2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കൽമണ്ഡപം പഴയ രീതിയിൽ പുനർനിർമ്മിക്കാൻ സാധിക്കില്ല!

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കല്‍മണ്ഡപം പഴയ രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കില്ലതിരുവനന്തപുരം: നവീകരണത്തിന്റെ പേരില്‍ പൊളിച്ച് നീക്കിയ ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം പുനര്‍നിര്‍മ്മിക്കുന്ന നടപടികള്‍ നിലയ്ക്കാന്‍ സാധ്യത. മണ്ഡപം പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം കെട്ടടങ്ങുന്നതോടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്രമേണ നിറുത്തലാക്കാനാണ് ജില്ലാ കളക്ടറുടെയും പദ്മനാഭസ്വാമിക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറുടെയും രഹസ്യ അജണ്ട.
ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് പത്മതീര്‍ത്ഥക്കരയിലെ ആല്‍മരം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കെട്ടടങ്ങിയതുപോലെ കല്‍മണ്ഡപം നീക്കം ചെയ്തതും കെട്ടടങ്ങും എന്നാണ് കണക്കുകൂട്ടല്‍.
മണ്ഡപം പുനര്‍നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മണ്ഡപം അപകടത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുളത്തിന്റെയും മണ്ഡപത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
മണ്ഡപത്തിന്റെ മുകള്‍ ഭാഗത്തെ കേടുപാടുകളെക്കുറിച്ച് പ്രത്യേകം വിശദീകരണവും നല്‍കി. ഇതില്‍ നിന്നും മണ്ഡപം നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തം. നിര്‍മ്മിതി കേന്ദ്രത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു ചക്ര വാഹനങ്ങളെപ്പോലും കടത്തിവിടാത്ത ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ മണ്ഡപം പൊളിച്ചുനീക്കാന്‍ ജെസിബി അര്‍ദ്ധരാത്രിയില്‍ എത്തിച്ചത്.
മണ്ഡപം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പുരാവസ്തുവകുപ്പും ക്ഷേത്രഭരണസമിതി അംഗംകൂടിയായ ജില്ലാ കളക്ടറും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. മണ്ഡപം മുന്‍രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ വൈദഗ്ധ്യമുള്ളവര്‍ സംസ്ഥാനത്ത് ഇല്ല എന്നാണ് പുരാവസ്തുവകുപ്പിന്റെ അഭിപ്രായം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദഗ്ദ്ധ്യമുള്ളവരെ കൊണ്ടുവരണമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
പൊളിച്ചു നീക്കുന്നതിനുമുമ്പ് പഴയമണ്ഡപത്തിന്റെ രൂപരേഖയും കൃത്യമായ അളവും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ കല്‍തൂണുകള്‍ക്ക് നമ്പറും ഇടേണ്ടതായിരുന്നു. ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മണ്ഡപം നീക്കം ചെയ്തത്. കളക്ടര്‍ നല്‍കുന്ന രൂപ രേഖ അനുസരിച്ച് മണ്ഡപം പുനര്‍നിര്‍മ്മിക്കണമെന്നാണ് പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്.
ഇത്തരത്തില്‍ മണ്ഡപം പുനര്‍നിര്‍മ്മിച്ചു കഴിയുമ്പോള്‍ പൂര്‍വ്വ സ്ഥിതിയിലുള്ള മണ്ഡപത്തില്‍ നിന്നും വ്യത്യാസം വന്നാല്‍ കുറ്റം മുഴുവന്‍ പുരാവസ്തു വകുപ്പിന്റെ ചുമതലയിലാകും.

അതിനാല്‍ മണ്ഡപം പുനര്‍നിര്‍മ്മിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പുരാവസ്തു വകുപ്പ് നീരസം അറിയിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദഗ്ദ്ധരെ കൊണ്ടുവന്ന് മണ്ഡപം പൊളിക്കാതെ തൂണുകള്‍ക്ക് ബലം കൊടുക്കാമായിരുന്നു. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ ക്ഷേത്രവും രാമേശ്വരവും ഈയിടെ പുതുക്കി പണിതിരുന്നു. ആയിരക്കണക്കിനു കൂറ്റന്‍ കല്‍തൂണുകള്‍ ഉള്ള ക്ഷേത്രമണ്ഡപങ്ങളിലെ തൂണുകള്‍ നീക്കം ചെയ്യാതെയായിരുന്നു പുനരുദ്ധാരണം നടത്തിയത്.
പുറത്ത് നിന്നുള്ള വിദഗ്ദ്ധര്‍ മണ്ഡപ പുനരുദ്ധാരണവുമായി എത്തിയാല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും ഇഞ്ചിനീയര്‍മാര്‍ക്ക് നാണക്കേടാകും എന്നതിനാലാണ് തിടുക്കത്തില്‍ മണ്ഡപം പൊളിച്ചു നീക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ