2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

സിപിഎമ്മിന്‍റെ ദളിത് പ്രേമമെന്ന മുഖംമൂടി അഴിഞ്ഞു വീണു. ഇ.എസ്.ബിജു.

സിപിഎം നിലപാട് വ്യക്തമാക്കണംഎസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ആവശ്യപ്പെട്ടു.
കോളേജില്‍ എസ്എഫ്‌ഐ അക്രമത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അവഹേളിക്കുകയും മോശമായ പോസ്റ്റര്‍ പതിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയും മാതാവും പ്രിന്‍സിപ്പലിനും പോലീസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പരാതി നല്‍കിയതിനെ മോശമായി ചിത്രീകരിക്കുകയും പരാതി പിന്‍വലിച്ചില്ലെങ്കില്‍ ക്ലാസിലും കോളേജിലും കയറ്റില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കാമ്പസുകളില്‍ നടന്നുവരുന്ന എസ്എഫ്‌ഐ അതിക്രമങ്ങളുടെ അവസാനത്തെ ഇരയാണ് ഈ വിദ്യാര്‍ത്ഥിനി. സിപിഎമ്മിന്റെ ദളിത് പ്രേമമെന്ന മുഖംമൂടിയാണ് ഈ സംഭവത്തിലൂടെ അഴിഞ്ഞുവീഴുന്നത്.
ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള എസ്എഫ്‌ഐ നേതാക്കളെ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ആസൂത്രിത നീക്കം നടത്തുകയാണ് സിപിഎം നേതൃത്വം.

ഹൈദരാബാദ് സംഭവത്തിന്റെ പേരില്‍ തെരുവിലിറങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തൃപ്പൂണിത്തുറ ദളിത് വിദ്യാര്‍ത്ഥിനി പീഡനസംഭവത്തില്‍ കുറ്റക്കരമായ മൗനമാണ് ദീക്ഷിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതി/വര്‍ഗ്ഗ സമൂഹത്തിനെതിരെയും സ്ത്രീസമൂഹത്തിനെതിരെയുമുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ഇടതു-വലത് മുന്നണികള്‍ മൗനം വെടിയണമെന്ന് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ