2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ആഘോഷങ്ങള്‍ക്ക്‌ അവധി നല്‍കി സമാജനിര്‍മാണത്തിന്‌ ഹിന്ദുക്കള്‍ ഊന്നല്‍ നല്‍കണം: ശശികല ടീച്ചര്‍


           ക്ഷേത്രപുനര്‍നിര്‍മാണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞ സ്ഥിതിക്ക്‌ ആഘോഷങ്ങള്‍ക്ക്‌ അവധി നല്‍കി ഹിന്ദുക്കള്‍ സമാജപുനര്‍നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി.ശശികല ടീച്ചര്‍. 

    അഭിനവ മാരീചന്‍മാര്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത്‌ ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളെ സംരക്ഷിക്കാന്‍ ഇത്‌ അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്നൂര്‍ പാട്ടുപ്പുര ദേവിക്ഷേത്രത്തിലെ ഊട്ടുപ്പുരയുടെ സമര്‍പ്പണചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശശികലടീച്ചര്‍. സമാജത്തിന്റെ ക്ഷതവും ക്ഷയവും ഇല്ലാതാക്കുന്ന കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങള്‍. പട്ടിണിക്ക്‌ പരിഹാരം കാണാന്‍ ക്ഷേത്രങ്ങള്‍ക്ക്‌ കഴിയുമോ എന്നാക്ഷേപിച്ചിരുന്നവര്‍ക്ക്‌ ഇന്ന്‌ പട്ടിണി മാറിയപ്പോള്‍ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പട്ടിണി മാറ്റാന്‍ ക്ഷേത്രങ്ങളെ അഭയം പ്രാപിക്കേണ്ട അവസ്ഥയിലാണ്‌. വേദങ്ങള്‍ വീണ്ടെടുക്കാന്‍ ഓരോ ഹിന്ദുവും മത്സ്യാവതാരമെടുക്കണം. ഓരോ ക്ഷേത്രത്തിലും നിര്‍ബന്ധമായും ആധ്യാത്മികഗ്രന്ഥശാല രൂപികരിക്കണം.

    ക്ഷേത്രങ്ങള്‍ ഒരിക്കലും മതേതരകേന്ദ്രങ്ങളല്ല. സ്വന്തം ധര്‍മവും മതഗ്രന്ഥവും പഠിപ്പിക്കാത്തവനാണ്‌ ഹിന്ദു എന്ന ദുഷ്പേര്‌ മാറ്റിയെടുക്കണം. കുട്ടികള്‍ ഇത്‌ പഠിക്കാത്തതിന്റെ ഫലമാണ്‌ ഏഴായിരത്തിലേറെ പെണ്‍കുട്ടികളെ ലൗജിഹാദികള്‍ ഇരയാക്കിയത്‌. ഇന്നും ഇവരുടെ കുടുംബങ്ങള്‍ കണ്ണീരിലാണ്‌. ധര്‍മത്തിന്റെ കാര്യത്തില്‍ പൂര്‍ണസാക്ഷരത കൈവരിക്കാന്‍ ഹിന്ദു നിശ്ചയദാര്‍ഢ്യത്തോടെ രംഗത്തിറങ്ങിയാല്‍ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പല രോഗങ്ങളും പരിഹരിക്കാനാവും. അധര്‍മ്മം എവിടെയുണ്ടോ അവിടെ ഇടപെടാന്‍ കെല്‍പ്പുള്ളവരെ ഇതിലൂടെ വാര്‍ത്തെടുക്കാനാകുമെന്നും ശശികലടീച്ചര്‍ പറഞ്ഞു.

എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനും എല്ലാവരെയും സ്വന്തം മണ്ണിലേക്ക്‌ സ്വാഗതം ചെയ്യാനും തയ്യാറായ മഹത്തായ സംസ്കാരമാണ്‌ നമ്മുടെതെന്ന്‌ ഉദ്ഘാടനം നിര്‍വഹിച്ച അഡ്വ.പി.ഐഷാപോറ്റി എംഎല്‍എ പറഞ്ഞു. 

മൂല്യച്യുതി വ്യാപകമായ കാലഘട്ടത്തില്‍ ഇതിനറുതി വരുത്താന്‍ നിയമങ്ങള്‍ കൊണ്ടുമാത്രം കഴിയില്ലെന്നും അതിന്‌ മനുഷ്യന്റെ മനോഭാവം മാറണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വാര്‍ഡംഗം രവീന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രി രമേശ്‌ ഭാനുഭാനുപണ്ടാരത്തില്‍, കെ.രാജേന്ദ്രപ്രസാദ്‌ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ