2015, ഡിസംബർ 19, ശനിയാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം:മന്ത്രിയുടെ വാദം അടിസ്ഥാനരഹിതം-ഹിന്ദുഐക്യവേദി

............................................................................................................

കോട്ടയം: ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായി ഒരാനുകൂല്യവും നല്‍കുന്നില്ലെന്ന പിന്നോക്ക മന്ത്രി എം.പി. അനില്‍കുമാറിന്റെ നിയമസഭയിലെ മറുപടി അടിസ്ഥാനരഹിതമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് നല്‍കുന്നതായുള്ള മന്ത്രിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്.
22 കാബിനറ്റ് മന്ത്രിമാരില്‍ 12 പേര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ്. 21 മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കിയ 117 വകുപ്പുകളില്‍ ഭൂരിപക്ഷം വകുപ്പുകളും ന്യൂനപക്ഷ മന്ത്രിമാരുടെ കൈവശമാണ്. അഞ്ചാം മന്ത്രി വിവാദം ഉയര്‍ത്തി വകുപ്പുകള്‍ പുനര്‍നിര്‍ണയിച്ചപ്പോഴും ഒരു വകുപ്പ് ആര്യാടന് കൂടുതല്‍ ലഭിച്ചു. രണ്ട് രാജ്യസഭാ എംപി സ്ഥാനവും ന്യൂനപക്ഷ നേതാക്കള്‍ക്കാണ് ലഭിച്ചത്. ഗവ. പ്ലീഡര്‍മാരെ നിയമിച്ചതില്‍ ന്യൂനപക്ഷ സമൂഹത്തിന് 80 ശതമാനം സ്ഥാനവും ഹൈക്കോടതി, ജില്ലാകോടതി, പ്രാദേശിക കോടതി എന്നിവിടങ്ങളില്‍ ലഭിച്ചു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വീതംവച്ചപ്പോഴും 80 ശതമാനം സ്ഥാനങ്ങളും ന്യൂനപക്ഷത്തിനാണ് നല്‍കിയത്.
ജില്ലാ ആസൂത്രണസമിതികളില്‍ 14ല്‍ 13നും ന്യൂനപക്ഷ സമൂഹത്തിലുള്ളവരാണ് അദ്ധ്യക്ഷന്മാര്‍. അഞ്ച് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റുകളില്‍ 25 ശതമാനം അംഗങ്ങള്‍ പോലും ഹിന്ദുക്കള്‍ക്കില്ല. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടേയും തലവന്മാര്‍ ന്യൂനപക്ഷത്തില്‍നിന്നാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ന്യൂനപക്ഷ പദവി നല്‍കുന്നത് മാനേജ്‌മെന്റിന്റെ മതംനോക്കിയാണ്. സംസ്ഥാന സര്‍ക്കാര്‍ അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ഓരോന്നിനും 50 ലക്ഷം രൂപ നല്‍കി.
മലപ്പുറം ജില്ലയില്‍ മുപ്പത് ന്യൂനപക്ഷവിദ്യാലയങ്ങള്‍ക്ക് ഫണ്ട് ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ 94.5 ശതമാനം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 84.15 ശതമാനം, ടീച്ചേഴ്‌സ് 62 ശതമാനം പ്രൊഫസര്‍മാര്‍ 76 ശതമാനം, സ്വാശ്രയകോളേജ് 74.35 ശതമാനം ന്യൂനപക്ഷങ്ങളുടെ കൈകളിലാണ് ഇതെല്ലാം കേരളസര്‍ക്കാര്‍ ന്യൂനപക്ഷത്തിന് നല്‍കിയ ആനുകൂല്യങ്ങളല്ലേ എന്ന് മന്ത്രി വ്യക്തമാക്കണം.
കേരളത്തിലെ റവന്യൂ ഭൂമികളില്‍ 8216 ഏക്കര്‍ ഭൂമി ന്യൂനപക്ഷത്തിനു പതിച്ചുനല്‍കിയപ്പോള്‍ നായര്‍, ഈഴവ സമൂഹത്തിനും ക്ഷേത്രങ്ങള്‍ക്കും പതിച്ചുനല്‍കിയത് 141 ഏക്കര്‍ ഭൂമിയാണ്. ആനുകൂല്യങ്ങളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ നല്‍കുമ്പോള്‍ എസ് സി/എസ്ടി സമൂഹത്തിന് ലംപ്‌സം ഗ്രാന്റ് 250 രൂപയാണ്. പ്രത്യേക വിദ്യാഭ്യാസ സഹായനിധി 500 രൂപ നല്‍കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് ലഭ്യമല്ല. വിദ്യാഭ്യാസ വായ്പ ന്യൂനപക്ഷത്തിന് 3 ശതമാനം പലിശയും ഹിന്ദുവിന് 12.5 ശതമാനം പലിശയുമാണ്. മദ്രസ നവീകരണത്തിന് 20 ലക്ഷം രൂപ നല്‍കുന്നു.
മദ്രസകളെ സിബിഎസ്ഇ സ്‌കൂളിന് തുല്യമാക്കിയതും ഈ സര്‍ക്കാരാണ്. ന്യൂനപക്ഷ വിധവകള്‍ക്ക് വീടുവയ്ക്കാന്‍ 2.5 ലക്ഷം രൂപ നല്‍കുമ്പോള്‍ ഹിന്ദുവിധവകള്‍ക്ക് ഇത് നിക്ഷേധിച്ചതിലൂടെ കടുത്ത മതവിവേചനമാണ് സര്‍ക്കാര്‍ കാട്ടിയത്. ന്യൂനപക്ഷ കൂട്ടായ്മയകള്‍ക്ക് 25 ലക്ഷം രൂപ 3 ശതമാനം പലിശയ്ക്ക് നല്‍കിയപ്പോള്‍ ഹിന്ദുക്കൂട്ടായ്മകള്‍ക്ക് ഇത് നിഷേധിച്ചു.  ഇ.എസ്ബിജു പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ