2016, ജനുവരി 12, ചൊവ്വാഴ്ച

ഒരു കാഷായത്തുണിയും ചുറ്റി ലോകം ജയിച്ചു വന്ന മഹാപുരുഷന്‍ ..! ആശ നശിച്ച് ധര്‍മത്തില്‍നിന്നും ഭ്രംശിച്ച ഹിന്ദു മനസ്സിന് സഞ്ജീവിനിയായിട്ടാണ് അദ്ദേഹം ആവിര്‍ഭവിച്ചത്. ശ്രീ സ്വാമിജി ആത്മവിശ്വാസമരുളി പാരമ്പര്യ പ്രതിഷ്ഠയും കുറെ കൈവരുത്തി


ഇന്ന് വിവേകാനന്ദ ജയന്തി 

.  
ശ്രീരാമകൃഷ്ണ ദേവന്റെ പ്രഭാവത്താല്‍ ലോകോപകാര പ്രവൃത്തികള്‍ ക്കു വേണ്ടി തന്റെ ഹ്രസ്വമായ മഹദ്ജീവിതം സമ്പൂര്‍ണ സമര്‍പ്പണം ചെയ്ത ധീരോദാത്തന്‍, ആധുനിക ഭാരതത്തിന്റെ ഉദ്ധാരകന്‍, മാനവ മഹത്വത്തെ സാക്ഷാത്കരിച്ച വിശ്വപ്രേമി, മന്ത്രങ്ങളെ മുദ്രാവാക്യങ്ങളാക്കിയ മഹാന്‍, എന്തിന് ചൈനയുടെ ഭാരതാക്രമണം പോലും ദീര്‍ഘദര്‍ശനം ചെയ്ത ക്രാന്തദര്‍ശി-ഈ നിലകളിലാണ് സ്വാമി വിവേകാനന്ദന്‍ അറിയപ്പെടുന്നത്. ജീവിതപ്രശ്‌നങ്ങളെ നവീന രീതിയില്‍ സമീപിക്കുകയും ലോകത്തെ വിശിഷ്യാ ഭാരതത്തെ പ്രബുദ്ധമാക്കിയ വീരേശ്വരാവതാരമായ വിവേകാനന്ദ സ്വാമികള്‍ നവയുഗത്തിന്റെ ആചാര്യനും ഉദ്ഘാടകനുമാണ്.
ഭാരതത്തിലെന്നല്ല ലോകജീവിതത്തിന്റെ വിവിധ രംഗങ്ങളിലെ പ്രഗത്ഭര്‍ വിവേകാനന്ദനെക്കുറിച്ച് അവരുടെ വീക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. സ്വാമിജിയെ ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ചത് അദ്ദേഹത്തിന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണപരമഹംസന്റെ മഹിമയാണ്. അദ്ദേഹം സ്വാമിജിയെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. ”ഒരു ദിവസം സമാധിയിലാണ്ടിരിക്കുമ്പോള്‍ ദൈവിക പ്രകാശം ഒളിമിന്നുന്ന ശരീരത്തോടുകൂടിയുള്ള ഏഴ് ഋഷിമാരെ ഞാന്‍ കണ്ടു. അതിലൊരു ഋഷി പെട്ടെന്ന് ദിവ്യമായ മുഖത്തോടുകൂടിയ ഒരു കുട്ടിയായി മാറി. ആദ്യമായി ഞാന്‍ നരേന്ദ്രനെ കണ്ടപ്പോള്‍ മനസ്സിലാക്കി അവന്‍ ആ ഋഷിയാണെന്ന്.” പിന്നീട് ശ്രീരാമകൃഷ്ണന്‍ സ്വാമിജിയെ ആദ്യമായി കണ്ട അവസരത്തില്‍ പറഞ്ഞു ”നിന്റെ യഥാര്‍ത്ഥ ചൈതന്യം ഞാന്‍ മനസ്സിലാക്കുന്നു. നീ നരേന്ദ്രനല്ല, നാരായണനെന്ന ഋഷിയുടെ ഒരു ഭാഗമായ നരനെന്ന ഋഷിയാണ്. മനുഷ്യരെ അവരുടെ കഷ്ടപ്പാടുകളില്‍നിന്നും ദുഃഖത്തില്‍നിന്നും രക്ഷിക്കാനായി ഭൂമിയില്‍ അവതരിച്ചവനാണ് നീ.”
സ്വാമികള്‍ പ്രസിദ്ധനാകുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ശ്രീരാമകൃഷ്ണ ദേവന്‍ നരേന്ദ്രന്‍ എന്ന ബാലനെ, അക്കാലത്തെ ബംഗാളിലെ പ്രസിദ്ധ വാഗ്മിയും ബ്രഹ്മസമാജ നേതാക്കളിലൊരാളുമായ കേശവചന്ദ്ര സെന്നുമായി തുലനം ചെയ്ത് ഇങ്ങനെ പറയുകയുണ്ടായി. ”കേശവന്‍ പത്തിതളുകളുള്ള താമരയാണെങ്കില്‍ എന്റെ നരേന്ദ്രന്‍ ആയിരം ഇതളുകളുള്ള താമരയാണ്. കേശവന്‍ മെഴുകുതിരിയാണെങ്കില്‍ നരേന്ദ്രന്‍ കത്തിജ്വലിക്കുന്ന സൂര്യനാണ്. കേശവന്‍ ചെറു കിണറാണെങ്കില്‍ നരേന്ദ്രന്‍ ഹര്‍ദാല്‍പൂക്കുറിനെപ്പോലെയുള്ള ഒരു പുഴയാണ്.”
സ്വാതന്ത്ര്യത്തിന് ദശകങ്ങള്‍ക്ക് മുമ്പ് അടിമത്വത്തെ അമൃതായി കരുതി നുകരാന്‍ മോഹിച്ച ഒരു ജനതയാണ് ഭാരതത്തിലുണ്ടായിരുന്നത്. അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തങ്കക്കിരണങ്ങള്‍ തങ്ങളില്‍ പതിക്കണമെന്നുള്ള ദാഹം നമ്മുടെ ജനതയില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായെങ്കില്‍ അതിന് മുഖ്യകാരണം വിവേകാനന്ദ സന്ദേശങ്ങളാണ്. രാഷ്ട്രപിതാവ് മഹാത്മജി വിവേകാനന്ദനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ വളരെ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. അതിനുശേഷം മാതൃരാജ്യത്തോടുള്ള എന്റെ സ്‌നേഹം ആയിരം ഇരട്ടിയായി വര്‍ധിച്ചു. അതുകൊണ്ട് യുവജനങ്ങളെ ഞാന്‍ പറയുന്നു.
സ്വാമി വിവേകാനന്ദന്‍ എന്തിനുവേണ്ടിയാണോ ജനിച്ചതും ജീവിച്ചതും, ആ സന്ദേശങ്ങളില്‍ ചിലതെങ്കിലും ഉള്‍ക്കൊള്ളാതെ നിങ്ങള്‍ വെറും കൈയോടെ മടങ്ങിപ്പോവരുത്.” ഭാരത സ്വാതന്ത്ര്യ സമരത്തില്‍ വിവേകാനന്ദന്റെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് നവഭാരതശില്‍പ്പിയായ നെഹ്‌റു പറയുന്നു: ”സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ വലിയൊരു വിഭാഗം ആവേശപൂര്‍വം പങ്കെടുക്കാനുണ്ടായ മുഖ്യ കാരണം അവര്‍ക്ക് സ്വാമി വിവേകാനന്ദനില്‍നിന്നും ലഭിച്ച പ്രചോദനമാണ്.”


കടപ്പാട്  ജന്മഭൂമി:


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ