2013, ജൂൺ 4, ചൊവ്വാഴ്ച

എന്‍എസ്‌എസ്സിനെതിരായ ലേഖനം സീമകള്‍ ലംഘിച്ചു : കുമ്മനം രാജശേഖരന്‍


       എന്‍എസ്‌എസ്സിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അവഹേളിച്ചു കൊണ്ട്‌ ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സാമാന്യ മര്യാദകളുടെയും സീമകള്‍ ലംഘിച്ചു എന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

       ഏതു വിമര്‍ശനത്തിനും മറുപടി നല്‍കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്‌, പക്ഷേ അത്‌ വികാരങ്ങളെ വ്രണപ്പെടുത്തിയും വ്യക്തിഹത്യ ലക്ഷ്യമിട്ടു കൊണ്ടും ആകരുത്‌. പൊതുജീവിതത്തില്‍ വൈവിധ്യ സ്വഭാവമുള്ള അഭിപ്രായപ്രകടനങ്ങള്‍ സ്വാഭാവികമാണ്‌. അതിനെ വിലകുറഞ്ഞ പദപ്രയോഗങ്ങളിലൂടെയും ചെളി വാരി എറിഞ്ഞും നേരിടുന്നവര്‍ സ്വന്തം ആശയ ദാരിദ്ര്യത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌. ചന്ദ്രിക ദിനപത്രം നൂറോളം വര്‍ഷം പഴക്കമുള്ള എന്‍ എസ്‌ എസ്സിനെയും അതിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയെയും അധിക്ഷേപിച്ചതിന്റെ പിന്നില്‍ വ്യക്തമായ അജന്‍ഡയുണ്ട്‌. മുസ്ലിം ലിഗ്‌ എന്ന രാഷ്ട്രീയ കക്ഷി വിമര്‍ശനങ്ങള്‍ക്ക്‌ അതീതമാണെന്ന സന്ദേശമാണ്‌ ലേഖനത്തിന്റെ കാതല്‍. എന്‍ എസ്‌ എസ്സും എസ്‌ എന്‍ ഡി പിയും ഉന്നയിച്ചത്‌ ഭൂരിപക്ഷ സമൂഹത്തിന്റെ ഭയാശങ്കകളും ആവലാതികളുമാണ്‌. ഭരണ കക്ഷിയായ മുസ്ലിം ലിഗ്‌ അവയ്ക്ക്‌ കാര്യകാരണ സഹിതം മറുപടി പറയാനുള്ള ആര്‍ജ്ജവം കാട്ടണം. അതിന്‌ പകരം ഭൂരിപക്ഷ വിഭാഗത്തെ അടച്ചാക്ഷേപിച്ച്‌ ഹിന്ദു ഐക്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നത്‌ അപലപനീയമാണ്‌. 

       ഹിന്ദു നേതാക്കളെ തിരഞ്ഞ്‌ പിടിച്ച്‌ കടന്നാക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഹീനമായ ശ്രമങ്ങളില്‍ നിന്നും ചന്ദ്രിക ദിനപത്രവും മുസ്ലിം ലീഗും പിന്തിരിയണമെന്ന്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ