2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്‌, മന്ത്രി എം.കെ.മുനീര്‍, പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ്‌ വിജിലന്‍സ്‌ അന്വേഷണം
കോഴിക്കോട്‌ സര്‍വകലാശാലയുടെ ഭൂമി മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ തങ്ങള്‍ അധ്യക്ഷനായ ട്രസ്റ്റിനടക്കം ദാനം ചെയ്യാനുള്ള സിന്‍ഡിക്കേറ്റ്‌ തീരുമാനത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്‌, മന്ത്രി എം.കെ.മുനീര്‍, പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ അബ്ദുള്‍ സലാം, മൂന്ന്‌ ട്രസ്റ്റുകളുടെ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം. വിജിലന്‍സ്‌ മലപ്പുറം ഡിവൈഎസ്പിയോടാണ്‌ അന്വേഷിച്ച്‌ ജനുവരി 22-നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ ജഡ്ജ്‌ വി.ഭാസ്കരന്‍ ഉത്തരവിട്ടത്‌.

സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള 43 ഏക്കര്‍ ഭൂമി ലീഗ്‌ മന്ത്രിമാരുടെ ബന്ധുക്കളുടെ മൂന്ന്‌ സ്വകാര്യ ട്രസ്റ്റുകള്‍ക്ക്‌ ദാനം ചെയ്യാനായിരുന്നു സിന്‍ഡിക്കേറ്റ്‌ തീരുമാനം. സ്വകാര്യ ട്രസ്റ്റുകള്‍ക്ക്‌ ഭൂമി നല്‍കാന്‍ ചട്ടമില്ലാതിരിക്കെ സിന്‍ഡിക്കേറ്റ്‌ എടുത്ത തീരുമാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍വകലാശാല സിന്റിക്കേറ്റ്‌ മുന്‍ അംഗവും രജിസ്ട്രാര്‍ ഇന്‍ചാര്‍ജുമായിരുന്ന ടി.കെ.നാരായണനാണ്‌ ഹര്‍ജി നല്‍കിയത്‌. സര്‍വകലാശാലയുടെ 10ഏക്കര്‍ ഭൂമി പണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനായ ഗ്രേസ്‌ എഡ്യൂക്കേഷന്‍ ട്രസ്റ്റ്‌, മൂന്നേക്കര്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു ഡോ.കെ.കുഞ്ഞാലി ഭാരവാഹിത്വം വഹിക്കുന്ന ബാഡ്മിന്റണ്‍ ഡവലപ്മെന്റ്‌ ട്രസ്റ്റിന്‌ ബാഡ്മിന്റണ്‍ കോര്‍ട്ട്‌ നിര്‍മിക്കാന്‍, മന്ത്രി എം.കെ.മുനീറിന്റെ ബന്ധു പി.എ.ഹംസക്ക്‌ ഭാരവാഹിത്വമുള്ള കോഴിക്കോട്‌ ഒളിംപിക്‌ അസോസിയേഷന്‌ കായിക സമുച്ചയമുണ്ടാക്കാന്‍ മുപ്പതേക്കര്‍ ഭൂമി എന്നിങ്ങനെ ദാനം ചെയ്യാനായിരുന്നു സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചത്‌. വിവാദമായതോടെ അടിയന്തര സിന്‍ഡിക്കേറ്റ്‌ യോഗം ചേര്‍ന്ന്‌ തീരുമാനം പിന്‍വലിച്ചു.

             ട്രസ്റ്റുകളുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളും വിജിലന്‍സ്‌ അന്വേഷണ പരിധിയില്‍ വരും. ട്രസ്റ്റുകളുടെ പേരില്‍ അനധികൃതമായി പണപ്പിരിവു നടത്തുകയും പിന്നീട്‌ ട്രസ്റ്റ്‌ പിന്‍വലിഞ്ഞതും ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അഡ്വ. എം.സി.ആഷി ഹര്‍ജിക്കാരനുവേണ്ടി ഹാജരായി. ഭൂമിദാനം സംബന്ധിച്ച്‌ സിന്‍ഡിക്കേറ്റ്‌ തീരുമാനം പുറത്തുവന്നത്‌ വിവാദമായതോടെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയായ അബ്ദുറബ്ബും സര്‍ക്കാരിന്‌ ഈ വിഷയത്തെക്കുറിച്ച്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ വിജിലന്‍സ്‌ അന്വേഷണം വന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കള്ളക്കളി നടത്തുകയാണ്‌ ചെയ്തതെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃ പിതാവ്‌ ഭാരവാഹിത്വം വഹിക്കുന്ന ബാറ്റ്മിന്റണ്‍ ഡവലപ്മെന്റ്‌ ട്രസ്റ്റിന്‌ വരെ ഭൂമിനല്‍കാന്‍ തീരുമാനിച്ചിരുന്നു.

            സംസ്ഥാനത്ത്‌ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌ ലീഗാണെന്ന്‌ കഴിഞ്ഞ ദിവസം മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞിരുന്നു. ഭൂമിദാനവുമായി ബന്ധപ്പെട്ട്‌ തനിക്കൊന്നും അറിയില്ലെന്ന മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്താവനയിലൂടെ ലീഗിന്റെ അപ്രമാദിത്വം തെളിഞ്ഞിരിക്കുകയാണ്‌. കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഭൂമി ഇതിനകം നിരവധി പേര്‍ കയ്യേറിയിട്ടുണ്ട്‌. ഭൂമിദാനവിവാദവുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ സര്‍വകലാശാലയുടെ ഭൂമി സര്‍വീസ്‌ സംഘടനകള്‍ കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്‌. അനുവദിച്ചതിലും അധികം ഭൂമി സഹകരണസംഘങ്ങളും മാറിമാറി വരുന്ന ഭരണകര്‍ത്താക്കളുടെ സര്‍വീസ്‌ സംഘടനകളും കയ്യേറിയിട്ടുള്ളതായാണ്‌ കണ്ടെത്തിയിരുന്നത്‌. അറുപത്തഞ്ച്‌ സെന്റോളം ഭൂമിയാണ്‌ അനധികൃതമായി ഇത്തരത്തില്‍ കയ്യേറിയിരിക്കുന്നത്‌. സിപിഎം സര്‍വീസ്‌ സംഘടനകളും കോണ്‍ഗ്രസ്സിന്റെ സഹകരണ സംഘങ്ങളും കയ്യേറ്റം നടത്തിയിട്ടുണ്ട്‌. ലീഗിന്റെ കീഴിലുള്ള സര്‍വീസ്‌ സംഘടനകള്‍ നടത്തിയ കയ്യേറ്റങ്ങളെക്കുറിച്ച്‌ അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ