2015, ഡിസംബർ 24, വ്യാഴാഴ്‌ച

അയ്യപ്പന്മാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം: ഹിന്ദുഐക്യവേദി

അയ്യപ്പന്മാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ

നടപടികള്‍ സ്വീകരിക്കണം: ഹിന്ദുഐക്യവേദിമ്പയില്‍ അയ്യപ്പന്മാരെയും ശരംകുത്തിയില്‍ ദേവസ്വം ജീവനക്കാരെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ ആവശ്യപ്പെട്ടു.  അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തര്‍ക്കെതിരെയുള്ള പോലീസ് അതിക്രമം പ്രതിഷേധാര്‍ഹമാണ്. ദര്‍ശനത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയിട്ടുള്ള വീഴ്ചകള്‍ തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്തുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കുമെന്ന് പ്രസ്താവനകളല്ലാതെ വിതരണം നടക്കുന്നില്ല.
ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ക്ക് വിരിവച്ചുറങ്ങുവാനുള്ള സൗകര്യംപോലും ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ല. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള ക്യൂവില്‍ ദുരിതമനുഭവിക്കുന്ന അയ്യപ്പന്മാര്‍ക്കുനേരെ കേരളപോലീസ് അവരുടെ കായികബലം കാട്ടുകയാണ്. മണിക്കൂറുകളോളം സാധാരണ ഭക്തര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പോലീസുകാരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിഐപി പരിഗണന നല്‍കി കടത്തിവിടുന്ന സമീപനം ഭക്തരെ രോഷാകുലരാക്കുവാന്‍ സാഹചര്യമൊരുക്കും.
തീര്‍ത്ഥാടനകാലത്ത് ഓര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച് അമിതനിരക്ക് ഈടാക്കുന്നതിനായി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിയും ഭക്തരെ കൊള്ളയടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് അയ്യപ്പന്മാര്‍ക്കെതിരെ നടത്തുന്ന ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ