2016, ജനുവരി 12, ചൊവ്വാഴ്ച

ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി നിരീക്ഷണവും വീഴ്ച പറ്റിയത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും

മത വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി അന്തിമ വാക്കായി മാറുന്നത് ഉചിതമായ കാര്യമല്ല. 


ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി നിരീക്ഷണവും വീഴ്ച പറ്റിയത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും .1. ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമോ ?
ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷിദ്ധമല്ല. പക്ഷെ സ്ത്രീകള്‍ക്ക് പ്രായപരിധി നിശ്ചയിക്കപെട്ടിട്ടുണ്ട്.
2. എന്താണ് അതിന്‍റെ അടിസ്ഥാനം ? 

ശബരിമല തീര്‍ത്ഥാടനം നടത്തേണ്ടത് മണ്ഡലകാലം (41ദിവസം) കഠിനവ്രതം എടുത്തതിനു ശേഷമാണ്. സാധാരണഗതിയില്‍ സ്ത്രീകള്‍ക്ക് ഒരു മണ്ഡലകാലം മുറിയാതെ വ്രതം സ്വീകരിക്കുവാന്‍ പ്രയാസമുണ്ട്. അതിനിടയില്‍ ഋതുവാകുവാന്‍ ഇടയുണ്ട് .

പൊതുവേ വ്രതകാലത്തും ക്ഷേത്രത്തിലും വര്‍ജ്ജിക്കേണ്ട അശുദ്ധികളുടെ കൂട്ടത്തില്‍ പറയപ്പെട്ടതാണ് 'രക്ത സ്പര്‍ശം' . (" രക്തസ്പര്‍ശോ ശവസ്പര്‍ശ രേതസ്പര്‍ശ സ്തഥൈവ ച") ശവസ്പര്‍ശം , രേതസ്സിന്‍റെ സ്പര്‍ശം ഇവയും വര്‍ജ്ജിക്കേണ്ടത് തന്നെ.

ഏതു തരത്തില്‍ പെട്ടതാണെങ്കിലും ഏതു ജീവിയുടെയാണെങ്കിലും രക്തം,ശവം,ശുക്ലം തുടങ്ങിയവയുടെ സ്പർശനം അശുദ്ധി തന്നെയാണ്.

3. ശബരിമല തീർത്ഥാടനം പഴയ കാലത്ത് പൂർണ്ണമായും കാൽനടയായും കല്ലും മുള്ളും കാടും മലയും താണ്ടി തന്നെയായിരുന്നു. 

ശരീരക്ലേശം കൊണ്ട് ക്രമം തെറ്റിയും ഋതുവാകുവാനുമുള്ള സാധ്യതകൾ ഉണ്ട്. അപ്രതീക്ഷിതമായി വ്രത ഭംഗം ഉണ്ടാവുന്നത് സ്ത്രീകൾക്കും മാനസിക പ്രയാസം ഉണ്ടാക്കും .

4. പിന്നെ ഒരു വിശ്വാസം പറയുന്നത് ശബരിമല ധർമ്മശാസ്താവ് നിത്യ നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പത്തിലാണ് ആരാധിക്കപ്പെടുന്നത് . സാധാരണ നൈഷ്ഠിക ബ്രഹ്മചാരികൾക്കു ധർമാചാര്യന്മാർ വിധിക്കുന്ന നിഷ്ഠ ദേവനും ബാധകമായി തീരുന്നുണ്ട്. ( അത് കൊണ്ട് തന്നെയാണ് തീര്‍ത്ഥാടകര്‍ക്ക് കഠിന വ്രതം നിശ്ചയിക്കപ്പെട്ടതും)

നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കുന്ന ഏതൊരു വ്യക്തിക്കും എതിര്‍ലിംഗത്തില്‍പെടുന്ന വ്യക്തിയുമായി ഇടപഴകുന്നതിനു ധര്‍മ്മശാസ്ത്രങ്ങള്‍ നിയന്ത്രണം വിധിച്ചിട്ടുണ്ട്.

കോടതിയുടെ പരാമര്‍ശം
മത വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി അന്തിമ വാക്കായി മാറുന്നത് ഉചിതമായ കാര്യമല്ല. 

ധർമാചരണപദ്ധതിയിൽ കൈകടത്തുമ്പോഴുള്ള കരുതലും പാകതയും ബഹു.സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറയാന്‍ ആകില്ല.

കാലാനുസൃതമായി നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായതാണ് ഹിന്ദു ധര്‍മ്മം.

അതിലൊക്കെ തീരുമാനം ഉണ്ടാക്കി നടപ്പിലാക്കിയത് ഇവിടുത്തെ ആചാര്യ സമൂഹമാണ്.
ഈ വിഷയത്തിലും ആചാര്യന്മാരുടെ അഭിപ്രായം മാനിക്കുന്നതാണ് പ്രായോഗികവും ധാര്‍മ്മികവുമായ രീതി. " ആചാര്യ സമയ പ്രമാണം വേദാശ്ച " എന്നത് ആചാര വിഷയങ്ങളില്‍ ആചാര്യന്മാരുടെ അഭിപ്രായം പ്രമാണമാണെന്ന സൂചനയാണ്.
അത് കൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ധര്‍മ്മ ആചാര്യന്മാരുടെ സഭ വിളിച്ചു കൂട്ടി അവര്‍ എടുക്കുന്ന തീരുമാനം എന്തായാലും കോടതിയെ ബോധ്യപ്പെടുത്തെണ്ടതാണ്.

കോടതി നിരീക്ഷിച്ചത് പോലെ ശബരിമല അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങള്‍, പൊതുസ്ഥാപനങ്ങളല്ല. അവ ഹിന്ദു സമൂഹത്തിലെ പ്രത്യേക "Religious Denomination"ന്‍റെ സര്‍വ്വസ്വമാണ്.

ക്ഷേത്ര വിശ്വാസികള്‍ അടങ്ങുന്നതാണ് ആ Religious denomination .
ഹിന്ദുക്കളുടെ ഇടയിൽ തന്നെയുള്ള ക്ഷേത്ര വിശ്വാസികളല്ലാത്ത ഇതര വിഭാഗങ്ങൾ പോലും ഇക്കാര്യങ്ങളിൽ ഇടപെടാൻ പാടില്ലാത്തതാകുന്നു. ഈ Religious denominationന്റെ പ്രതിനിധി ചമഞ്ഞ് സർക്കാർ കയ്യടക്കി വച്ചിരിക്കുന്നത് മോചിപ്പിച്ച് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുകയാണ് കോടതി ചെയ്യേണ്ടത്.
കുറിപ്പ് : സ്ത്രീകള്‍ രജസ്വലകളാകുന്ന പ്രക്രിയയെ വളരെ ഉദാത്തമായാണ് ധർമശാസ്ത്രങ്ങൾ നോക്കിക്കാണുന്നത്. സ്ത്രീകള്‍ മൂലതഃ പവിത്രകളാണ് എന്തെന്നാല്‍ - "സ്ത്രിയഃ പവിത്രമതുലം 
നൈതാ ദുഷ്യന്തി കർഹിചിത്
മാസി മാസി രജോ യാസാം 
ദുഷ്കൃതാന്യപകർഷതി."
ഒാരോ മാസവും രജസ്വലകളാകുന്നതുകൊണ്ട് എല്ലാ ദുഷ്കൃതങ്ങളെയും നീക്കി പവിത്രകളായി മാറുന്ന അവര്‍ ഒരിക്കലും ദോഷയുക്തകളാകുന്നില്ല എന്നാണ് ഈ സ്മൃത്യംശത്തിൻെറ സാരം.

-- ഭാർഗ്ഗവറാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ