2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

നവരാത്രി വിശേഷം

വി.പി. ഭാനുമതിയമ്മ


 

കന്നിമാസത്തിലെ അമാവാസിയെ ‘മഹാലയ അമാവാസി’ എന്നു പറയുന്നു. പൗര്‍ണമികഴിഞ്ഞ് അമാവാസിവരെയുള്ള 15 ദിവസങ്ങള്‍ പിതൃക്കള്‍ ഭൂമിയിലിറങ്ങുന്ന ദിവസങ്ങളാണത്രെ! ആ കാലങ്ങളില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് വളരെ വിശേഷമാണെന്ന് പറയുന്നു. അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളെയാണ് ‘നവരാത്രി’എന്നു പറയുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കായി , മച്ചിന്‍ മുകളിലെ പഴയ വലിയ മരപ്പെട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന “”ബൊമ്മക്കൊലുകള്‍” വീണ്ടും പുറത്തെടുക്കാറായി. എന്തൊക്കെ മാറിയിട്ടും വര്‍ഷങ്ങളായിട്ടുള്ള ആ ശീലം ഇന്നും മാറുന്നില്ല. പലതും നഷ്ടപ്പെട്ടിട്ടും ഇന്നും കൈയ്യിലുള്ളത് ഈ മരപ്പെട്ടിയും കൊലുവും മാത്രമാണ്. നവരാത്രി കാലമായാല്‍ കൂട്ടം കൂട്ടമായി ഓരോ വീടും സന്ദര്‍ശിച്ച് “ബൊമ്മക്കൊല്ലു” കാണല്‍ പതിവായിരുന്നു. വരുന്ന വരെയെല്ലാം ദേവീയാണെന്നു സങ്കല്‍പിച്ച്, പൂജിച്ച് അവര്‍ക്ക് നാളികേരം, വസ്ത്രം, പൂവ് , കുങ്കുമം എന്നിവ നല്‍കി ദേവീ പ്രീതി നേടുമായിരുന്നു. നവരാത്രി സന്ധ്യകള്‍ എന്നും സംഗീത സാന്ദ്രമായിരുന്നു. നവരാത്രിയ്ക്ക് കീര്‍ത്തനങ്ങള്‍ പാടാനായിരുന്നു അന്ന് പാട്ട് പഠിപ്പിച്ചിരുന്നത്. ഇന്നും സംഗീതം പഠിക്കുന്നുണ്ട്, പഠിപ്പിക്കുന്നുമുണ്ട്, പക്ഷെ അത് മത്സരങ്ങള്‍ക്കാണെന്നു മാത്രം! നിത്യവും ‘ദേവീമാഹാത്മ്യ’ പാരായണവും ലളിതാസഹസ്രനാമം രണ്ടുനേരം ജപിയ്ക്കുകയും ചെയ്യും. കൂടാതെ ദേവീപ്രീതിയ്ക്കായി ശ്രീ വ്യാസമഹര്‍ഷിയാല്‍ എഴുതപ്പെട്ട “ദേവീ ഭാഗവതം” 9 ദിവസം കൊണ്ട് പാരായണം ചെയ്ത് സമര്‍പ്പിക്കുകയും ചെയ്യും. പണ്ട് സത്രാജിത്തിന്റെ അനിയനെ (പ്രസേനനെ) കൃഷ്ണന്‍ കൊന്നു എന്ന അപവാദം കേട്ട് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആ പ്രസേനനെ അന്വേഷിച്ച് ദ്വാരകയില്‍ നിന്നും പോയി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുത്രന്‍ തിരിച്ചു വരാത്തതില്‍ ദു:ഖിതരായ ദേവകീ വാസുദേവര്‍ ശ്രീനാരദമഹര്‍ഷിയോട് മകന്‍ തിരിച്ചുവരാത്തതിലുള്ള ദു:ഖം പറഞ്ഞ്, ഇനിയെന്തു ചെയ്യണമെന്ന് അന്വേഷിച്ചു. അതുകേട്ട ശ്രീനാരദര്‍ “ദേവീ മാഹാത്മ്യത്താല്‍ ദേവിയെ ഭജിയ്ക്കു വാസുദേവരേ”, എന്നു പറഞ്ഞു. അതിന് വാസുദേവന്‍ ശരിയാണ്, കംസന്റെ കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ അന്ന് ഗര്‍ഗ്ഗ മഹര്‍ഷിയും വന്ന് ഞങ്ങളോട് പറയുകയുണ്ടായി- “ദുര്‍ഗാദേവീയെ ശരണം പ്രാപിയ്ക്കൂ” എന്ന്. എന്നാല്‍ കംസന്റെ കാരാഗൃഹത്തില്‍ കിടക്കുന്ന ഞങ്ങള്‍ക്ക് വിധിയാം വണ്ണം പൂജ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഗ്ഗ മഹര്‍ഷി തന്നെ ഞങ്ങള്‍ക്കുവേണ്ടി വിന്ധ്യാപര്‍വ്വതത്തില്‍ പോയി പൂജ ചെയ്തു തരണേ എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അതുപ്രകാരം, ശ്രീനാരാദമഹര്‍ഷി വിധിയാംവണ്ണം മാര്‍ക്കണ്ഡേയപുരാണത്തിലെ “ദേവീ മാഹാത്മ്യം” വായിച്ച് , നവാക്ഷരി മന്ത്രം ജപിച്ച് ദേവീ പൂജകള്‍ ചെയ്തു. പൂജയുടെ അവസാനം ശ്രീകൃഷ്ണന്‍ ജാംബവതിയോടും “സ്യമന്തകം മണി യോടുകൂടി ദ്വാരകയില്‍ തിരിച്ചു വന്നു എന്ന് “സ്‌കന്ദപുരാണം” നമുക്ക് പറഞ്ഞു തരുന്നു. ദു:ഖങ്ങള്‍ തീരാന്‍ ദുര്‍ഗാ പൂജയാണ് ഏറ്റവും ഉത്തമമെന്ന് പുരാണങ്ങള്‍ ഘോഷിക്കുന്നു. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞാല്‍ പ്രഥമ മുതല്‍ നവമിവരെയാണ് നവരാത്രി കാലം. ചണ്ഡികാ രൂപിണിയായ ദുര്‍ഗാദേവിയെയാണ് പൂജ ചെയ്യുന്നത്. പ്രഥമ മുതല്‍ മൂന്നു ദിവസം ദുര്‍ഗ്ഗാരൂപിണിയായ കാളിയെ പൂജിയ്ക്കുന്നു. നാലാം ദിവസം മുതല്‍ ആറാം ദിവസം വരെ ഐശ്വര്യ സ്വരൂപിണിയായ മഹാലക്ഷ്മിയേയും, സപ്തമി മുതല്‍ അഷ്ടമി, നവമിവരെ വിദ്യാ സ്വരൂപിണിയായ സരസ്വതിയേയും പൂജിക്കുന്നു. പിന്നീട് ദശമിനാളില്‍ ഈ മൂന്നു ദേവിമാരും ചേര്‍ന്ന് “ത്രിപുരസുന്ദരി”യായി ആരാധിക്കുന്നു. ഇതിനെ “വിജയദശമി” എന്നു വിശേഷിപ്പിക്കുന്നു. നവരാത്രി പൂജയ്ക്ക് ആദ്യം കലശം വെച്ച് അലങ്കരിയ്ക്കുന്നു. പിന്നീട് ഓരോ ദിവസവും ഓരോ പടികള്‍ വെച്ച് അതില്‍ ബൊമ്മകള്‍ വെയ്ക്കുന്നു. ആദ്യം ശ്രീരാമചരിതം അനുസ്മരിപ്പിക്കുന്ന ബൊമ്മകളാണ്. അതു തന്നെയാണ് ഏറ്റവും പ്രധാനം എന്തെന്നാല്‍ ആദ്യം ശ്രീരാമചന്ദ്രസ്വാമിയാണത്രെ നവരാത്രി വ്രതമെടുത്തത്. ഒമ്പതു പടികള്‍ നിറയെ കമനീയമായി അലങ്കരിച്ച് വിവിധതരം ബൊമ്മകള്‍, ഏറ്റവും മുകളിലായി ദുര്‍ഗയും, മഹാലക്ഷ്മിയും സരസ്വതിയും, പിന്നെ അതിമനോഹരമായ സിംഹവാഹിനിയും ആയ ഭുവനേശ്വരിയും! അഷ്ടമിയ്ക്ക് ആയുധം , പുസ്തകവും, പേനയും , അവരവരുടെ പണി ആയുധങ്ങളും വെച്ച് പൂജ ആരംഭിച്ച് നവമിയില്‍ കെടാവിളക്ക് കൊളുത്തി മൂന്നു നേരവും പൂജിച്ച് ദശമിനാളില്‍ വെളുത്ത പുഷ്പങ്ങളാല്‍ അര്‍പ്പിച്ച് പാല്‍ പായസം നൈവേദ്യം സമര്‍പ്പിയ്ക്കും. അമ്മമ്മ പറയാറുണ്ട് ശ്രദ്ധയോടെ ഭജിച്ച് അജ്ഞാനം ഇല്ലാതാക്കി,ജ്ഞാനം വര്‍ദ്ധിപ്പിയ്ക്കൂ, ദു:ഖങ്ങള്‍ ഇല്ലാതാകും തീര്‍ച്ച എന്ന്. അതിനായിരിയ്ക്കട്ടെ ഈ നവരാത്രി വ്രതങ്ങളും. വ്രതം എന്നാല്‍ ദുര്‍വിചാരങ്ങളെ മാറ്റി നിര്‍ത്തി മനസ്സിനെ ഈശ്വരങ്കല്‍ സമര്‍പ്പിയ്ക്കലാണ്. ദുര്‍വ്വിചാരങ്ങള്‍ എന്നാല്‍ കാമവും (ആഗ്രഹം) ക്രോധവും തന്നെ! ഈ രണ്ടുമാണ് ദു:ഖങ്ങളുടെ കാരണങ്ങളും മനസ്സിനെ നിയന്ത്രിക്കാനായാണ് വ്രതങ്ങളും. 
ജന്മഭൂമി: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ