2015, ഡിസംബർ 28, തിങ്കളാഴ്‌ച

ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഹൃദ്യമായി

ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഹൃദ്യമായിസമാനതകള്‍ ഇല്ലാത്ത ആഘോഷരാത്രി, ഭഗവത് ഭക്തിയുടെ അനിര്‍വചനീയമായ പരമാനന്ദം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം തികച്ചും ദീപ്തമായ ഒരു സന്ധ്യയായി. ശരണം വിളികളാല്‍ സമ്പന്നമായ ദീപാരാധനയില്‍ ശ്രീധര്‍മ്മശാസ്താവിനെ കണ്‍കുളിരെ കണ്ടു ഭക്തജനസഞ്ചയം സായുജ്യമടഞ്ഞു. കേരളത്തിലെ പോലെ ഇഗ്ലണ്ടിലും ഇത് രണ്ടാം തവണയും തിരുവാതിര കൊണ്ടാടി.
ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകീട്ട് 5.45 ഓടെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ബാലവേദിയുടെ ഭജനയോടെ പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഊഴമായിരുന്നു. ഏകദേശം രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന ഭജന തിങ്ങിനിറഞ്ഞ ഭക്തര്‍ക്ക് നവ്യാനുഭവം ആയിരുന്നു. പങ്കെടുത്തവര്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ നാമസങ്കീര്‍ത്തനം ഉല്‍കൃഷ്ടമായ ഈശ്വര ഭക്തിയുടെ മകുടോദാഹരണമായി. ഭജനക്കുശേഷം മിനി വിജയകുമാര്‍ എന്താണ് തിരുവാതിര, തിരുവാതിര വ്രതത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് പ്രഭാഷണവും നടത്തി. അതിനുശേഷം ശ്രീപരമേശ്വരനെ സ്തുതിച്ചു തിരുവാതിരകളി നടന്നു. ‘യാമി യാമി’ എന്നുതുടങ്ങുന്ന അതിമനോഹരമായ കീര്‍ത്തനമാണ് തിരുവാതിരകളിക്ക് തിരഞ്ഞെടുത്തിരുന്നത്.
ഭഗവാന്‍ ശ്രീഗുരുവയൂരപ്പന് ദീപാരാധന നടത്തി കഴിഞ്ഞതിന്നു ശേഷം, ശ്രീധര്‍മ്മശാസ്തവിനായി പ്രത്യേകം തയാറാക്കിയ താല്‍കാലിക ക്ഷേത്രത്തില്‍ പടിപൂജ നടത്തി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പടിപാട്ട് ഭക്തിനിര്‍ഭരമായിരുന്നു, പടിപാട്ടിനുശേഷം മംഗളാരതി നടത്തി.
ഹരിഗോവിന്ദന്‍ നമ്പൂതിരി ഹരിവരാസനം പാടി ചടങ്ങുകള്‍ പൂര്‍ണമാക്കി. തിരുവാതിര പ്രമാണിച്ച് അന്നദാനത്തിനായി പ്രത്യേകം തയാറാക്കിയ കഞ്ഞിയും പുഴുക്കും ആയിരുന്നു ഭക്തര്‍ക്ക് നല്‍കിയത്. കേരളിത്തില്‍നിന്നും കൊണ്ടുവന്ന കമുങ്ങില്‍ പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തിലാണ് കഞ്ഞി വിളമ്പിയത്. പൂജകള്‍ക്ക് മുരളി  നേതൃത്വം നല്‍കി.


കടപ്പാട്:  ജന്മഭൂമി: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ