2016, ജനുവരി 5, ചൊവ്വാഴ്ച

ഹിന്ദു ഐക്യം എന്ന ആശയത്തിന് രൂപവും ഭാവവും നല്‍കിയ മഹാത്മാവാണ് മന്നത്തുപത്മനാഭന്‍. ഒരു പൈതൃകം പേറുകയും ഒരു ധര്‍മ്മസംഹിതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഹിന്ദുക്കളെല്ലാം സഹോദരന്മാരായി കഴിഞ്ഞുകൂടണമെന്നും പരസ്പരം സഹായിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മന്നവും ശങ്കറും ഹിന്ദു ഐക്യവുംഎം.പി. അപ്പു
ഹിന്ദു ഐക്യം എന്ന ആശയത്തിന് രൂപവും ഭാവവും നല്‍കിയ മഹാത്മാവാണ് മന്നത്തുപത്മനാഭന്‍. ഒരു പൈതൃകം പേറുകയും ഒരു ധര്‍മ്മസംഹിതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഹിന്ദുക്കളെല്ലാം സഹോദരന്മാരായി കഴിഞ്ഞുകൂടണമെന്നും പരസ്പരം സഹായിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ ഏറിയകൂറും നീക്കിവച്ചത് താന്‍ ജനിച്ച സമുദായത്തിനുവേണ്ടിയായിരുന്നുവെങ്കിലും സഹോദരസമുദായങ്ങളോടും അദ്ദേഹത്തിന് സ്‌നേഹഭാവമാണുണ്ടായിരുന്നത്. ഹിന്ദുമതത്തിന് ഒരുമിച്ചല്ലാതെ അതിലെ ഏതെങ്കിലും ഒരു സമുദായത്തിനുമാത്രമായി പുരോഗമിക്കുവാന്‍ എളുപ്പമല്ല” എന്ന് മന്നം പറയാറുണ്ടായിരുന്നു. “നായര്‍ സമുദായത്തിന്റെ ആരോഗ്യവും ക്ഷേമവും ഹിന്ദുസമൂഹത്തിന്റെ ആരോഗ്യത്തേയും ക്ഷേമത്തേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ഹിന്ദുസമൂഹമാകുന്ന മഹാവൃക്ഷത്തിന്റെ ഒരുശാഖമാത്രമാണ് നായര്‍ സമുദായം. അതുകൊണ്ട് ഹിന്ദുസമൂഹത്തിന് ആരോഗ്യമുണ്ടെങ്കിലേ നായര്‍ സമുദായത്തിനും അതുണ്ടാകൂ എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. (മന്നത്തുപത്മനാഭന്‍ കര്‍മ്മയോഗിയായ കുലപതി പേജ്-140) “എന്നോട് ബന്ധമുള്ളതും സാമീപ്യമുള്ളതുമായതുകൊണ്ടാണ് നായര്‍സമുദായത്തെ താന്‍ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്””എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലും മന്നം സഹോദരസമുദായങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനയില്‍ നായന്മാരല്ലാത്തവര്‍ക്കും പ്രവേശനം കൊടുക്കുവാനുള്ള അവസരം അദ്ദേഹം എഴുതിച്ചേര്‍ത്തു. “കരയോഗത്തിന്റെ അഭ്യുദയകാംക്ഷികളായ മറ്റ് ഹിന്ദുക്കളേയും കരയോഗത്തില്‍ ചേര്‍ക്കാവുന്നതാണ്. (കരയോഗ നിബന്ധന-ഇ).
അക്കാലത്ത് ഈഴവരുടേയും പുലയരുടേയും പറയരുടേയും ധീവരരുടേയുമൊക്കെ യോഗങ്ങളില്‍ ക്ഷണിച്ചുകൊണ്ടുപോയി മന്നത്തിനെ പ്രസംഗിപ്പിക്കാറുണ്ടായിരുന്നു. നമ്പൂതിരിമാരുടെ സമ്മേളനത്തില്‍ ഇങ്ങനെപോയി പ്രസംഗിക്കാറുള്ള ഏക അബ്രാഹ്മണന്‍ മന്നം മാത്രമായിരുന്നു. 1931 ഏപ്രില്‍ 10-ന് ആലപ്പുഴയില്‍ എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ അദ്ധ്യക്ഷനാകുവാന്‍ ക്ഷണിച്ചതും മന്നത്തെയായിരുന്നു. പുലയനെ കണ്ടാല്‍പോലും അയിത്തമുള്ള കാലത്ത് അയ്യങ്കാളിയുടെ പിറന്നാളുകള്‍ക്ക് വെങ്ങാന്നൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍പോയി സദ്യ ഉണ്ണുവാനുള്ള ധൈര്യവും മന്നത്തിനുണ്ടായിരുന്നു. കല്ലുമാല വലിച്ചെറിഞ്ഞ് മാറുമറയ്ക്കുവാനുള്ള അവകാശത്തിനുവേണ്ടി 1915 ഡിസംബര്‍ 15-ന് കൊല്ലം റയില്‍വേസ്റ്റേഷനില്‍കൂടിയ അവര്‍ണ്ണയോഗത്തില്‍ എന്‍എസ്എസിന്റെ പ്രസിഡന്റ് പങ്കെടുത്തു. അവര്‍ക്കുധരിക്കുവാനുള്ള മേല്‍വസ്ത്രം എടുത്തുകൊടുക്കുകയും ചെയ്തു.
അവര്‍ണ്ണരുടെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാകേണ്ടത് സവര്‍ണ്ണരുടെ ബാദ്ധ്യതയാണ്. ഉയര്‍ന്ന ജാതിക്കാരായി കരുതുന്നവര്‍തന്നെയാണ് കൂടുതല്‍ ത്യാഗംചെയ്യേണ്ടതും ക്ലേശം സഹിക്കേണ്ടതും എന്ന ഉയര്‍ന്ന മനോഭാവവും മന്നത്തിനുണ്ടായിരുന്നു. (കര്‍മ്മയോഗിയായ കുലപതി 135).
ഒരു ഉത്തമനായ സമുദായനേതാവ് എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന്റെ ഉത്തമമായ ഉദാഹരണമാണ് മന്നം. തന്റെ സമുദായത്തിന്റെ മാത്രം അവകാശങ്ങള്‍, അവരുടെമാത്രം ഉയര്‍ച്ച എന്ന സങ്കുചിതത്വത്തെ വെടിഞ്ഞ് അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ചോരനീരാക്കി പണി എടുത്തു. പ്രശസ്തമായ വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിന് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണ്ണജാഥ നയിച്ചത് മന്നം ആണ്. അത് നായര്‍ക്ക് വഴിനടക്കുവാനായിരുന്നില്ല, അവര്‍ണ്ണനെ വഴിനടത്തിക്കുവാനായിരുന്നു. അവര്‍ക്ക് ആ അവകാശം വാങ്ങിക്കൊടുക്കേണ്ടത് ജ്യേഷ്ഠസമുദായമായ നായരുടെ കടമയായി അദ്ദേഹം കണ്ടു. അതിനുവേണ്ടിയാണ് ചെരുപ്പും കുടയും ഉപയോഗിക്കാതെ കനത്തചൂടും വെയിലും സഹിച്ച് വൈക്കത്ത് നിന്നും തിരുവനന്തപുരംവരെ നടന്നത്.
മന്നം വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞതും എല്ലാ സമുദായങ്ങളിലുംപ്പെട്ട ഹിന്ദുകുട്ടികള്‍ക്ക് പഠിക്കുവാനുള്ള ധാരാളം അവസരം ഒരുക്കികൊടുക്കണം എന്ന നല്ലമനസ്സുമായാണ്. വെറുതെ പഠിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകമാത്രമല്ല, അവരില്‍ ഹിന്ദുധര്‍മ്മബോധവും സഹോദര മനസ്ഥിതിയും അങ്കുരിപ്പിക്കണം എന്നും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.
പള്ളിമുറ്റത്തെ പള്ളിക്കൂടത്തില്‍ കത്തനാരുടെ മാനേജ്‌മെന്റില്‍ അവരുടെ അന്തരീക്ഷത്തില്‍ ക്രിസ്ത്യാനി വാദ്ധ്യാര്‍ പഠിപ്പിച്ചാല്‍ ആ ഹിന്ദു എങ്ങനെയായിരിക്കും”എന്നും മന്നം ചോദിക്കുന്നു. ഇതിനു പരിഹാരമായിട്ട് ഓരോ സമുദായവും വിദ്യാലയമുണ്ടാക്കുകയെന്നത് എളുപ്പമല്ല. ഹിന്ദുക്കള്‍ എല്ലാവരുംകൂടി വിദ്യാലയമുണ്ടാക്കി നടത്തികൊണ്ടുപോകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. 1920-ല്‍ മലയാള രാജ്യത്തില്‍ അദ്ദേഹം എഴുതി. ”ഹിന്ദു സമുദായത്തിലെ എല്ലാവിഭാഗങ്ങള്‍ക്കുംകൂടി ഇങ്ങനെ ഒരു മഹാസ്ഥാപനം ഉണ്ടാക്കുവാനും നടത്തുവാനും കഴിഞ്ഞാല്‍ സമുദായങ്ങള്‍ തമ്മില്‍ ഇന്നുള്ള അഭിപ്രായഭേദങ്ങളും അസമത്വവാദങ്ങളും തനിയെ നീങ്ങുമെന്നും ജാതിക്കധീതമായ ഒരു ഹിന്ദുസമുദായം ക്രമേണ പൂര്‍ണ്ണരൂപം പ്രാപിക്കുമെന്നും കാണുവാന്‍ ദീര്‍ഘദൃഷ്ടി ഒന്നും വേണ്ട.
നാമെല്ലാം യോജിച്ച് കൊല്ലത്ത് ഒരു ഹിന്ദുയൂണിയന്‍ കോളേജുണ്ടാക്കണമെന്നാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഫലമാകുവാന്‍ എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് പെരുന്നയില്‍ പണി ആരംഭിച്ചത്”. അങ്ങനെ ആറ്റുനോറ്റുണ്ടാക്കിയ കോളേജിന് നായര്‍ കോളേജ് എന്ന് പേരിടാതെ ഹിന്ദു കോളേജ് എന്ന് പേരിട്ടു തന്റെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു. ജാതിക്കതീതമായി ഹിന്ദുക്കളെ സംഘടിപ്പിക്കുവാന്‍ ഇറങ്ങിതിരിച്ച തന്റെ പേരിന്റെകൂടെ ജാതിനാമം ഇരിക്കുന്നത് ഭംഗിയല്ലെന്ന് മന്നത്തിന് തോന്നി. അതുകൊണ്ട് പേരിന്റെകൂടെയുണ്ടായിരുന്ന വാല്‍മുറിച്ചുകളഞ്ഞ് ജാത്യഭിമാനം വേണ്ടെന്നുവച്ച് മാതൃക കാണിച്ചു.
എന്‍എസ്എസ് ആസ്ഥാനത്തുവച്ച് നടക്കാറുള്ള വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് ഹിന്ദുസമ്മേളനവും നടത്തിവന്നു. അതില്‍ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് വീരസവര്‍ക്കര്‍, വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകാംഗമായ സ്വാമി ചിന്മയാനന്ദ, ഹൈന്ദവ പണ്ഡിതനായ കെ.എന്‍.മുന്‍ഷി തുടങ്ങിയവരെ ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിക്കാറുണ്ടായിരുന്നു. ഹിന്ദുക്കളെ ഒരുമിപ്പിക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുമിഷന്‍ എന്ന സംഘടനയുടെ സ്ഥാപകാംഗവുമായിരുന്നു.
എസ്എന്‍ഡിപിയോഗത്തിന്റെ സാരഥിയായിരുന്ന ആര്‍.ശങ്കറുമായി ചേര്‍ന്ന് മന്നം ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കുന്നതോടെയാണ് കേരളത്തില്‍ ഹിന്ദുഐക്യത്തിന്റെ കാഹളം ആദ്യമായി മുഴങ്ങുന്നത്. എന്തുകൊണ്ട് അതിന് ഇറങ്ങിതിരിച്ചു എന്നതിന് മന്നംതന്നെ മറുപടി പറയുന്നുണ്ട്.”അന്യോന്യബന്ധമില്ലാതെ അലസരായി കിടക്കുന്ന ഹിന്ദുക്കളെ സംഘടിതരായി ഒരു പ്ലാനോടുകൂടി ജോലിചെയ്യുന്ന മറ്റ് രണ്ട് മതക്കാരും ഇന്നല്ലെങ്കില്‍ നാളെ തോല്‍പ്പിക്കുമെന്നും അതിന്റെഫലമായി ഹിന്ദുജനതയും ഹിന്ദുസംസ്‌കാരവും നശിക്കുമെന്നും തോന്നിയതുകൊണ്ട് അതിനെ തടുത്ത് മാനാഭിമാനമുള്ള ഹിന്ദുക്കളെ സൃഷ്ടിക്കേണ്ടത് എല്ലാ ഹിന്ദുവിന്റേയും ധര്‍മ്മമാണെന്ന് കരുതിയാണ് ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കിയത്.” (മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങള്‍ 110).
ഹിന്ദുമഹാമണ്ഡലം ശൈശവാവസ്ഥയില്‍ വിടപറഞ്ഞെങ്കിലും ആ ആശയത്തിന്റെ പ്രസക്തി ഇന്നും കെട്ടുപോയിട്ടില്ല. മാത്രമല്ല ദിവസംതോറും വര്‍ദ്ധിച്ചുവന്നുകൊണ്ടുമിരിക്കുന്നു. അദ്ദേഹം അന്ന് പറഞ്ഞതുപോലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാഷ്ട്രീയമായിട്ട് സംഘടിച്ചു. മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നത് നിര്‍ത്തുകയും സ്വന്തമായി പാര്‍ട്ടികള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും തങ്ങളുടെ സമുദായ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാം തിരിച്ചുവിടുകയും ചെയ്യുന്നു. അതാണ് അവരുടെ ഇന്നുകാണുന്ന മുന്നേറ്റത്തിനുകാരണം. വോട്ട് കയ്യിലുള്ള കാലത്തോളം അവരിതു തുടരുകയും ചെയ്യും.
സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിലെ എല്ലാ നേട്ടങ്ങളും ന്യൂനപക്ഷങ്ങള്‍ കരസ്ഥമാക്കിയത് രാഷ്ട്രീയമായി ചിന്തിച്ചതുകൊണ്ടുമാത്രമാണ്. ഇത് കാണുവാന്‍ കണ്ണില്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നിടത്ത് ഹിന്ദുക്കള്‍ വോട്ട് ചെയ്തതാണ് അവരുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാനകാരണം. ഒരുവിഭാഗം സംഘടിച്ച് ശക്തരായി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങുമ്പോള്‍ മറ്റൊരുകൂട്ടര്‍ അസംഘടിതരായി നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് മത്സരിച്ചുകഴിഞ്ഞുകൂടിയാല്‍ ഉണ്ടാകുവാന്‍ പോകുന്നത് സര്‍വ്വനാശമാണ്. ഈ തിരിച്ചറിവ് ഇന്ന് എസ്എന്‍ഡിപി യോഗത്തിനും മറ്റു ചില സമുദായിക സംഘടനകള്‍ക്കും ഉണ്ടായികഴിഞ്ഞു. അതുകൊണ്ടാണവര്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ യോജിക്കണം എന്നുപറയുന്നത്. ചില സമുദായനേതാക്കള്‍ക്ക് ഹിന്ദുഐക്യത്തിന്റെ ആവശ്യകത ഇനിയും ബോദ്ധ്യപ്പെട്ടിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണുതുറപ്പിക്കുമ്പോള്‍ അവര്‍ക്കും അത് ബോദ്ധ്യപ്പെടാതിരിക്കുകയില്ല.
കേരളത്തിലെ പകുതിയോളം വരുന്ന ന്യൂനപക്ഷവിഭാഗങ്ങൾ രാഷ്ട്രീയമായിട്ട് സംഘടിക്കുമ്പോൾ ഭൂരിപക്ഷവും അങ്ങനെ ചെയ്യുന്നതിൽ ഒരുതെറ്റുമില്ല. എൻഎസ്എസ് നേതാവായ മന്നവും എസ്എൻഡിപി യോഗം നേതാവായ ആർ.ശങ്കറും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അവർ അത് കാണിച്ചുതന്നിട്ടുമുണ്ട്. ഇങ്ങനെ ഹിന്ദു സംഘടിക്കുന്നത് ഏതെങ്കിലും മതത്തിനെതിരല്ല. ആരുടേയും അവകാശങ്ങൾ കവർച്ച ചെയ്യുവാനുമല്ല. അവകാശപ്പെട്ടത് ചോദിച്ചുവാങ്ങുവാൻ മാത്രമാണ്.
സാമുദായിക നേതാക്കളായിട്ടും മന്നത്തിനും ശങ്കറിനും വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. അവർ സമുദായത്തിനും രാഷ്ട്രത്തിനുമെതിരായ എല്ലാ സമീപനങ്ങളേയും ചോദ്യം ചെയ്തു. ഹിന്ദു വിരുദ്ധമായ നടപടികളെടുത്തപ്പോൾ ലോകത്തിലാദ്യമായി വോട്ട് പെട്ടിയിലൂടെ അധികാരത്തിൽവന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ തട്ടിതാഴെയിട്ടു.
ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതിനെ അനുകൂലിക്കുകയും അവരുമായി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തവർക്ക് ഹിന്ദുക്കൾ പാർട്ടി ഉണ്ടാക്കുന്നതിനെ എതിർക്കുവാൻ അവകാശമില്ല. എൻഎസ്എസ്സും എസ്എൻഡിപിയും കെപിഎംഎസും മറ്റും രാഷ്ട്രീയരംഗത്തുനിന്നു മാറിനിന്നതുകൊണ്ടാണ് കേരളത്തിലെ ഹിന്ദുവിന് ഇന്ന് കാണുന്നതരത്തിലുള്ള പിന്നോക്കാവസ്ഥ ഉണ്ടായത്. ഒരു കക്കൂസ് അനുവദിച്ചു കിട്ടണമെങ്കിൽപോലും പാർട്ടി ജനപ്രതിനിധിയുടെ ഒപ്പുവേണ്ട സംസ്ഥാനത്ത് ഇത്തരം വലിയ സംഘടനകൾ രാഷ്ട്രീയരംഗത്തുനിന്നും മാറിനിന്നാൽ ലക്ഷക്കണക്കിനുവരുന്ന സമുദായംഗങ്ങൾക്ക് അതുകൊണ്ടുണ്ടാകുവാൻ പോകുന്ന കഷ്ടപാടുകൾക്ക് കണ്ണും കയ്യുമുണ്ടാകുകയില്ല. അതുകൊണ്ട് അവരുടെ താത്പര്യത്തിനുവേണ്ടി രാഷ്ട്രീയത്തിൽ ഇടപ്പെടുന്നതിൽ ഒരു തെറ്റുമില്ല.
ഹിന്ദു രാഷ്ട്രീയമായി സംഘടിക്കാത്തതുകൊണ്ട് ഉണ്ടായ ദോഷങ്ങൾ നിരവധിയാണ്. 54ശതമാനം ഹിന്ദുക്കളുള്ള കേരളത്തിൽ അവരുടെ എല്ലാംകൂടി ഉടമസ്ഥതയിലുള്ളത് 447 സ്‌കൂളുകളും 54കോളേജുകളും മാത്രമാണ്. എന്നാൽ, സംഘടിതന്യൂനപക്ഷങ്ങൾക്ക് 8660 സ്‌കൂളുകളും 388 കോളേജുകളും ഭരണകൂടം അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഇത്തരം സമീപനത്തിന്റെ ഫലം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. കേരളത്തിലിപ്പോൾ 29 മെഡിക്കൽകോളേജുകളുണ്ട്. പൊതുമേഖലയിൽ 10എണ്ണവും ന്യൂനപക്ഷങ്ങളുടെ പക്കൽ 16എണ്ണവും ബാക്കി മൂന്നെണ്ണം ഹിന്ദുക്കളുടെ ഉടമസ്ഥതയിലും ആണ്. ആകെയുള്ള 3200 മെഡിക്കൽ സീറ്റുകളിൽ ഹിന്ദുവിന് കിട്ടുന്നത് 27ശതമാനം മാത്രം. കേരളജനസംഖ്യയുടെ 14.5ശതമാനം വരുന്ന നായർക്ക് സംവരണമെല്ലാം കഴിച്ച് കിട്ടുന്നത് അഞ്ച് ശതമാനം സീറ്റുകൾ മാത്രം. അതായത് നൂറ് ഡോക്ടർമാർ പുറത്തിറങ്ങുമ്പോൾ അതിൽ അഞ്ച് നായർ ഡോക്ടർമാർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇത് മെഡിക്കൽ സീറ്റുകളുടെ മാത്രം കാര്യമല്ല ആധുനികകോഴ്‌സുകളുടെ എല്ലാം അവസ്ഥയാണ്. കേരളത്തിന്റെ ബൗദ്ധിക ഉദ്യോസ്ഥതലങ്ങളിൽനിന്ന് ഹിന്ദു എത്രയോ പിന്നോക്കംപോകുമെന്ന് ഈ കണക്കിൽനിന്ന് മനസ്സിലാകുമല്ലോ.
ഇത് നായരുടെമാത്രം പ്രശ്‌നമല്ല, രാഷ്ട്രീയമായി സംഘടിക്കാത്തതുകൊണ്ട് ഹിന്ദുവിനെ മുഴുവൻ അവഗണിക്കുകയാണ്. വനത്തിന്റെ മുഴുവൻ അധികാരികളായിരുന്ന വനവാസി സഹോദരങ്ങൾ ഇന്ന് കിടക്കുവാനിടമില്ലാതെ നിൽപുസമരത്തിലാണ്. അവരുടെ കുട്ടികൾക്ക് ഉച്ചിഷ്ടം ഭക്ഷിച്ച് വിശപ്പടക്കേണ്ടവസ്ഥയാണുള്ളത്. അനവധി കുഞ്ഞുങ്ങൾ പട്ടിണികിടന്ന് മരിക്കുന്നു. ഹിന്ദുക്കൾക്കിന്ന് പഠിക്കുവാൻ പള്ളിക്കൂടങ്ങളും കോളേജുകളുമില്ല. പഠിച്ചവർക്ക് ജോലികിട്ടാൻ സംവിധാനമില്ല. പിഞ്ചുകുഞ്ഞുങ്ങളോടുപോലും മതവിവേചനം കാണിക്കുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ന്യൂനപക്ഷകുട്ടിക്ക് സർക്കാർ 1,000 രൂപ ഗ്രാന്റ് കൊടുക്കുന്നു. അതേ ബഞ്ചിലിരിക്കുന്ന പിന്നോക്കത്തിൽ പിന്നോക്കമായ പട്ടികജാതികുട്ടിക്ക് കൊടുക്കുന്നത് 300 രൂപ മാത്രമാണ്. ഈ വിവേചനം ഹിന്ദുവിനോടായതുകൊണ്ട് ഒരു പാർട്ടിയും ഒരക്ഷരവും ഉരിയാടുന്നില്ല. ദാരിദ്ര്യരേഖയുടെ താഴെയുള്ള ഹിന്ദുക്കളുടെ എണ്ണം ഇന്ന് മറ്റ് രണ്ട് മതവിഭാഗങ്ങളേക്കാളും ഇരട്ടിയായി പെരുകിയിരിക്കുന്നു.


കടപ്പാട് : ജന്മഭൂമി: http://www.janmabhumidaily.com/news366007#ixzz3wLI3ABNT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ