2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച


ഗുരുദേവനെ അവഹേളിച്ചത് പാര്‍ട്ടിയുടെ വിനാശത്തിന് : തില്ലങ്കേരി


തിരുവനന്തപുരം: ആര്‍എസ്എസിനോട് പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗുരുദേവനെ അവഹേളിച്ചത് പാര്‍ട്ടിയുടെ വിനാശത്തിനാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരെ ഹിന്ദുഐക്യവേദി പൂജപ്പുര നഗര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭാരതത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാരെ  നിന്ദിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ പ്രവണത ദേശീയതയെ തകര്‍ക്കുന്നതിനാണ്. കാവി കണ്ടാല്‍ വിറളി പിടിക്കുന്നവര്‍ ആചാര്യന്മാര്‍ക്കെതിരെയുള്ള പരസ്യ ആക്രമണം മാതാ അമൃതാനന്ദമയിയില്‍ നിന്നു തുടങ്ങി ഗുരുദേവനില്‍ വരെ എത്തിനില്‍ക്കുകയാണ്. അദൈ്വതത്തിന്റെ ഏകാത്മകതയില്‍ മനുഷ്യരെ ഒരുമിപ്പിക്കാനാണ് ഗുരുദേവനും ചട്ടമ്പിസ്വാമികളുമൊക്കെ പ്രവര്‍ത്തിച്ചത്.  അതേസമയം ഗുരുദേവ ദര്‍ശനങ്ങളെ വളച്ചൊടിച്ച് ദേശീയതയ്‌ക്കെതിരെ പ്രയോഗിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. ഹിന്ദു ആചാരങ്ങളെ പ്രാകൃതമെന്നും അനാചാരമെന്നും വിളിച്ചിരുന്നവര്‍ ഇന്ന് അണികളെ നിലനിര്‍ത്താന്‍ ഹൈന്ദവ ആചാരങ്ങളെ മുറുകെ പിടിക്കുന്ന സാഹചര്യമാണുള്ളത്. സവര്‍ണ്ണ മേധാവികളെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പാര്‍ട്ടി പറയുന്നത്. എന്നാല്‍  സവര്‍ണ്ണ മേധാവിത്വം ഭാരതത്തിലെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ സവര്‍ണ്ണ മേധാവിത്വമാണുള്ളത്. ഒറ്റ ഒബിസിക്കാരന്‍ പോലുമില്ല. ആകെയുണ്ടായിരുന്ന അച്യുതാനന്ദനെ പുറത്താക്കിയ നിലയിലുമാണ്. ഇത്തരത്തില്‍ സവര്‍ണ്ണ മേധാവിത്വമുള്ള കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിലെ അധഃസ്ഥിതരുടെ നവോത്ഥാനത്തിന് വേണ്ടി പോരാടിയതായി പറയുന്നത്. എന്നാല്‍ ഗാന്ധിജി, അയ്യങ്കാളി,  മന്നത്ത് പത്മനാഭന്‍ തുടങ്ങിയ മഹദ് വ്യക്തികള്‍ കേരളത്തിന്റെ നവോത്ഥാനത്തിന് വേണ്ടി സമരങ്ങള്‍ നയിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.എസ്എന്‍ഡിപി ജഗതി ശാഖാ മുന്‍വൈസ്പ്രസിഡന്റ് പ്രൊഫ. കെ.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.  അനന്തസായി ബാലസദനം സെക്രട്ടറി ശശിധരന്‍ നായര്‍, നഗര്‍ സംഘചാലക് എന്‍.വിജയന്‍, ധര്‍മ്മജാഗരണ്‍ സമിതി സംയോജകന്‍ ജയശങ്കര്‍, ആര്‍എസ്എസ് ജില്ലാ കാര്യകാര്യ സദസ്യന്‍ കെ.വി.രാജേന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കടപ്പാട്: ജന്മഭുമി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ