2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ഹിന്ദുഐക്യവേദിയുടെ സമരങ്ങളുടെ വിജയം

മഹാശിവരാത്രിക്ക്‌ ആലുവ മണപ്പുറത്തെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ താല്‍ക്കാലിക പാലത്തിലൂടെ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെയും നഗരസഭയുടെയും തീരുമാനം ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ ഐതിഹാസിക സമരങ്ങളുടെ വിജയമാണ്‌. 

ശിവരാത്രി നാളിലും പിറ്റേദിവസം വാവിന്‌ ഉച്ചയ്ക്ക്‌ 2മണി വരെയുമാണ്‌ പാലത്തിലൂടെ സൗജന്യയാത്ര അനുവദിച്ചത്‌. ചരിത്രമുറങ്ങുന്ന ആലുവ ശിവരാത്രി മണപ്പുറത്ത്‌ എത്തുന്ന ലക്ഷക്കണക്കിന്‌ ഭക്തജനങ്ങള്‍ക്ക്‌ നഗരസഭയും സര്‍ക്കാരും സൗകര്യങ്ങളും സൗജന്യയാത്രാ സൗകര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട്‌ 2008 മുതല്‍ ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിലാണ്‌. തട്ടേക്കാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടത്തുവഞ്ചി സംവിധാനം നിര്‍ത്തലാക്കി മണപ്പുറത്തേക്ക്‌ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തിയിരുന്നു. 2008ല്‍ കടത്തുവഞ്ചിക്ക്‌ ഇരുവശങ്ങളിലേക്കുമായി അഞ്ച്‌ രൂപയാണ്‌ ഈടാക്കിയിരുന്നത്‌. 2009ല്‍ ഇത്‌ പത്ത്‌ രൂപയാക്കി. ഈ പകല്‍ക്കൊള്ളക്കെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. 
ശിവരാത്രി മണപ്പുറത്ത്‌ നടക്കുന്ന വ്യാപാരമേളയിലൂടെ ലക്ഷങ്ങളാണ്‌ നഗരസഭയ്ക്ക്‌ വരുമാനം. ഈ സാഹചര്യത്തില്‍ കടത്തുകൂലിക്ക്‌ ന്യായീകരണമില്ലെന്ന്‌ ഹൈന്ദവസംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിനെത്തുടര്‍ന്ന്‌ രണ്ട്‌ രൂപ കുറച്ച്‌ എട്ട്‌ രൂപയാക്കി. 2011ല്‍ വീണ്ടും 10 രൂപയാക്കി. ഇതിനെതിരെ ഹിന്ദുഐക്യവേദി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കളക്ടറുടെ നേതൃത്വത്തില്‍ നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തി. കളക്ടറും പോലീസും ശിവരാത്രിനാളിലെ പിരിവ്‌ പ്രായോഗികമല്ലെന്നും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട്‌ നല്‍കി. ഭക്തജനങ്ങളെ മണപ്പുറത്തേക്കുള്ള യാത്രയുടെ പേരില്‍ നഗരസഭ പിഴിയുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനാണ്‌ അധികൃതര്‍ ശ്രമിച്ചത്‌. 

കഴിഞ്ഞവര്‍ഷം പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും അന്‍വര്‍സാദത്ത്‌ എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയില്‍ പാലത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഈ തുക ഉപയോഗിച്ചില്ല. ഈ വര്‍ഷം പാലം നിര്‍മ്മിക്കുന്നതിന്‌ മുമ്പുതന്നെ കഴിഞ്ഞവര്‍ഷം അനുവദിച്ചിട്ടും ഉപയോഗിക്കാത്ത 40ലക്ഷം രൂപ ഉപയോഗിച്ച്‌ പാലം നിര്‍മ്മിക്കണമെന്നും സൗജന്യയാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദി നഗരസഭക്ക്‌ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ സൗജന്യയാത്ര അനുവദിക്കുവാന്‍ തീരുമാനമായത്‌. ഇത്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തിയ പോരാട്ടങ്ങളുടെ അംഗീകാരമായിരുന്നു. 

പവിത്രമായ ശിവരാത്രി മണപ്പുറത്തിന്റെ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണിപ്പോള്‍ ഹിന്ദുഐക്യവേദി. മണപ്പുറം മഹാദേവന്റെ പൈതൃക സ്വത്താണ്‌. സെറ്റില്‍മെന്റ്‌ രജിസ്റ്ററില്‍ ആലുവ മണപ്പുറം ദേവസ്വംഭൂമിയും ദേവസ്വം പുറമ്പോക്കുമായിട്ടാണ്‌ കാണിച്ചിരിക്കുന്നത്‌. 1915ലാണ്‌ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ ദേവസ്വം ഭൂമി കയ്യടക്കുന്നത്‌. ഇപ്പോള്‍ ലാഭക്കൊതി മൂത്ത്‌ ഹൈന്ദവ ആചാര വിരുദ്ധമായുള്ള ചടങ്ങുകള്‍ക്ക്‌ വരെ നഗരസഭ മണപ്പുറം വിട്ടുനല്‍കിയതിനെതിരെ ഹിന്ദുഐക്യവേദി ഹര്‍ത്താലും പ്രക്ഷോഭവും നടത്തിയിരുന്നു. നഗരസഭാ ഓഫീസ്‌ മാര്‍ച്ച്‌, ധര്‍ണ്ണ, നിരാഹാരസമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നു. മണപ്പുറം സംരക്ഷണസമിതി രൂപീകരിച്ച്‌ നടത്തിയ സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രസിദ്ധ ചിത്രകാരന്‍ എം.വി.ദേവന്‍, എസ്‌എന്‍ഡിപിയോഗം പ്രസിഡന്റ്‌ ഡോ. എം.എന്‍.സോമന്‍, കവി എന്‍.കെ.ദേശം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ