2016, ജനുവരി 15, വെള്ളിയാഴ്‌ച

ശബരിമല ദര്‍ശനവും സ്ത്രീകളും

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്


വ്രതാനുഷ്ഠാനത്തിനും ആത്മസംസ്‌കരണത്തിനും പ്രാധാന്യമേറിയ ശബരിമല ദര്‍ശനത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഏറെ ചിന്തോദ്ദീപകവും അതേ സമയം ദശലക്ഷക്കണക്കായ അയ്യപ്പഭക്തരില്‍ ആശങ്ക ഉണര്‍ത്തുന്നതുമാണ്. സ്ത്രീകളുടെ ക്ഷേത്രദര്‍ശനം സംബന്ധിച്ച സുപ്രിംകോടതിയുടെ വാദഗതികള്‍ പ്രധാനമായും ശരണമന്ത്രങ്ങളുരുവിട്ട് മലചവുട്ടുന്ന എതൊരു അയ്യപ്പഭക്തനെയും എന്നതുപോലെ ശബരിമലയുടെ പ്രത്യേകതയും പവിത്രതയും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ചോദ്യം ഉയര്‍ത്തുന്നത്. ഇതരക്ഷേത്രങ്ങളില്‍നിന്നും തികച്ചും ഭിന്നമായ ആചാരനുഷ്ഠാനങ്ങളുള്ള അയ്യപ്പതിരുസന്നിധി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി യും  അവിടെ എത്താനുളള ദുര്‍ഘടങ്ങളും ആരെയും ചിന്തിപ്പിക്കുന്നതാണ്.ഇതു സംബന്ധിച്ച് ഉയര്‍ന്ന ചില ആശങ്കകള്‍ പങ്കുവയ്ക്കട്ടെ:
30 ദശലക്ഷത്തോളം ഭക്തര്‍ വന്നുപോകുന്ന ശബരിമലയില്‍ തിക്കിലും തിരക്കിലും മണിക്കൂറുകള്‍ ക്യൂനിന്ന് ഈ തീര്‍ഥാടനത്തിരക്കിലേക്ക് സ്ത്രീകളെക്കൂടി കടത്തിവിട്ടാലുണ്ടാകുന്ന ദുരിതവും പ്രതിസന്ധിയും അനവധിയാണ്.
ശബരിമല ശ്രീ അയ്യപ്പസ്വാമി കലിയുഗവരദനും അതേസമയം ബ്രഹ്മമചാരിയുമാണെന്നാണ് ഐതിഹ്യം. സ്ത്രീകള്‍ അയ്യപ്പസ്വാമിയെ തൊഴാന്‍ എത്തുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തിയതും ഈ വിശ്വാസ-ആചാരധാരയുമായി ബന്ധപ്പെട്ടാണ്. മറ്റ് ക്ഷേത്രങ്ങള്‍ക്കൊന്നും ഇല്ലാത്ത ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ശബരിമലയ്ക്കുണ്ട്. കല്ലും മുള്ളും കാടും മേടും താണ്ടി ക്‌ളേശഭിരതമായ യാത്രയിലൂടെയെ ആ സവിധത്തിലെത്താനാവൂ. ഇത്തരത്തിലുളള കഠിനകരമായ യാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുരക്ഷിതമല്ലെന്നുമുള്ള കാഴ്ച്ചപ്പാട് ത്രികാലജ്ഞാനികളായ ഋഷിവര്യന്‍മാരെ ഇത്തരത്തിലുളള നിയന്ത്രണത്തിന് പ്രേരിപ്പിച്ചിരിക്കാം.
സുപ്രീംകോടതിയില്‍ സ്ത്രീകളുടെ ശബരിമല ദര്‍ശനത്തിനായുളള ഹര്‍ജി നല്‍കിയത് ഇടതുപക്ഷാനുഭാവമുളള സംഘടനകളാണ്. ഇടതുഭരണ സമയത്താണ് ഈ നീക്കം ആരംഭിച്ചതും. ഈശ്വരവിശ്വാസമില്ലാത്തെ ഇക്കൂട്ടര്‍ക്ക് ശബരിമലയോടും ക്ഷേത്രങ്ങളോടും താല്‍പര്യം ജനിച്ചത് ദുരൂഹമാണ്. ഇവര്‍ക്ക് ആരാധാനാലയത്തിലെ മൗലികാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍പോലും അര്‍ഹതയില്ല.ശബരിമലയിലെ നിലവിലുളള ആചാരനുഷ്ഠാനങ്ങളെ തിരുത്തി എത്ര സ്ത്രീകള്‍ക്ക്് അവിടെ ദര്‍ശനം നടത്താനാഗ്രഹമുണ്ടെന്ന് അവര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ ഈ ആവശ്യം ആരുടെതെന്ന് വ്യക്തമാകും.
മത്സ്യമാംസാദികള്‍ വെടിഞ്ഞ് പൂര്‍ണ ആത്മനിയന്ത്രണത്തോടെ സംന്യാസിതുല്യ ദിനചര്യയിലൂടെ സന്നിധാനത്തിന് എത്തുന്നവര്‍ ലൗകിക ചിന്തകള്‍ ഉണര്‍ത്താതിരിക്കാനുളള സാഹചര്യമാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. അത് തുടരുകയും വേണം.
ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഒരു ലബോറട്ടറി പരീക്ഷണത്തിലൂടെ അടുത്തറിയാന്‍ സാധിക്കില്ല. അതിന് ശ്രമിക്കുന്നത് ശരിയല്ല. അത്തരം വിശ്വാസങ്ങളെ ലൗകിക യുക്തിയുടെ സൂഷ്മദര്‍ശിനിയിലൂടെ അപഗ്രഥിക്കുന്നത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകും.
ഭാരതീയ ആചാരനുഷ്ഠാനങ്ങളില്‍ സ്ത്രീകളുടെ അശുദ്ധിയെന്നത് കാലാകാലങ്ങളായി ആചരിച്ചുപോരുന്ന ഒന്നാണ്. അത് വിശ്വാസങ്ങളുമായും ശാസ്ത്രീയതയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. എല്ലാ മതങ്ങളിലും ഇത്തരത്തിലുളള ആചാരങ്ങളുണ്ട്. െ്രെകസ്തവ-മുസ്ലിം വിഭാഗങ്ങളിലും ഇത്തരത്തിലുളള ചില സ്വയംനിയന്ത്രണ ചട്ടങ്ങള്‍ നിലവിലുളളതായി കാണാം.
സ്‌നാനം ജീവിതത്തില്‍ അനുപേക്ഷണിയമാണ്. എന്നാല്‍ കുളിക്കാതെ ജീവിക്കാനും അവകാശമുണ്ട്. എന്നാല്‍ കുളിക്കാതെ പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോ എന്ന് ചികഞ്ഞുനോക്കേണ്ടതില്ല.
ഇഷ്ടമുളള വസ്ത്രം ധരിക്കാമെന്നുളളത് മൗലികാവകാശമാണ്. യൂണിഫോം ധരിക്കാതെ വന്നതിന് സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്കും ഇതേ സംരക്ഷണം ലഭിക്കൂമോ? ഒരു വിശ്വാസപരമ്പരയില്‍ കണ്ണി ചേര്‍ന്നിരിക്കുന്നവര്‍ ആ നിയമങ്ങള്‍ പാലിക്കണം. അതിന് സാധിക്കാത്തവര്‍ അതില്‍ നിന്നും സ്വയം പുറത്തുപോകണം.
വനിതകളുടെ അവകാശങ്ങള്‍ക്കായി വനിതാ കമ്മീഷനും കുട്ടികളെ സംബന്ധിച്ചുളള വ്യവഹാരങ്ങള്‍ക്കായി ജൂവൈനൈല്‍ ജസ്റ്റിസുമുണ്ട്. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് തര്‍ക്കം തീര്‍ക്കേണ്ടത് തന്ത്രശാസ്ത്ര നിപുണനായ ഒരു നിയമവിദഗ്ധന്റെ മേല്‍നോട്ടത്തിലായിരിക്കണം.
സ്ത്രീകളുടെ ഋതുകാലം എന്നത് ആയുര്‍വേദത്തിലടക്കം വിശ്രമവും പൊതുഇടങ്ങളില്‍നിന്നും അകന്നുകഴിയുന്നതും നിഷ്‌ക്കര്‍ഷിച്ചിട്ടുളളതാണ്. ഹൈന്ദവ വിശ്വാസി സമൂഹത്തില്‍ വൈകാരികമായി വേരുറച്ച ഒന്നാണ് ഇത്. ഈ കാലത്ത് സ്ത്രീകളുടെ ശരീരത്തിലുണ്ടാക്കുന്ന രാസമാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും മൂലം സുഖകരമല്ലാത്ത മാനസിക ശാരീക അവസ്ഥയുണ്ടാകുന്നുവെന്നത് സുവിദിതമാണ്. ഇത്തരമൊരു അവസ്ഥയില്‍ തീര്‍ഥാടനം സാധ്യമാണോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ