അനുസ്മരണം
കെ.റ്റി. ഭാസ്ക്കരന്‍ :
അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ കാവലാള്‍
കേരളത്തിലെ അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നവോത്ഥാന നായകന്മാരുടെ പാത പിന്തുടര്ന്നുകൊണ്ട് അക്ഷീണം യത്നിച്ച പ്രവര്‍ത്തകനായിരുന്നു കെ.റ്റി. ഭാസ്ക്കരന്‍ സാര്‍ എന്ന ഭാസ്ക്കരേട്ടന്. കലാലയ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അതോടൊപ്പം തന്നെ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുകയും ചെയ്തു. മാതൃകാ അദ്ധ്യാപകന്, എഴുത്തുകാരന്, സംഘാടകന്‍ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
കേരളാ ചേരമര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ വഹിക്കുകയും ഇരുപത് വര്‍ഷക്കാലമായി അതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. അതോടൊപ്പം, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിനെതിരെയുള്ള എല്ലാ സമരമുഖങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. ഹിന്ദു അവകാശ പത്രിക തയ്യാറാക്കുന്നതിലും ഗവണ്മെന്റുമായിട്ടുള്ള ചര്‍ച്ചകളിലും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിരുന്നു.
ഹിന്ദു ഐക്യവേദിയുടെ ഒന്നാം സംസ്ഥാന സമ്മേളനം മുതല്‍ 13-ാം സംസ്ഥാന സമ്മേളനം വരെ നടന്നിട്ടുള്ള ഹിന്ദു നേതൃ സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നു. ഹൈന്ദവ ഐക്യത്തിന്റെ ആവശ്യകതയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകള്‍ എല്ലാവരേയും ബോധ്യപ്പെടുത്തുന്നതിലും സ്വസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കിയാലുള്ള അപകടങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ആശയവിനിമയം നടത്തുവാനും അവരെ ബോധ്യപ്പെടുത്തുവാനും സജ്ജരാക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാറാട് മുതല്‍ അരിപ്പ ഭൂസമരം വരെയുള്ള എല്ലാ സമരങ്ങളിലും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.
ഇന്ദിരാ ആവാസ് യോജന കേരളാ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കുകയും അത് റദ്ദുചെയ്യുകയും ചെയ്തു. ഹിന്ദു അവകാശ പത്രിക തയ്യാറാക്കുന്നതിലും അതുമായി ബന്ധപ്പെട്ട് കേരളാ ഗവണ്മെന്റുമായി നടന്ന ചര്‍ച്ചയിലും അദ്ദേഹം മുന്‍നിരക്കാരനായിരുന്നു. കേരളാ സര്‍ക്കാരുമായുള്ള ഹിന്ദു അവകാശപത്രികയിന്മേലുള്ള ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈഫന്റും സ്കോളര്‍ഷിപ്പും വര്‍ദ്ധിപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ പട്ടികജാതി വകുപ്പ് മന്ത്രി കാണിച്ച വിമുഖതയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. തത്ഫലമായി കേരളാ ഗവണ്മെന്റ് സ്റ്റൈഫന്റും സ്കോളര്‍ഷിപ്പും വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
കേരള ചേരമര്‍ സംയുക്ത സമരസമിതി ചെയര്മാന്, പട്ടികജാതി-വര്‍ഗ്ഗ കോ-ഓര്‍ഡിനേഷന്‍ ചെയര്മാന് എന്നീ ചുമതലകളില്‍ നിന്നുകൊണ്ട് ആ സംഘടനകളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ അനവരതം പ്രയത്നിച്ചു. സാമൂഹ്യ സമരസതയുടെ സന്ദേശം ദളിത് പിന്നോക്ക സമുദായങ്ങളില്‍ എത്തിക്കാനും പിന്നീട് സംഘപ്രസ്ഥാനങ്ങളോട് തോളോട് തോള് ചേര്‍ന്നുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാനും അദ്ദേഹം മുന്നോട്ടുവന്നു.
തിരിച്ചറിയപ്പെടാന്‍ വൈകിപ്പോയ സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. സംഘത്തിന് എതിരായുള്ള പ്രചരണങ്ങള്‍ എന്നെയും എന്റെ സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. സംഘത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പൊതു ഹിന്ദു സമൂഹത്തിനും ഗുണകരമായിരുന്നേനെ എന്ന് അദ്ദേഹം പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. ഹൈന്ദവ ഐക്യത്തിന്റെ അനിവാര്യതയ്ക്കുവേണ്ടി, ദളിത് പിന്നോക്ക സംഘടനകളെ ഏകോപിപ്പിക്കുകയെന്ന പ്രയത്നത്തില്‍ അദ്ദേഹം ഹിന്ദു ഐക്യവേദിയുടെ കണ്ണും കാതും നാവുമായി മാറി.
മനുഷ്യസ്നേഹിയായ അദ്ദേഹത്തിന്റെ അകാലവിയോഗം ഹിന്ദു ഐക്യവേദിക്ക് കനത്ത ആഘാതമാണെന്ന് മാത്രമല്ല, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പരിഹരിക്കപ്പെടാനാവാത്ത നഷ്ടംകൂടിയാണ്.
വി. സുശികുമാര്‍
9656617002