2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുഐക്യവേദി

മാറാട്‌ മാര്‍ച്ച്‌ സര്‍ക്കാരിന്‌ താക്കീതായി

            മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ ക്യാമ്പ്‌ ഓഫീസിലേക്ക്‌ നടന്ന മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി. മതഭീകരവാദശക്തികളുടെ നിയന്ത്രണത്തിലാണ്‌ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എന്നതിന്റെ തെളിവാണ്‌ മാറാട്‌ കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്‌ പിന്നിലെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

            മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ തീവ്രവാദശക്തികളുടെ പങ്ക്‌ പുറത്ത്‌ വന്നാല്‍ ഭരണത്തിലിരിക്കുന്നവരുടെ സിംഹാസനം ഇളകും. സമൂഹത്തില്‍ മാന്യന്മാരായി വിലസിനടക്കുന്ന വ്യാജന്മാരുടെ മുഖംമൂടി വലിച്ചെറിയപ്പെടുകയും ചെയ്യും. ആരോടാണ്‌ കേന്ദ്രആഭ്യന്തരവകുപ്പിനും സര്‍ക്കാറിനും വിധേയത്വം എന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎമ്മും ലീഗും ഇന്ന്‌ സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും ഇപ്പോള്‍ സിബിഐ അന്വേഷണത്തെ പിന്തുണക്കുന്നുണ്ട്‌. എന്നിട്ടും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിന്‌ പിന്നില്‍ തീവ്രവാദശക്തികള്‍ക്ക്‌ വിധേയത്വമുള്ള സര്‍ക്കാറാണ്‌ ഇവിടെ ഭരിക്കുന്നത്‌ എന്നതിന്റെ തെളിവാണ്‌. ഒമ്പതരവര്‍ഷമായി നടക്കുന്ന സഹനസമരത്തെ കണ്ടില്ലെന്ന്‌ നടിക്കുന്ന സര്‍ക്കാര്‍ ഹിന്ദുസമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്‌.

കേരളത്തെ നിയന്ത്രിക്കുന്നത്‌ ലീഗാണെന്ന്‌ പ്രഖ്യാപിച്ച മന്ത്രിയുടെ ധാര്‍ഷ്ട്യത്തെ ന്യായീകരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസും. ലീഗിന്റെ ഇഷ്ടാനുസരണമുള്ള ഏകാധിപത്യ ഭരണത്തിലേക്കാണ്‌ കേരളം നീങ്ങുന്നത്‌. കേരളത്തില്‍ മണ്ണിനും ജലത്തിനും വേണ്ടിയുള്ള സമരം നടക്കുകയാണ്‌. മാറാട്ടെ സമരവും ഒറ്റപ്പെട്ട സമരമല്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ നീതിലഭിക്കും വരെ ഈ സമരം തുടരും. അദ്ദേഹം പറഞ്ഞു.

മാറാട്‌ സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറാട്ടെ മത്സ്യത്തൊഴിലാളുടെ ബലികുടീരങ്ങള്‍ക്ക്‌ മുമ്പില്‍ ചെന്ന്‌ മാപ്പിരന്നിട്ടുവേണമായിരുന്നു ഇപ്പോഴത്തെ നിലപാട്‌ മാറ്റം നടത്താനെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. മുസ്ലിംലീഗ്‌ പുറത്ത്‌ പറയുന്നതല്ല അതിന്റെ യഥാര്‍ത്ഥ നയം എന്ന്‌ ഇന്ന്‌ വെളിപ്പെട്ടിരിക്കുകയാണ്‌. അവര്‍ ആവശ്യപ്പെടുന്നതല്ല അവര്‍ ആഗ്രഹിക്കുന്നത്‌. സിബിഐ അന്വേഷണത്തിന്‌ പരസ്യമായി പിന്തണക്കുമ്പോള്‍ രഹസ്യമായി അതിന്‌ തുരങ്കംവെക്കുകയാണ്‌. കേസന്വേഷണങ്ങള്‍ മരവിപ്പിക്കുന്ന കാലമാണിത്‌. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ വമ്പന്‍ സ്രാവുകള്‍ പിടിക്കപ്പെടുമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. മന്ത്രി ഏത്‌ വമ്പന്‍ സ്രാവിനെയാണ്‌ അറസ്റ്റ്‌ ചെയ്തതെന്ന്‌ വ്യക്തമാക്കണം. പയ്യോളിയിലെ മനോജ്‌ വധക്കേസും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌. ജനശക്തിക്കുമുമ്പില്‍ സര്‍ക്കാറിന്‌ ഇതിനെല്ലാം മറുപടി പറയേണ്ടിവരുമെന്ന്‌ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. സമാധാനത്തിന്റെയും ശാന്തിയുടെയും പരിധി ലംഘിക്കുന്ന സാഹചര്യത്തിലേക്ക്‌ മാറാട്‌ സമരത്തെ വലിച്ചുനീട്ടരുതെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. മുസ്ലീംലീഗിന്റെ വര്‍ഗീയ-മതധാര്‍ഷ്ട്യത്തിന്‌ മുന്നില്‍ മുട്ടുകുത്തുന്ന കോണ്‍ഗ്രസിനെ ജനകീയചെറുത്തുനില്‍പ്പിലൂടെ പാഠം പഠിപ്പിക്കാന്‍ മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

          മാറാട്‌ അരയസമാജം പ്രസിഡന്റ്‌ പി.ദാസന്‍ അധ്യക്ഷത വഹിച്ചു. ശശികമ്മട്ടേരി സ്വാഗതവും സദാനന്ദന്‍ നന്ദിയും പറഞ്ഞു. ലിങ്ക്‌ റോഡില്‍ നിന്ന്‌ ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാകാര്യദര്‍ശി കെ.പി. ഹരിദാസ്‌, സഹസംഘടനാസെക്രട്ടറി സി.ബാബു, വി.എച്ച്‌.പി. സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എം.സി. വത്സന്‍, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ്‌ എന്‍.പി. രാധാകൃഷ്ണന്‍, കെ. രജനീഷ്‌ ബാബു, സി. ശെല്‍വന്‍, പി.രഘുനാഥ്‌, പി.ഡി. കണ്ണന്‍, എന്‍.കെ. ബാലകൃഷ്ണന്‍മാസ്റ്റര്‍, പി.വി. മുരളീധരന്‍, പി.ചന്ദ്രികടീച്ചര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ