2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഹിന്ദുത്വതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുനല്‍കണം - ഹിന്ദുഐക്യവേദി
.........................................................................


ഏറ്റുമാനുര്‍ : ആസന്നമായ ത്രിതല പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകള്‍  ഹിന്ദുതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ തയ്യാറാവുന്നവര്‍ക്ക് വോട്ടുചെയ്യണമെന്നും ഹിന്ദുവിരുദ്ധ നടപടികളെ പിന്‍പറ്റുന്നവര്‍ക്ക് ഉചിതമായ താക്കീതും നല്‍കുന്ന സമീപനമാണ് അനിവാര്യമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സമിതി. ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിന് സമീപം മഹാദേവ സംരക്ഷണസമിതി കാര്യാലയത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിന്റേതാണ് ഈ ആഹ്വാനം. അധസ്ഥിത പിന്നോക്ക ദരിദ്രജനതയുടെ പൗരാവകാശങ്ങളും സാമൂഹ്യനീതിയും പാടെ നിരാകരിച്ചുകൊണ്ട് മതമൗലികവാദികള്‍ക്കും മാഫിയാകള്‍ക്കും വേണ്ടി നിലകൊള്ളുന്ന സംവിധാനമാണ് ഇന്ന് കേരളീയ രാഷ്ട്രീയ രംഗം അടക്കിഭരിച്ചുകൊണ്ടിരിക്കുന്നത്. കയ്യേറ്റഭൂമിക്ക് പട്ടയം നല്‍കിയും തീവ്രവാദികളെ പ്രീണിപ്പിച്ചും സ്വജനപക്ഷപാതം നടത്തിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ന്യൂനപക്ഷപ്രീണനത്തിനായി അതിരൂക്ഷമായി ഹിന്ദുത്വാവഹേളനങ്ങള്‍ നടത്തുകയാണ്. ഹിന്ദുജനതയുടെ അസംഘടിത സാഹചര്യം മാറിവരുന്നതില്‍ അങ്കലാപ്പിലാകുന്ന കപടമതേതരത്വം     ഇപ്പോള്‍ നുണപ്രചരണങ്ങളുടെ പിന്നാലെയാണ്. ഹിന്ദുക്ഷേത്രങ്ങള്‍ കൈയടക്കിവച്ചിരിക്കുന്ന മതേതരസര്‍ക്കാര്‍ ഹിന്ദുവിന്റെ പൗരാവകാശങ്ങള്‍ ലംഘിക്കുകയാണ്. വീണ്ടും ഒരു ശബരിമല തീര്‍ത്ഥാടനകാലംകൂടി സമാഗതമായിരിക്കെ ദേവസ്വം ബോര്‍ഡും കേരളസര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഇതിനെ ചൂഷണത്തിനുള്ള സാഹചര്യമായി കാണുകയാണ്. ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ശബരിമല കേന്ദ്രീകരിച്ചുള്ള ഗതാഗത-ആരോഗ്യമേഖലകളിലെ സൗകര്യവര്‍ദ്ധനവിലെ ബോധപൂര്‍വ്വമായ വീഴ്ചകള്‍ അവസാനിപ്പിക്കണം. കെ.എസ്.ആര്‍,ടി,സി. ബോധപൂര്‍വ്വം നടത്തുന്ന അയ്യപ്പവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണം. ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്ന അയ്യപ്പന്മാരില്‍നിന്നും സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് തുക ഈടാക്കുന്ന രീതി അവസാനിപ്പിച്ച് യാത്ര സൗജന്യമാക്കണം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡിയും എയര്‍പോര്‍ട്ടിലേക്ക് സൗജന്യയാത്രയും ചട്ടംകെട്ടുന്ന സര്‍ക്കാരിന് ഹിന്ദുവിനോടുമാത്രം വിവേചനപരമായ നയമാണ്. അയ്യപ്പന്മാരുടെ വിരിവെക്കാനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. നാലുവര്‍ഷമായിട്ടും പ്രവര്‍ത്തനസജ്ജമാകാത്ത സ്വീവേജ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കണം. കുന്നാര്‍ ഡാം ഉയരംകൂട്ടി അയ്യപ്പന്മാര്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം. പമ്പയിലേക്ക് മാലിന്യം തള്ളുന്ന എല്ലാ സങ്കേതങ്ങളും അടച്ചു പൂട്ടണം. ശബരിമലയിലേക്കുള്ള പാതകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം. പോലീസ് സംവിധാനത്തിന്റെ ഭാഗത്തുനിന്നും മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണം. മുഴുവന്‍ അയ്യപ്പന്മാര്‍ക്കും സൗജന്യമായി ആഹാരം ലഭിക്കുന്നതിനുളള സന്നദ്ധസംഘടനകളുടെ ശ്രമങ്ങളെ തടയുവാനായി ദേവസ്വം ബോര്‍ഡ് നടത്തുന്ന നീക്കം അവസാനിപ്പിക്കുക.   ശബരിമല അഴിമതികള്‍ കേന്ദ്രഏജന്‍സി  അന്വേഷിക്കുക. എരുമേലി മുസ്ലീംപള്ളി മാലിന്യം പമ്പയിലേക്ക് തള്ളുന്നത് അവസാനിപ്പിക്കണം. എരുമേലി പേട്ട തുള്ളുന്ന പാത സുരക്ഷിതമാക്കണം. പുല്‌മേട് ദുരന്തഅന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. എന്നീ ആവശ്യങ്ങളും പ്രമേയ രൂപേണ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജില്‍ കാട്ടുന്ന വര്‍ഗ്ഗീയ വിവേചനം അവസാനിപ്പിക്കണം. ഭൂമിയും തൊഴിലും നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മതപരിഗണന കൂടാതെ തുല്യമായി നഷ്ടപരിഹാരം ഉറപ്പ് വരുത്തണം. പട്ടിക വിഭാഗങ്ങള്‍ക്ക് 10% സംവരണം നടപ്പിലാക്കണം എന്നീ ആവശ്യങ്ങളും പ്രമേയങ്ങളില്‍ ഉന്നയിക്കപ്പെട്ടു. പട്ടികജാതിക്കാരെ അവഹേളിക്കുന്ന രീതിയിലുള്ള ഉപലോകായുക്തയുടെ പരാമര്‍ശങ്ങളെ യോഗം ശക്തിയായി അപലപിച്ചു.
രാവിലെ 10 മണിക്ക് സമാരംഭിച്ച സംസ്ഥാന സമിതി യോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ കെ.ടി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍. ഇ.എസ്. ബിജു, ആര്‍. വി ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം. സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ എന്നിവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കി. സംസ്ഥാന നേതാക്കളായ പി.വി. മുരളീധരന്‍, പി. സുധാകരന്‍. തഴവ സഹദേവന്‍, എം.എന്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. സത്യവാന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഓഫീസ് സെക്രട്ടറി
9744046458

1 അഭിപ്രായം: