങ്ങി. എന്നാല്‍ ഇതില്‍ 35 ടണ്‍ ചന്ദനം ഉപയോഗിക്കാതെ കെട്ടികിടക്കുകയാണ്.
ബാക്കി 20 ടണ്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ച് വിവരമില്ല. ഇത് കൂടാതെ അരച്ച് കഴിഞ്ഞ ചന്ദനമുട്ടികളില്‍ വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത ചെറിയ കഷ്ണങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ലേലം ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. ഇതില്‍ രണ്ടായിരം കിലോ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ ഉപയോഗിച്ചതിനെയും വാങ്ങിച്ചതിനെയുംകുറിച്ച് വാര്‍ഷിക കണക്കെടുപ്പ് നടത്താത്തതിനാല്‍ കണക്കില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഈ ഇനത്തില്‍ ദേവസ്വത്തിന് 1 കോടി 64 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ ഓഡിറ്റ് വിഭാഗം ദേവസ്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ദ്രുത പരിശോധന നടന്നുകൊണ്ടിരിക്കെ ഗോഡൗണിലും ക്ഷേത്രത്തിലുമുള്ള സ്റ്റോക്കിന്റെയും കണക്കുകള്‍ പരിശോധിക്കാനായിട്ടാണ് വിജിലന്‍സ് സംഘം ദേവസ്വം ഓഫീസിലെത്തിയത്. അതേസമയം യാതൊരു മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ഇല്ലാതെ ദേവസ്വത്തിന് സഹായകരമാകുന്ന തരത്തില്‍ വിജിലന്‍സ് സംഘം എത്തിയത് സംശയത്തിന് ഇട നല്‍കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ