2016, ഫെബ്രുവരി 10, ബുധനാഴ്‌ച

എസ്എഫ്‌ഐയുടെ പീഡനം,ദളിത്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു...!
എസ്എഫ്‌ഐ നേതാക്കളുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ബിഎ മോഹിനിയാട്ടം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. എസ്എഫ്‌ഐ-വിദ്യാര്‍ത്ഥി സംഘട്ടനത്തെ തുടര്‍ന്ന് കോളെജ് അടച്ചു.
അത്യാസന്ന നിലയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണത്തിലാണ്. അമിതയളവില്‍ ഗുളിക കഴിച്ചത് കരളിനെ ബാധിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാലാ സ്വദേശിനി ആത്മഹത്യാക്കുറിപ്പും എഴുതിവച്ചിരുന്നു. കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അടക്കമുള്ള എസ്എഫ്‌ഐ നേതാക്കളുടെ പേരുകളും പെണ്‍കുട്ടിയ്ക്ക് ഏല്‍ക്കേണ്ടിവന്ന മാനസികപീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളും കത്തിലുണ്ട്.
മാസങ്ങള്‍ മുമ്പ് കോളേജില്‍ ഉണ്ടായ ഒരു സംഘട്ടനത്തിന് ദൃക്‌സാക്ഷിയായതോടെയാണ് പെണ്‍കുട്ടിക്കെതിരെ എസ്എഫ്‌ഐ നേതാക്കള്‍ തിരിഞ്ഞത്. സംഘട്ടനത്തെ സംബന്ധിച്ച് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കോളേജ് പ്രിന്‍സിപ്പലിന് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണിയും മാനസികപീഡനവും നിരന്തരം ഏല്‍ക്കേണ്ടിവന്നു. എസ്എഫ്‌ഐ നേതാവ് കിരണ്‍രാജ് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ചും പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന എസ്എഫ്‌ഐ സംഘം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരെ അപവാദങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ഇത് സംബന്ധിച്ച പരാതിയില്‍ ഹോസ്റ്റല്‍ അധികൃതരോ കോളേജ് പ്രിന്‍സിപ്പലോ നടപടി സ്വീകരിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ കോളേജില്‍ നിറഞ്ഞതോടെ വിവാഹവും മുടങ്ങി. ഇതേത്തുടര്‍ന്ന് എസ്എഫ്‌ഐ നേതാക്കളുടെ മാനസികപീഡനത്തെ സംബന്ധിച്ച് പെണ്‍കുട്ടി കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി.
എന്നാല്‍, പ്രിന്‍സിപ്പലും ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ചില അധ്യാപകരും ചേര്‍ന്ന് എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയായ പെണ്‍കുട്ടിയോട് തട്ടിക്കയറുകയും ചെയ്തു. ഇതോടെ കടുത്ത മാനസികസംഘര്‍ഷത്തിലായ പെണ്‍കുട്ടി ഫെബ്രുവരി എട്ടിന്, തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. രാത്രിതന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും അവിടെനിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് അത്യാസന്ന നിലയിലായ പെണ്‍കുട്ടിയെ ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോളേജില്‍ എസ്എഫ്‌ഐക്കാരുടെ നിരന്തര ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി സഹപാഠികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മുറിയില്‍നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ കിരണ്‍രാജ്, മനു, അരുണ്‍, ജിത്തു തങ്കപ്പന്‍ എന്നിവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ആറ് എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ