2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ഹിന്ദു ഐക്യവേദി എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല് പൂര്‍ണം

         ആലുവ ശിവരാത്രി മണപ്പുറത്തു മുസ്ലിം സംഘടനയുടെ പരിപാടി നടത്താന്‍ അനുവാദം നല്‍കിയ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല് പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍.
         സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഹോട്ടലുകളും അടഞ്ഞു കിടന്നതിനാല്‍ നഗരത്തിലെത്തിയവരെ ഹര്‍ത്താല്‍ പൂര്‍ണമായും വലച്ചു. എറണാകുളം മാര്‍ക്കറ്റും നിശ്ചലമായി. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ നഗരത്തിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.ആലുവയിലും മട്ടാഞ്ചേരിയിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കൊച്ചി തുറമുഖത്ത് ചരക്ക് കയറ്റിറക്ക് ജോലികള്‍ സാധാരണപോലെ നടന്നെങ്കിലും പുതുതായി കണ്ടെയ്‌നര്‍ ലോറികള്‍ ചരക്കുമായി തുറമുഖത്തേയ്ക്ക് എത്തിയില്ല. തുറമുഖത്തിന്‌ പുറത്തേക്കും ചരക്കുനീക്കം നടന്നില്ല. നഗരത്തില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ പോലീസിന്റെ അകമ്പടിയോടെ വിവിധ ഭാഗങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ജില്ലയിലേക്കും പുറത്തേക്കുമുള്ള ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌.രാവിലെ ആറ്‌ മുതല്‍ വൈകുന്നേരം ആറ്‌ വരെയാണ്‌ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്‌. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. മുസ്ലിം യൂത്ത് മൂവ്മെന്‍റാണ് ഇന്നലെയും ഇന്നുമായി ആലുവ നദിക്കരയില്‍ ദീനി വിജ്ഞാന സദസ് എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിന് ആലുവ നഗരസഭ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദു ഐക്യവേദി പ്രകടവും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ