2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഹിന്ദുത്വതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുനല്‍കണം - ഹിന്ദുഐക്യവേദി
.........................................................................


ഏറ്റുമാനുര്‍ : ആസന്നമായ ത്രിതല പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകള്‍  ഹിന്ദുതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ തയ്യാറാവുന്നവര്‍ക്ക് വോട്ടുചെയ്യണമെന്നും ഹിന്ദുവിരുദ്ധ നടപടികളെ പിന്‍പറ്റുന്നവര്‍ക്ക് ഉചിതമായ താക്കീതും നല്‍കുന്ന സമീപനമാണ് അനിവാര്യമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സമിതി. ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിന് സമീപം മഹാദേവ സംരക്ഷണസമിതി കാര്യാലയത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിന്റേതാണ് ഈ ആഹ്വാനം. അധസ്ഥിത പിന്നോക്ക ദരിദ്രജനതയുടെ പൗരാവകാശങ്ങളും സാമൂഹ്യനീതിയും പാടെ നിരാകരിച്ചുകൊണ്ട് മതമൗലികവാദികള്‍ക്കും മാഫിയാകള്‍ക്കും വേണ്ടി നിലകൊള്ളുന്ന സംവിധാനമാണ് ഇന്ന് കേരളീയ രാഷ്ട്രീയ രംഗം അടക്കിഭരിച്ചുകൊണ്ടിരിക്കുന്നത്. കയ്യേറ്റഭൂമിക്ക് പട്ടയം നല്‍കിയും തീവ്രവാദികളെ പ്രീണിപ്പിച്ചും സ്വജനപക്ഷപാതം നടത്തിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ന്യൂനപക്ഷപ്രീണനത്തിനായി അതിരൂക്ഷമായി ഹിന്ദുത്വാവഹേളനങ്ങള്‍ നടത്തുകയാണ്. ഹിന്ദുജനതയുടെ അസംഘടിത സാഹചര്യം മാറിവരുന്നതില്‍ അങ്കലാപ്പിലാകുന്ന കപടമതേതരത്വം     ഇപ്പോള്‍ നുണപ്രചരണങ്ങളുടെ പിന്നാലെയാണ്. ഹിന്ദുക്ഷേത്രങ്ങള്‍ കൈയടക്കിവച്ചിരിക്കുന്ന മതേതരസര്‍ക്കാര്‍ ഹിന്ദുവിന്റെ പൗരാവകാശങ്ങള്‍ ലംഘിക്കുകയാണ്. വീണ്ടും ഒരു ശബരിമല തീര്‍ത്ഥാടനകാലംകൂടി സമാഗതമായിരിക്കെ ദേവസ്വം ബോര്‍ഡും കേരളസര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഇതിനെ ചൂഷണത്തിനുള്ള സാഹചര്യമായി കാണുകയാണ്. ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ശബരിമല കേന്ദ്രീകരിച്ചുള്ള ഗതാഗത-ആരോഗ്യമേഖലകളിലെ സൗകര്യവര്‍ദ്ധനവിലെ ബോധപൂര്‍വ്വമായ വീഴ്ചകള്‍ അവസാനിപ്പിക്കണം. കെ.എസ്.ആര്‍,ടി,സി. ബോധപൂര്‍വ്വം നടത്തുന്ന അയ്യപ്പവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കണം. ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്ന അയ്യപ്പന്മാരില്‍നിന്നും സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് തുക ഈടാക്കുന്ന രീതി അവസാനിപ്പിച്ച് യാത്ര സൗജന്യമാക്കണം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡിയും എയര്‍പോര്‍ട്ടിലേക്ക് സൗജന്യയാത്രയും ചട്ടംകെട്ടുന്ന സര്‍ക്കാരിന് ഹിന്ദുവിനോടുമാത്രം വിവേചനപരമായ നയമാണ്. അയ്യപ്പന്മാരുടെ വിരിവെക്കാനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. നാലുവര്‍ഷമായിട്ടും പ്രവര്‍ത്തനസജ്ജമാകാത്ത സ്വീവേജ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കണം. കുന്നാര്‍ ഡാം ഉയരംകൂട്ടി അയ്യപ്പന്മാര്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം. പമ്പയിലേക്ക് മാലിന്യം തള്ളുന്ന എല്ലാ സങ്കേതങ്ങളും അടച്ചു പൂട്ടണം. ശബരിമലയിലേക്കുള്ള പാതകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം. പോലീസ് സംവിധാനത്തിന്റെ ഭാഗത്തുനിന്നും മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണം. മുഴുവന്‍ അയ്യപ്പന്മാര്‍ക്കും സൗജന്യമായി ആഹാരം ലഭിക്കുന്നതിനുളള സന്നദ്ധസംഘടനകളുടെ ശ്രമങ്ങളെ തടയുവാനായി ദേവസ്വം ബോര്‍ഡ് നടത്തുന്ന നീക്കം അവസാനിപ്പിക്കുക.   ശബരിമല അഴിമതികള്‍ കേന്ദ്രഏജന്‍സി  അന്വേഷിക്കുക. എരുമേലി മുസ്ലീംപള്ളി മാലിന്യം പമ്പയിലേക്ക് തള്ളുന്നത് അവസാനിപ്പിക്കണം. എരുമേലി പേട്ട തുള്ളുന്ന പാത സുരക്ഷിതമാക്കണം. പുല്‌മേട് ദുരന്തഅന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. എന്നീ ആവശ്യങ്ങളും പ്രമേയ രൂപേണ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജില്‍ കാട്ടുന്ന വര്‍ഗ്ഗീയ വിവേചനം അവസാനിപ്പിക്കണം. ഭൂമിയും തൊഴിലും നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മതപരിഗണന കൂടാതെ തുല്യമായി നഷ്ടപരിഹാരം ഉറപ്പ് വരുത്തണം. പട്ടിക വിഭാഗങ്ങള്‍ക്ക് 10% സംവരണം നടപ്പിലാക്കണം എന്നീ ആവശ്യങ്ങളും പ്രമേയങ്ങളില്‍ ഉന്നയിക്കപ്പെട്ടു. പട്ടികജാതിക്കാരെ അവഹേളിക്കുന്ന രീതിയിലുള്ള ഉപലോകായുക്തയുടെ പരാമര്‍ശങ്ങളെ യോഗം ശക്തിയായി അപലപിച്ചു.
രാവിലെ 10 മണിക്ക് സമാരംഭിച്ച സംസ്ഥാന സമിതി യോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ കെ.ടി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍. ഇ.എസ്. ബിജു, ആര്‍. വി ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം. സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ എന്നിവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കി. സംസ്ഥാന നേതാക്കളായ പി.വി. മുരളീധരന്‍, പി. സുധാകരന്‍. തഴവ സഹദേവന്‍, എം.എന്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. സത്യവാന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഓഫീസ് സെക്രട്ടറി
9744046458

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

വിഴിഞ്ഞം പാക്കേജിലെ മത വിവേചനത്തിനെതിരെ 
ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും 
                                                    -- കുമ്മനം രാജശേഖരന്‍ 

വിഴിഞ്ഞം പാക്കേജിലെ മത വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പുനരധിവാസ പാക്കേജില്‍ ഹിന്ദു സമൂഹത്തോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. സംഘടിത മതസമൂഹങ്ങള്‍ക്ക് അനര്‍ഹമായ ആനുകൂല്യം വാരിക്കോരി നല്‍കുമ്പോള്‍  ഹിന്ദു സമൂഹത്തോട് നീതികേടും പക്ഷപാതപരവുമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. പ്രദേശ വാസികളായ ഹിന്ദുമത വിഭാഗക്കാരെ പാക്കേജിലും അവഗണിച്ചു. ലത്തീന്‍ കത്തോലിക്ക സഭയ്ക്കും ജമാഅത് നേതൃത്വത്തിനും വിഴിഞ്ഞം പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ വാരിക്കോരി കൊടുത്തു. ന്യൂനപക്ഷ പ്രീണനത്തിന് വസ്തുവിന് നഷ്ടപരിഹാരം കൊടുക്കുന്നത് ഇരട്ടി തുക. സെന്റിന് മൂന്നര ലക്ഷം ഹിന്ദുക്കള്‍ക്ക് നല്‍കുമ്പോള്‍ മുസ്ലീം ക്രൈസ്തവ വിഭാഗത്തിന് നല്‍കിയതു എഴര ലക്ഷവും അതില്‍ കൂടുതലും. ക്രൈസ്തവരും മുസ്ലീം മതമേലധ്യക്ഷന്‍മാരും തീരുമാനിച്ച പാക്കേജാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കുമ്മനം കുറ്റുപ്പെടുത്തി. പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നടത്തിയ ചര്‍ച്ചകളിലൊന്നും ഹൈന്ദവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ നിവേദനമായി നല്‍കാനെത്തിയവരെ മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും കളക്ടറും അവഹേളിച്ച് ഇറക്കി വിട്ടു. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട എല്ലാവരെയും ഒരേ മനസോടെ പുനരധിവസിപ്പിക്കണം. ക്രൈസ്തവരും, മുസ്ലിം വിഭാഗവും കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് കോടികള്‍ അനുവദിച്ചപ്പോള്‍ മീന്‍ പിടിക്കുന്ന, കക്കവാരി ഉപജീവനം നയിക്കുന്ന ഹൈന്ദവര്‍  താമസിക്കുന്ന പ്രദേശങ്ങളെ അവഗണിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ഏഴോളം ക്ഷേത്രങ്ങളുടെ സംരക്ഷണത്തിലും സര്‍ക്കാര്‍ കണ്ണടച്ചു. വിഴിഞ്ഞം തുറമുഖത്തിന് തൊട്ടടുത്ത് സര്‍ക്കാര്‍ പുറമ്പോക്കില്‍ ഉള്ള ഖബര്‍സ്ഥാന് മേല്‍പ്പാലം നിര്‍മിക്കാന്‍ ഏഴര കോടിയാണ് പാക്കേജില്‍ മാറ്റി വച്ചത്. എന്നാല്‍ എഴ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് ഒരു നാണയത്തുട്ട് പോലും സര്‍ക്കാര്‍ മാറ്റിവച്ചിട്ടില്ലെന്നും കുമ്മനം ആരോപിച്ചു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍, പിന്നാക്കക്കാര്‍, ഹോട്ടലിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ പട്ടിണിയിലായിരിക്കുകയാണ്. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമാക്കിയ സര്‍ക്കാര്‍ ഈ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് നയാപൈസ നീക്കി വച്ചിട്ടില്ല.   സൂസപാക്യവും ഇമാമുമാരും പറയുന്നത് മാത്രം കേട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ കാട്ടുന്ന നീതി നിഷേധത്തിനെതിരെ ബഹുജന മുന്നേറ്റം ഉണ്ടാകും.  മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. പരിഹാരം കാണാന്‍ സര്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുമ്മനം മുന്നറിയിപ്പു നല്‍കി. 

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

നവരാത്രി വിശേഷം

വി.പി. ഭാനുമതിയമ്മ


 

കന്നിമാസത്തിലെ അമാവാസിയെ ‘മഹാലയ അമാവാസി’ എന്നു പറയുന്നു. പൗര്‍ണമികഴിഞ്ഞ് അമാവാസിവരെയുള്ള 15 ദിവസങ്ങള്‍ പിതൃക്കള്‍ ഭൂമിയിലിറങ്ങുന്ന ദിവസങ്ങളാണത്രെ! ആ കാലങ്ങളില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് വളരെ വിശേഷമാണെന്ന് പറയുന്നു. അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളെയാണ് ‘നവരാത്രി’എന്നു പറയുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കായി , മച്ചിന്‍ മുകളിലെ പഴയ വലിയ മരപ്പെട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന “”ബൊമ്മക്കൊലുകള്‍” വീണ്ടും പുറത്തെടുക്കാറായി. എന്തൊക്കെ മാറിയിട്ടും വര്‍ഷങ്ങളായിട്ടുള്ള ആ ശീലം ഇന്നും മാറുന്നില്ല. പലതും നഷ്ടപ്പെട്ടിട്ടും ഇന്നും കൈയ്യിലുള്ളത് ഈ മരപ്പെട്ടിയും കൊലുവും മാത്രമാണ്. നവരാത്രി കാലമായാല്‍ കൂട്ടം കൂട്ടമായി ഓരോ വീടും സന്ദര്‍ശിച്ച് “ബൊമ്മക്കൊല്ലു” കാണല്‍ പതിവായിരുന്നു. വരുന്ന വരെയെല്ലാം ദേവീയാണെന്നു സങ്കല്‍പിച്ച്, പൂജിച്ച് അവര്‍ക്ക് നാളികേരം, വസ്ത്രം, പൂവ് , കുങ്കുമം എന്നിവ നല്‍കി ദേവീ പ്രീതി നേടുമായിരുന്നു. നവരാത്രി സന്ധ്യകള്‍ എന്നും സംഗീത സാന്ദ്രമായിരുന്നു. നവരാത്രിയ്ക്ക് കീര്‍ത്തനങ്ങള്‍ പാടാനായിരുന്നു അന്ന് പാട്ട് പഠിപ്പിച്ചിരുന്നത്. ഇന്നും സംഗീതം പഠിക്കുന്നുണ്ട്, പഠിപ്പിക്കുന്നുമുണ്ട്, പക്ഷെ അത് മത്സരങ്ങള്‍ക്കാണെന്നു മാത്രം! നിത്യവും ‘ദേവീമാഹാത്മ്യ’ പാരായണവും ലളിതാസഹസ്രനാമം രണ്ടുനേരം ജപിയ്ക്കുകയും ചെയ്യും. കൂടാതെ ദേവീപ്രീതിയ്ക്കായി ശ്രീ വ്യാസമഹര്‍ഷിയാല്‍ എഴുതപ്പെട്ട “ദേവീ ഭാഗവതം” 9 ദിവസം കൊണ്ട് പാരായണം ചെയ്ത് സമര്‍പ്പിക്കുകയും ചെയ്യും. പണ്ട് സത്രാജിത്തിന്റെ അനിയനെ (പ്രസേനനെ) കൃഷ്ണന്‍ കൊന്നു എന്ന അപവാദം കേട്ട് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആ പ്രസേനനെ അന്വേഷിച്ച് ദ്വാരകയില്‍ നിന്നും പോയി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുത്രന്‍ തിരിച്ചു വരാത്തതില്‍ ദു:ഖിതരായ ദേവകീ വാസുദേവര്‍ ശ്രീനാരദമഹര്‍ഷിയോട് മകന്‍ തിരിച്ചുവരാത്തതിലുള്ള ദു:ഖം പറഞ്ഞ്, ഇനിയെന്തു ചെയ്യണമെന്ന് അന്വേഷിച്ചു. അതുകേട്ട ശ്രീനാരദര്‍ “ദേവീ മാഹാത്മ്യത്താല്‍ ദേവിയെ ഭജിയ്ക്കു വാസുദേവരേ”, എന്നു പറഞ്ഞു. അതിന് വാസുദേവന്‍ ശരിയാണ്, കംസന്റെ കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ അന്ന് ഗര്‍ഗ്ഗ മഹര്‍ഷിയും വന്ന് ഞങ്ങളോട് പറയുകയുണ്ടായി- “ദുര്‍ഗാദേവീയെ ശരണം പ്രാപിയ്ക്കൂ” എന്ന്. എന്നാല്‍ കംസന്റെ കാരാഗൃഹത്തില്‍ കിടക്കുന്ന ഞങ്ങള്‍ക്ക് വിധിയാം വണ്ണം പൂജ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഗ്ഗ മഹര്‍ഷി തന്നെ ഞങ്ങള്‍ക്കുവേണ്ടി വിന്ധ്യാപര്‍വ്വതത്തില്‍ പോയി പൂജ ചെയ്തു തരണേ എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അതുപ്രകാരം, ശ്രീനാരാദമഹര്‍ഷി വിധിയാംവണ്ണം മാര്‍ക്കണ്ഡേയപുരാണത്തിലെ “ദേവീ മാഹാത്മ്യം” വായിച്ച് , നവാക്ഷരി മന്ത്രം ജപിച്ച് ദേവീ പൂജകള്‍ ചെയ്തു. പൂജയുടെ അവസാനം ശ്രീകൃഷ്ണന്‍ ജാംബവതിയോടും “സ്യമന്തകം മണി യോടുകൂടി ദ്വാരകയില്‍ തിരിച്ചു വന്നു എന്ന് “സ്‌കന്ദപുരാണം” നമുക്ക് പറഞ്ഞു തരുന്നു. ദു:ഖങ്ങള്‍ തീരാന്‍ ദുര്‍ഗാ പൂജയാണ് ഏറ്റവും ഉത്തമമെന്ന് പുരാണങ്ങള്‍ ഘോഷിക്കുന്നു. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞാല്‍ പ്രഥമ മുതല്‍ നവമിവരെയാണ് നവരാത്രി കാലം. ചണ്ഡികാ രൂപിണിയായ ദുര്‍ഗാദേവിയെയാണ് പൂജ ചെയ്യുന്നത്. പ്രഥമ മുതല്‍ മൂന്നു ദിവസം ദുര്‍ഗ്ഗാരൂപിണിയായ കാളിയെ പൂജിയ്ക്കുന്നു. നാലാം ദിവസം മുതല്‍ ആറാം ദിവസം വരെ ഐശ്വര്യ സ്വരൂപിണിയായ മഹാലക്ഷ്മിയേയും, സപ്തമി മുതല്‍ അഷ്ടമി, നവമിവരെ വിദ്യാ സ്വരൂപിണിയായ സരസ്വതിയേയും പൂജിക്കുന്നു. പിന്നീട് ദശമിനാളില്‍ ഈ മൂന്നു ദേവിമാരും ചേര്‍ന്ന് “ത്രിപുരസുന്ദരി”യായി ആരാധിക്കുന്നു. ഇതിനെ “വിജയദശമി” എന്നു വിശേഷിപ്പിക്കുന്നു. നവരാത്രി പൂജയ്ക്ക് ആദ്യം കലശം വെച്ച് അലങ്കരിയ്ക്കുന്നു. പിന്നീട് ഓരോ ദിവസവും ഓരോ പടികള്‍ വെച്ച് അതില്‍ ബൊമ്മകള്‍ വെയ്ക്കുന്നു. ആദ്യം ശ്രീരാമചരിതം അനുസ്മരിപ്പിക്കുന്ന ബൊമ്മകളാണ്. അതു തന്നെയാണ് ഏറ്റവും പ്രധാനം എന്തെന്നാല്‍ ആദ്യം ശ്രീരാമചന്ദ്രസ്വാമിയാണത്രെ നവരാത്രി വ്രതമെടുത്തത്. ഒമ്പതു പടികള്‍ നിറയെ കമനീയമായി അലങ്കരിച്ച് വിവിധതരം ബൊമ്മകള്‍, ഏറ്റവും മുകളിലായി ദുര്‍ഗയും, മഹാലക്ഷ്മിയും സരസ്വതിയും, പിന്നെ അതിമനോഹരമായ സിംഹവാഹിനിയും ആയ ഭുവനേശ്വരിയും! അഷ്ടമിയ്ക്ക് ആയുധം , പുസ്തകവും, പേനയും , അവരവരുടെ പണി ആയുധങ്ങളും വെച്ച് പൂജ ആരംഭിച്ച് നവമിയില്‍ കെടാവിളക്ക് കൊളുത്തി മൂന്നു നേരവും പൂജിച്ച് ദശമിനാളില്‍ വെളുത്ത പുഷ്പങ്ങളാല്‍ അര്‍പ്പിച്ച് പാല്‍ പായസം നൈവേദ്യം സമര്‍പ്പിയ്ക്കും. അമ്മമ്മ പറയാറുണ്ട് ശ്രദ്ധയോടെ ഭജിച്ച് അജ്ഞാനം ഇല്ലാതാക്കി,ജ്ഞാനം വര്‍ദ്ധിപ്പിയ്ക്കൂ, ദു:ഖങ്ങള്‍ ഇല്ലാതാകും തീര്‍ച്ച എന്ന്. അതിനായിരിയ്ക്കട്ടെ ഈ നവരാത്രി വ്രതങ്ങളും. വ്രതം എന്നാല്‍ ദുര്‍വിചാരങ്ങളെ മാറ്റി നിര്‍ത്തി മനസ്സിനെ ഈശ്വരങ്കല്‍ സമര്‍പ്പിയ്ക്കലാണ്. ദുര്‍വ്വിചാരങ്ങള്‍ എന്നാല്‍ കാമവും (ആഗ്രഹം) ക്രോധവും തന്നെ! ഈ രണ്ടുമാണ് ദു:ഖങ്ങളുടെ കാരണങ്ങളും മനസ്സിനെ നിയന്ത്രിക്കാനായാണ് വ്രതങ്ങളും. 
ജന്മഭൂമി: 

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

സ്വാമി സത്യാനന്ദ സരസ്വതിയുടെ 80-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനും ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതിയുമായ സ്വാമി സത്യാനന്ദ സരസ്വതിയുടെ 80-ാം ജന്മദിനം ഹിന്ദുഐക്യവേദി സദ്ഭാവനാ ദിനമായി ആചരിച്ചു.
ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനും ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതിയുമായ സ്വാമി സത്യാനന്ദ സരസ്വതിയുടെ 80-ാം ജന്മദിനം ഹിന്ദുഐക്യവേദി സദ്ഭാവനാ ദിനമായി ആചരിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന സദ്ഭാവന സമ്മേളനം സംസ്ഥാന സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ സിപിഎം അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ് ചെയ്തത്, ഇ.എസ്. ബിജു പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുസമൂഹത്തിനുവേണ്ടിയാണ് സ്വാമി നിലകൊണ്ടതെന്നും ബിജു അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം പ്രഭാകരന്‍, ജ്യോതീന്ദ്രകുമാര്‍, കോവളം ബാബു, കെ.കെ. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ജഗത്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ജന്മസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിതിരു: ഹിന്ദുഐക്യവേദിയുടെ സ്ഥാപക നേതാവും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതിയുമായ ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതികളുടെ 80-)ം ജയന്തി ആഘോശത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ഹിന്ദുഐക്യവേദി സംസഥാന സംഘടനാ സെക്രട്ടറി സി.ബാബു പുഷ്പാര്‍ച്ചന നടത്തി.

കണ്ണൂര്‍ പാലുകാച്ചിമല, പൂന്തുറ കലാപം, പാപ്പാവേദി സമരം, കൊല്ലം പുതിയ കാവ് ക്ഷേത്രം തുടങ്ങി ഹൈന്ദവ സമൂഹം നേരിട്ട നൂറുകണക്കിന് വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് സമരമുഖത്തേക്കിറങ്ങിയ സന്യാസിവര്യനാണ് ജഗത്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍. അദ്ദേഹം തുടങ്ങിവച്ച ഹൈന്ദവ മുന്നേറ്റങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തിച്ചു വരുന്നത് എന്ന് സി.ബാബു പറഞ്ഞു.

സ്വാമിജിയുടെ 80-)ം ജയന്തി ആഘോഷം ഹിന്ദുഐക്യവേദി മുഴുവന്‍ സ്ഥാനീധ സമിതികളിലും ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാമിജിയുടെ പണിമൂലക്കടുത്തുളള ജന്മസ്ഥലത്ത് നടന്ന സദ്ഭാവനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് ഡോ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ. പ്രഭാകരന്‍, സ്വാമിജിയുടെ ഉറ്റ സുഹൃത്ത് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സമിതി അംഗം വെണ്ണിയൂര്‍ ഹരി താലൂക്ക് നേതാക്കളായ മോഹനന്‍ നായര്‍, അഡ്വ. രാജേഷ്, ഗോപകുമാര്‍എന്നിവര്‍ പങ്കെടുത്തു.
 

ഇന്ന് ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തികൊല്ലവര്‍ഷം 1111 കന്നിമാസം 6നു പുണര്‍ഥം നക്ഷത്രത്തില്‍ ജനനം 
അപകര്‍ഷതയിലും അടിമത്വത്തിലും ആണ്ടു കിടന്നിരുന്ന ഹൈന്ദവ ജനതയുടെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്‍കിയ ധര്‍മ്മബോധത്തിന്‍റെ സിംഹ ഗര്‍ജ്ജനമായിരുന്നു ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികള്‍.
ദൃഡവൃതനായ സാധകന്‍, ദീര്‍ഘദര്‍ശിയായ ഗുരുനാഥന്‍, ഭാരതീയ ദര്‍ശനങ്ങളുടെ ആധികാരിക ശബ്ദം, ധര്മ്മബോധത്തിന്‍റെയും ബോധാനത്തിന്‍റെയും ഉജ്ജ്വലത,  കരുത്തനായ നേതാവ്. സാമുഹ്യ പരിഷ്കര്‍ത്താവ്‌, ഗ്രന്ഥകാരന്‍ അങ്ങനെ നിസീമമായ കര്‍മ്മമണ്ടലത്തിനുടമയായിരുന്നു സ്വാമികള്‍.
നമ്മുടെ കാലഘട്ടത്തില്‍ ഹിന്ദു ധര്‍മ്മരക്ഷക്കായി അവതരിച്ച പുണ്യദേഹമാണ് ശ്രീരാമ സീതാ ആജ്ഞനേയ ഉപാസകനായിരുന്ന സ്വാമിതൃപ്പാദങ്ങള്‍.
ഗുരുവനുഗ്രഹം, കഠിനമായതപസ്യ, അനാദൃശ്യമായ ഇച്ഛാശക്തി, അന്ധവിശ്വാസങ്ങള്‍ക്കും, മാനസികാടിമത്തത്തിനും എതിരെ നടത്തിയ സന്ധിയില്ലാത്ത സമരം, അത്ഭുതകരമായ സരസ്വതീവിലാസം, ഏതുവിഷയവും യുക്തിയുക്തമായി അവതരിപ്പിക്കാനുള്ള സവിശേഷസാമര്‍ത്ഥ്യം, സര്‍വ്വോപരി സകലരേയും വാത്സല്യത്തോടെയും കാരുണ്യത്തോടും സ്വീകരിക്കുന്നതിലും അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചുകൊടുക്കുന്നതിലും കാട്ടിയ ആര്‍ദ്രഭാവം മറ്റ് സന്ന്യാസിമാരില്‍ നിന്നും വ്യതിരിക്തമായ ജീവിതശൈലി മുതലായവയാല്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ സ്വാമിജി ലോക പ്രശസ്ഥനായി.
കേരളം കണ്ട മികച്ച പ്രഭാഷകരില്‍ ഒരാള്‍ ആയിരുന്നു സ്വാമിജി.
ഹിന്ദുമത തത്വങ്ങളേയും കാലിക പ്രശ്നങ്ങളേയും കുറിച്ച് യുക്തിഭദ്രമായ രീതിയില്‍ നര്‍മ്മം കലര്‍ന്നഭാഷയില്‍ വേണ്ടത്ര പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മണിക്കൂറുകളോളം നടത്തുന്ന പ്രഭാഷണങ്ങള്‍ ജനസഹസ്രങ്ങളെ ആകര്‍ഷിച്ചു.
ശ്രീരാമദാസമിഷ്യന്‍ യൂണിവേഴ്സല്‍ സൊസൈറ്റി, 1991 മുതല്‍ തിരുവനന്തപുരത്ത് ആരംഭിച്ചു.
ഹിന്ദുമത മഹാസമ്മേളനം, ഹിന്ദുഐക്യവേദി മുതലായവ സ്വാമിജിയുടെ സംഘടനാപാടവത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ്.    

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

മസ്തിഷ്‌ക മരണം സംഭവിച്ച പാര്‍ട്ടിയാണ് സിപിഎം: സി.സദാനന്ദന്‍ മാസ്റ്റര്‍പള്ളിക്കത്തോട്:മസ്തിഷ്‌കമരണം സംഭവിച്ച് മരണം കാത്തുകിടക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എന്‍.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍. കാലഹരണപ്പെട്ട കമ്മ്യൂണിസവും കാലാതിവര്‍ത്തിയായ ഗുരുദേവ ദര്‍ശനവും എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എകെജിയെയും കൃഷ്ണപിള്ളയേയും മറന്ന സിപിഎം കാലാകാലങ്ങളായി ശ്രീനാരായണ ഗുരുദേവനപ്പോലെയുള്ള നവോത്ഥാനനായകരെ അപമാനിച്ചു കൊണ്ടിരിക്കുന്നു. ഗുരുദേവനെപ്പോലുള്ള മഹാത്മാക്കള്‍ ഈ നാട്ടില്‍ ഉണ്ടാക്കിയ നവോത്ഥാനത്തിന്റെ പിതൃത്വം അടിസ്ഥാനരഹിതമായി അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ പിന്‍മുറക്കാരാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് റഷ്യയിലും ബംഗാളിലും സംഭവിച്ച പതനം കേരളത്തിലും ആസന്നമായിക്കഴിഞ്ഞതായി സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ താലൂക്ക് സംഘചാലക് സി.എന്‍. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. വിനോദ്, കെ.ആര്‍. രതീഷ്, കരുണ്‍ ഹരി എന്നിവര്‍ സംസാരിച്ചു.

ഗുരുദേവനെ അവഹേളിച്ചത് പാര്‍ട്ടിയുടെ വിനാശത്തിന് : തില്ലങ്കേരി


തിരുവനന്തപുരം: ആര്‍എസ്എസിനോട് പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗുരുദേവനെ അവഹേളിച്ചത് പാര്‍ട്ടിയുടെ വിനാശത്തിനാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. സിപിഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരെ ഹിന്ദുഐക്യവേദി പൂജപ്പുര നഗര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭാരതത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാരെ  നിന്ദിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ പ്രവണത ദേശീയതയെ തകര്‍ക്കുന്നതിനാണ്. കാവി കണ്ടാല്‍ വിറളി പിടിക്കുന്നവര്‍ ആചാര്യന്മാര്‍ക്കെതിരെയുള്ള പരസ്യ ആക്രമണം മാതാ അമൃതാനന്ദമയിയില്‍ നിന്നു തുടങ്ങി ഗുരുദേവനില്‍ വരെ എത്തിനില്‍ക്കുകയാണ്. അദൈ്വതത്തിന്റെ ഏകാത്മകതയില്‍ മനുഷ്യരെ ഒരുമിപ്പിക്കാനാണ് ഗുരുദേവനും ചട്ടമ്പിസ്വാമികളുമൊക്കെ പ്രവര്‍ത്തിച്ചത്.  അതേസമയം ഗുരുദേവ ദര്‍ശനങ്ങളെ വളച്ചൊടിച്ച് ദേശീയതയ്‌ക്കെതിരെ പ്രയോഗിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. ഹിന്ദു ആചാരങ്ങളെ പ്രാകൃതമെന്നും അനാചാരമെന്നും വിളിച്ചിരുന്നവര്‍ ഇന്ന് അണികളെ നിലനിര്‍ത്താന്‍ ഹൈന്ദവ ആചാരങ്ങളെ മുറുകെ പിടിക്കുന്ന സാഹചര്യമാണുള്ളത്. സവര്‍ണ്ണ മേധാവികളെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പാര്‍ട്ടി പറയുന്നത്. എന്നാല്‍  സവര്‍ണ്ണ മേധാവിത്വം ഭാരതത്തിലെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ സവര്‍ണ്ണ മേധാവിത്വമാണുള്ളത്. ഒറ്റ ഒബിസിക്കാരന്‍ പോലുമില്ല. ആകെയുണ്ടായിരുന്ന അച്യുതാനന്ദനെ പുറത്താക്കിയ നിലയിലുമാണ്. ഇത്തരത്തില്‍ സവര്‍ണ്ണ മേധാവിത്വമുള്ള കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിലെ അധഃസ്ഥിതരുടെ നവോത്ഥാനത്തിന് വേണ്ടി പോരാടിയതായി പറയുന്നത്. എന്നാല്‍ ഗാന്ധിജി, അയ്യങ്കാളി,  മന്നത്ത് പത്മനാഭന്‍ തുടങ്ങിയ മഹദ് വ്യക്തികള്‍ കേരളത്തിന്റെ നവോത്ഥാനത്തിന് വേണ്ടി സമരങ്ങള്‍ നയിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.എസ്എന്‍ഡിപി ജഗതി ശാഖാ മുന്‍വൈസ്പ്രസിഡന്റ് പ്രൊഫ. കെ.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.  അനന്തസായി ബാലസദനം സെക്രട്ടറി ശശിധരന്‍ നായര്‍, നഗര്‍ സംഘചാലക് എന്‍.വിജയന്‍, ധര്‍മ്മജാഗരണ്‍ സമിതി സംയോജകന്‍ ജയശങ്കര്‍, ആര്‍എസ്എസ് ജില്ലാ കാര്യകാര്യ സദസ്യന്‍ കെ.വി.രാജേന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കടപ്പാട്: ജന്മഭുമി