2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ആറന്മുള വിമാനത്താവളം പാര്‍ലമെന്റ്‌ പ്രതിനിധി സംഘം ആറന്മുളയില്‍

           
Aaranmula-parthasarthi Temple

   ആറന്മുളയില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തെപ്പറ്റിയും നെല്‍വയല്‍ നികത്തലിനെപ്പറ്റിയും പഠിക്കുന്നതിനും വിഷയം പാര്‍ലമെന്റിലും ദേശിയതലത്തിലും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഗതാഗത-വിനോദ-സാംസ്കാരിക വകുപ്പിന്റെ പാര്‍ലമെന്റ്‌ കമ്മറ്റി അംഗം രാകേഷ്‌ സിംഗ്‌ (രാജസ്ഥാന്‍), പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്റ്‌ കമ്മറ്റി അംഗം ഉദയസിംഗ്‌ (പൂന) എന്നീ എം.പി. മാര്‍ 2012 ഡിസംബര്‍ 23-ാ‍ം തീയതി ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ആറന്മുള സന്ദര്‍ശിക്കും.
ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിനെ കണ്ട്‌ നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട പ്രത്യേക പ്രതിനിധി സംഘമാണ്‌ ഞായറാഴ്ച ആറന്മുളയില്‍ എത്തുക. ഭൂമി കയ്യേറ്റം നടത്തിയ ആറന്മുളയിലെ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച്‌, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരെ നേരില്‍ കണ്ട്‌ പ്രശ്നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും.

   മണ്ണിട്ടുനികത്തുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍, പട്ടികജാതിക്കാരുടെ കോളനികള്‍ നേരിടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണി, ചരിത്രപ്രാധാന്യമുള്ള സാംസ്കാരിക കേന്ദ്രങ്ങളും പുരാതന നിര്‍മ്മിതികളും നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയെ സംബന്ധിച്ചും സമിതി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ആറന്മുളയില്‍ നടക്കുന്ന നിയമലംഘനങ്ങളെ സംബന്ധിച്ച്‌ ഇതുവരെ ലഭ്യമായ എല്ലാ രേഖകളും സമരസമിതി നേതാക്കള്‍ എം.പി. മാര്‍ക്ക്‌ കൈമാറും. പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി, പള്ളിയോട പള്ളിവിളക്ക്‌ സംരക്ഷണ സമിതി ചെയര്‍മാന്‍ പി. ഇന്ദുചൂഡന്‍, പ്രകൃതി സംരക്ഷണ സൗഹൃദവേദി കണ്‍വീനര്‍ പ്രദീപ്‌ അയിരൂര്‍ എന്നിവര്‍ എം.പി.മാരെ അനുഗമിക്കും. പൊതുജനങ്ങള്‍ക്ക്‌ അവരുടെ പരാതി സമര്‍പ്പിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്ന്‌ നേതാക്കള്‍ അറിയിച്ചു.