2016, ഫെബ്രുവരി 3, ബുധനാഴ്‌ച

സന്യാസിമാര്‍ക്കു നേരെയുള്ള അതിക്രമം ആത്മബോധത്തിനു നേരെയുള്ള കടന്നുകയറ്റം:


സന്യാസിമാര്‍ക്കു നേരെയുള്ള അതിക്രമം ആത്മബോധത്തിനു നേരെയുള്ള കടന്നുകയറ്റം: മാര്‍ഗദര്‍ശക് മണ്ഡല്‍തിരുവനന്തപുരം: കേരളത്തില്‍ സന്യാസിമാര്‍ക്കുനേരെയുള്ള അതിക്രമം ആത്മബോധത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന മാര്‍ഗദര്‍ശക് മണ്ഡലിന്റെ ജനറല്‍ സെക്രട്ടറിയും എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതിയുമായ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ശിവഗിരിമഠത്തിലെ സ്വാമി സുകൃതാനന്ദ, സാധ്വി സരോജിനി സരസ്വതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ഗദര്‍ശക് മണ്ഡലിന്റെ കേരളത്തിലെ അധ്യക്ഷനും കൊളത്തൂര്‍ അദൈ്വതാശ്രമാധിപനുമായ സ്വാമി ചിദാനന്ദപുരിയെ കോഴിക്കോട് കക്കട്ടിനടുത്തുള്ള അരൂരിലെ സ്‌കൂള്‍ മൈതാനത്ത് നടന്ന പ്രഭാഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തത് അപലപനീയമാണ്. വേദാന്തവിഷയത്തിന്റെ സമഗ്രമായ അവതരണവും സംശയനിവാരണവും ചേര്‍ത്ത് വസ്തുനിഷ്ഠമായി പ്രഭാഷണം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് സ്വാമിയെ ഉപദ്രവിക്കുവാന്‍ ശ്രമിച്ചത്.
പരിപാടി നടക്കുന്നതിന് നാളുകള്‍ക്കു മുമ്പുതന്നെ ഹൈന്ദവാചാര്യന്മാരായ ശ്രീശ്രീ രവിശങ്കര്‍, ബാബാരാംദേവ്, മാതാ അമൃതാനന്ദമയി തുടങ്ങിയവര്‍ക്കെതിരെയും സ്വാമിയുടെ പ്രഭാഷണപരമ്പരയ്ക്ക് എതിരേയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രദേശത്തെങ്ങും പതിച്ചിരുന്നു. 15 മിനിറ്റോളം അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണുവാനാകില്ല. ജ്ഞാനിയും വയോവൃദ്ധനുമായ പേജാവര്‍ മഠാധിപതിയെ ഭീകരന്‍ എന്ന് കൊടിയേരി ബാലകൃഷ്ണന്‍ വിളിച്ചതും അതിനുമുമ്പ് അമൃതാനന്ദമയി മഠത്തിനെതിരെയും കേരളത്തിലെ വിവിധ ആചാര്യന്മാര്‍ക്കെതിരെയുമൊക്കെ ആക്രമണം അഴിച്ചുവിട്ടതും മറക്കാറായിട്ടില്ല.
നാളിതുവരെ ഏതെങ്കിലുമൊരു ക്രൈസ്തവ മേലധ്യക്ഷനോ മുസ്ലിം പുരോഹിതനോ ഇങ്ങനെയുള്ള അപമാനം സഹിക്കേണ്ടി വന്നിട്ടില്ല. ഭാരതീയ ജീവിതത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ചാണ് ഹിന്ദു ആചാര്യന്മാര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. വൈദേശിക മതബോധത്തിന്റെ കണ്ണിലൂടെ ഇവിടുത്തെ ആചാര്യന്മാരെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണകൂടത്തിന് ദിശാബോധം നല്‍കി ദേശരക്ഷ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം പണ്ടുമുതലേ ഭാരതം ആചാര്യന്മാരില്‍ നിഷിപ്തമാക്കിയിട്ടുണ്ട്. സന്യാസിമാര്‍ ഹിന്ദുവിന്റെ ആത്മബോധത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ സന്യാസിയുടെ മേലുള്ള കടന്നുകയറ്റം ഹിന്ദുവിന്റെ ആത്മബോധത്തിനുനേരെയുള്ള കടന്നുകയറ്റമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ