2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

ദേവസ്വം ഭരണത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു : കുമ്മനം രാജശേഖരന്‍


                ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും പരമാധികാരവും ഉറപ്പിക്കുവാനും പിടിമുറുക്കുവാനുമാണ്‌ ഇപ്പോള്‍ ദേവസ്വം ഓര്‍ഡിനന്‍സിന്‍്‌ മന്ത്രി സഭ രൂപം നല്‍കിയിട്ടുള്ളതെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡനെ സ്വന്തം രാഷ്ട്രീയാധികാര കേന്ദ്രമാക്കി മാറ്റുവാനുള്ള അടവുനയം മാത്രമാണ്‌ ഹിന്ദു എംഎല്‍എ മാര്‍ക്ക്‌ ഈശ്വര വിശ്വാസമുണ്ടാവണമെന്ന വ്യവസ്ഥ. ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡിനെ ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്‌ പകരം കൂടുതല്‍ അധികാരങ്ങള്‍ കൈക്കലാക്കി ഭരണം തങ്ങളിലേക്ക്‌ കേന്ദ്രീകരിക്കുവാനാണ്‌ സര്‍ക്കാരിന്റെ ശ്രമം. ദേവസ്വം ഭരണത്തെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കെ.പി. ശങ്കരന്‍നായര്‍ കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പിലാക്കണം.

ക്ഷേത്ര പ്രവേശന വിളംബരത്തില്‍ 75-ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ക്ഷേത്ര ഭരണത്തില്‍ ഭക്തജന പ്രതിനിധികള്‍ക്ക്‌ പ്രവേശനം അനുവദിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളായിരിക്കെ, അവര്‍ക്ക്‌ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നിഷേധിക്കുന്നത്‌ ഒട്ടും നീതികരിക്കാവുന്നതല്ല. പട്ടികജാതിക്കാര്‍ക്ക്‌ നീക്കിവച്ചിട്ടുള്ള സ്ഥാനം വ്യവസ്ഥ ചെയ്യുന്നത്‌ നിരുപാധികമായിട്ടായിരിക്കണം.


ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോര്‍ഡ്‌ രൂപീകരിച്ചതോടെ ക്ഷേത്ര ഭരണത്തില്‍ ദേവസ്വം ബോര്‍ഡ്‌ കൂടാതെ മറ്റൊരു അധികാരകേന്ദ്രം കൂടി സര്‍ക്കാരിന്‌ ലഭിക്കും. അവിടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക്‌ അധികാരം പങ്കുവെയ്ക്കുവാനും അഴിമതി വ്യാപകമാക്കാനും അവസരം ഉണ്ടാകും.പിഎസ്സി വഴി നിയമനം നടത്തുന്നതിന്‌ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായപ്പോഴാണ്‌ അവയെ അട്ടിമറിച്ചുകൊണ്ട്‌ പുതിയ റിക്രൂട്ട്മെന്റ്‌ സംവിധാനം കൊണ്ടുവരുന്നത്‌. നിഷ്പക്ഷവും സ്വതന്ത്രവുമായി റിക്രൂട്ടിംഗ്‌ സംവിധാം ഇന്ന്‌ നിലവിലുള്ളത്‌ പിഎസ്സി മാത്രമാണ്‌.


ഹജ്ജ്‌ കമ്മിറ്റി, വഖഫ്‌ ബോര്‍ഡ്‌ തുടങ്ങിയ മുസ്ലിം സ്ഥാപനങ്ങളില്‍ അധികാരികളെ നിശ്ചയിക്കുന്നതിന്‌ എംഎല്‍എമാര്‍ക്ക്‌ ഈശ്വര വിശ്വാസം ആവശ്യമില്ലെന്ന്‌ പിണറായി വിജയന്‍ പറയുന്നു.പള്ളികളും മോസ്കുകളും ഭരിക്കുന്നവരെ നിശ്ചയിക്കുവാന്‍ ക്രൈസ്തവ മുസ്ലിം എംഎല്‍എ മാര്‍ക്ക്‌ എന്തുകൊണ്ട്‌ അധികാരമില്ലെന്നും ക്ഷേത്രങ്ങള്‍ ഭരിക്കുന്ന കാര്യത്തില്‍ മാത്രം എംഎല്‍എമാര്‍ക്ക്‌ എന്തിനാണ്‌ അധികാരം നല്‍കുന്നതെന്നും ചോദിക്കുവാന്‍ സിപിഎം നേതാവ്‌ ആര്‍ജ്ജവം കാട്ടേണ്ടതാണ്‌. ദേവസ്വം നിയമത്തിന്റെ മാതൃകയില്‍ പള്ളികള്‍ക്കും ഒരു ഭരണ ബോര്‍ഡ്‌ രൂപീകരിക്കണമെന്ന ജസ്റ്റീസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കാരകമ്മീഷന്റെ നിര്‍ദ്ദേശം സിപിഎം സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന്‌ രാജശേഖരന്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ