2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

ദേവസ്വം ഭരണത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു : കുമ്മനം രാജശേഖരന്‍


                ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും പരമാധികാരവും ഉറപ്പിക്കുവാനും പിടിമുറുക്കുവാനുമാണ്‌ ഇപ്പോള്‍ ദേവസ്വം ഓര്‍ഡിനന്‍സിന്‍്‌ മന്ത്രി സഭ രൂപം നല്‍കിയിട്ടുള്ളതെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡനെ സ്വന്തം രാഷ്ട്രീയാധികാര കേന്ദ്രമാക്കി മാറ്റുവാനുള്ള അടവുനയം മാത്രമാണ്‌ ഹിന്ദു എംഎല്‍എ മാര്‍ക്ക്‌ ഈശ്വര വിശ്വാസമുണ്ടാവണമെന്ന വ്യവസ്ഥ. ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡിനെ ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്‌ പകരം കൂടുതല്‍ അധികാരങ്ങള്‍ കൈക്കലാക്കി ഭരണം തങ്ങളിലേക്ക്‌ കേന്ദ്രീകരിക്കുവാനാണ്‌ സര്‍ക്കാരിന്റെ ശ്രമം. ദേവസ്വം ഭരണത്തെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കെ.പി. ശങ്കരന്‍നായര്‍ കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പിലാക്കണം.

ക്ഷേത്ര പ്രവേശന വിളംബരത്തില്‍ 75-ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ക്ഷേത്ര ഭരണത്തില്‍ ഭക്തജന പ്രതിനിധികള്‍ക്ക്‌ പ്രവേശനം അനുവദിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളായിരിക്കെ, അവര്‍ക്ക്‌ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നിഷേധിക്കുന്നത്‌ ഒട്ടും നീതികരിക്കാവുന്നതല്ല. പട്ടികജാതിക്കാര്‍ക്ക്‌ നീക്കിവച്ചിട്ടുള്ള സ്ഥാനം വ്യവസ്ഥ ചെയ്യുന്നത്‌ നിരുപാധികമായിട്ടായിരിക്കണം.


ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോര്‍ഡ്‌ രൂപീകരിച്ചതോടെ ക്ഷേത്ര ഭരണത്തില്‍ ദേവസ്വം ബോര്‍ഡ്‌ കൂടാതെ മറ്റൊരു അധികാരകേന്ദ്രം കൂടി സര്‍ക്കാരിന്‌ ലഭിക്കും. അവിടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക്‌ അധികാരം പങ്കുവെയ്ക്കുവാനും അഴിമതി വ്യാപകമാക്കാനും അവസരം ഉണ്ടാകും.പിഎസ്സി വഴി നിയമനം നടത്തുന്നതിന്‌ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായപ്പോഴാണ്‌ അവയെ അട്ടിമറിച്ചുകൊണ്ട്‌ പുതിയ റിക്രൂട്ട്മെന്റ്‌ സംവിധാനം കൊണ്ടുവരുന്നത്‌. നിഷ്പക്ഷവും സ്വതന്ത്രവുമായി റിക്രൂട്ടിംഗ്‌ സംവിധാം ഇന്ന്‌ നിലവിലുള്ളത്‌ പിഎസ്സി മാത്രമാണ്‌.


ഹജ്ജ്‌ കമ്മിറ്റി, വഖഫ്‌ ബോര്‍ഡ്‌ തുടങ്ങിയ മുസ്ലിം സ്ഥാപനങ്ങളില്‍ അധികാരികളെ നിശ്ചയിക്കുന്നതിന്‌ എംഎല്‍എമാര്‍ക്ക്‌ ഈശ്വര വിശ്വാസം ആവശ്യമില്ലെന്ന്‌ പിണറായി വിജയന്‍ പറയുന്നു.പള്ളികളും മോസ്കുകളും ഭരിക്കുന്നവരെ നിശ്ചയിക്കുവാന്‍ ക്രൈസ്തവ മുസ്ലിം എംഎല്‍എ മാര്‍ക്ക്‌ എന്തുകൊണ്ട്‌ അധികാരമില്ലെന്നും ക്ഷേത്രങ്ങള്‍ ഭരിക്കുന്ന കാര്യത്തില്‍ മാത്രം എംഎല്‍എമാര്‍ക്ക്‌ എന്തിനാണ്‌ അധികാരം നല്‍കുന്നതെന്നും ചോദിക്കുവാന്‍ സിപിഎം നേതാവ്‌ ആര്‍ജ്ജവം കാട്ടേണ്ടതാണ്‌. ദേവസ്വം നിയമത്തിന്റെ മാതൃകയില്‍ പള്ളികള്‍ക്കും ഒരു ഭരണ ബോര്‍ഡ്‌ രൂപീകരിക്കണമെന്ന ജസ്റ്റീസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കാരകമ്മീഷന്റെ നിര്‍ദ്ദേശം സിപിഎം സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന്‌ രാജശേഖരന്‍ ആവശ്യപ്പെട്ടു.

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

വിഷ്ണുനാഥ എംഎല്‍എയുടെ ഹിന്ദുവിരുദ്ധനിലപാടിനെതിരെ എസ്‌എന്‍ഡിപിയും കെപിഎംഎസും
           ശ്രീകൃഷ്ണജയന്തിയെ അപകീര്‍ത്തിപ്പെടുത്തിയ പി.സി. വിഷ്ണുനാഥ്‌ എംഎല്‍എക്കെതിരെ എസ്‌എന്‍ഡിപിയും കെപിഎംഎസും. മതതീവ്രവാദികളെ സുഖിപ്പിക്കാനാണ്‌ പി.സി.വിഷ്ണുനാഥ്‌ എംഎല്‍എ ബാലഗോകുലത്തിനെതിരെയും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കെതിരെയും പ്രസ്താവന നടത്തുന്നതെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം അപഹാസ്യനാകുകയാണ്‌ വിഷ്ണുനാഥ്‌. ബാലഗോകുലത്തില്‍ തീവ്രവാദ ക്ലാസുകള്‍ നടക്കുന്നില്ല. അത്തരം ക്ലാസുകള്‍ നടത്തുന്നവരെ വിഷ്ണുനാഥും കൂട്ടരും പ്രോത്സാഹിപ്പിക്കുകയാണ്‌. വിഷ്ണുഭക്തരുടെ കൂട്ടായ്മയാണ്‌ ബാലഗോകുലം. നമ്മുടെ സംസ്കാരമാണ്‌ അവിടെ പഠിപ്പിക്കുന്നത്‌. ബാലഗോകുലത്തിന്റെ പരിപാടികളില്‍ എല്ലാവിഭാഗം ആളുകളും പങ്കെടുക്കുന്നുണ്ട്‌. രക്ഷിതാക്കള്‍ക്കൊപ്പമാണ്‌ കുട്ടികള്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്‌. ചെറുപ്പക്കാരനായ വിഷ്ണുനാഥ്‌ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. അല്ലാതെ വായില്‍വരുന്നതെന്തും വിളിച്ചുപറയുകയല്ല ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
         ബാലഗോകുലത്തിനും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുമെതിരെ പി.സി.വിഷ്ണുനാഥ്‌ നടത്തിയ പ്രസ്താവന സ്ഥിരബുദ്ധിയില്ലാത്ത ജല്‍പ്പനങ്ങളാണെന്ന്‌ കെപിഎംഎസ്‌ സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷും അഭിപ്രായപ്പെട്ടു. അഹിന്ദുക്കള്‍ പോലും ബാലഗോകുലത്തിനെതിരെ ഇത്തരത്തില്‍ പ്രസ്താവന നടത്തില്ല. കമ്യൂണിസ്റ്റ്‌, കോണ്‍ഗ്രസ്‌ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ്‌ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാറുള്ളത്‌. ഹിന്ദുസമൂഹത്തിന്റെ മുഴുവന്‍ ഉത്സവമാണിത്‌. അതിനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം അപലപനീയമാണ്‌. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായിട്ടുള്ള ഐക്യം ഇടതു-വലത്‌ രാഷ്ട്രീയ പാര്‍ട്ടികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്‌. അതിന്റെ തെളിവാണ്‌ വിഷ്ണുനാഥിന്റെ പ്രസ്താവന. സംഘടിത മതന്യൂനപക്ഷ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനായി മതേതര നായകരാകാനാണ്‌ വിഷ്ണുനാഥ്‌ ശ്രമിക്കുന്നത്‌. ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ ഹിന്ദുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും തുറവൂര്‍ സുരേഷ്‌ പറഞ്ഞു.
       ഇതിനിടെ, ശ്രീകൃഷ്ണജയന്തി ആഘോഷത്തേയും കുട്ടികളില്‍ ദേശീയബോധവും സാംസ്കാരികതയും വളര്‍ത്തുന്ന ബാലഗോകുലത്തെയും അധിക്ഷേപിച്ച വിഷ്ണുനാഥിനെതിരെ വക്കീല്‍ നോട്ടീസയച്ചു. ചേര്‍ത്തല തെക്ക്‌ ഇലഞ്ഞിയില്‍ അരുണ്‍.കെ.പണിക്കര്‍ അഡ്വ.വി.എസ്‌.രാജന്‍ മുഖേനയാണ്‌ നോട്ടീസ്‌ അയച്ചത്‌. വിഷ്ണുനാഥ്‌ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന്‌ നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്‌.

വിഷ്ണുനാഥി ന്റെ വിപരീതബുദ്ധി വിനാശത്തിനു :ഹിന്ദുഐക്യവേദി                ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍  പങ്കെടുക്കുന്ന കുട്ടികള്‍  നാളത്തെ വര്‍ഗീയവാദികള്‍ ആണ് എന്ന് പി സി വിഷ്ണുനാഥ് പറഞ്ഞത്  അദ്ദേഹത്തിന്‍റെ നിലവാരതകര്‍ച്ചയാണ്  എന്നും വിഷ്ണുനാഥിന്റെ അസ്ഥാനത്തുള്ള വിപരീതബുദ്ധിയും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന ധാര്‍ഷ്ട്യവും  അദ്ദേഹത്തിനു വരാനിരിക്കുന്ന രാഷ്ട്രീയദുരന്തങ്ങളുടെ മണിമുഴക്കം ആണ് എന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവരാം.
          നബിദിനാഘോഷത്തിന്റെ ഭാഗമായും ക്രിസ്തുമസിന്റെ ഭാഗമായും ഉള്ള റാലികളിലും പരിപാടികളിലും പങ്കെടുക്കുന്ന കുട്ടികളെ കുറിച്ച് വിഷ്ണുനാഥിനുള്ള അഭിപ്രായം അറിയാന്‍ ഹിന്ദുസമാജത്തിനു ആഗ്രഹമുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നബിദിനാഘോഷം നടക്കവേ പട്ടാള വേഷത്തില്‍ തീവ്രവാദികള്‍  പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ മാര്‍ച്ച് നടത്തിയതിന്റെ  ജാള്യത മറക്കാന്‍ മുസ്ലീംലീഗ് നടത്തിയ ഗൂഡാലോചനയാണ്  പി സി വിഷ്ണുനാഥ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ അടിസ്ഥാനം. ന്യൂനപക്ഷമതാധ്യക്ഷന്മാരുടെ മനസ്സാക്ഷി സൂക്ഷിക്കുന്ന വിഷ്ണുനാഥ് ഹൈന്ദവഐക്യത്തെ ആക്ഷേപിച്ചതില്‍ അത്ഭുതമില്ല എന്നും ബ്രഹ്മചാരി ഭാര്‍ഗവരാം വ്യക്തമാക്കി.
            കോണ്ഗ്രസ് പാര്‍ട്ടി എക്കാലത്തും ഇല്ലാതവണ്ണം കൂടുതല്‍ ഹിന്ദു വിരുദ്ധം ആയിട്ടുണ്ട്  എന്നും ഏതിന്റെ പേരില്‍ ആണെങ്കിലും ഈ പ്രവണത വച്ചു പ്രോത്സാഹിപ്പിക്കത്തക്കതല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി സി വിഷ്ണുനാഥ്, പി.ജെ പൌലോസ്‌ തുടങ്ങി  ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും നടത്തുന്നവരെ  നിലയ്ക്ക് നിര്‍ത്താന്‍  കോണ്ഗ്രസ്പാര്‍ട്ടി തയ്യാറാകണമെന്നും   അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസികള്‍ ആയ നിരവധി ഹിന്ദുക്കള്‍ ഇപ്പോഴും കോണ്ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടെന്നു ഇവര്‍ ഓര്‍മിക്കുന്നത് നല്ലതായിരിക്കും. ഘടകകക്ഷികളുടെ  വര്‍ഗീയമുഖത്തിനു  വെള്ള പൂശാന്‍ നടത്തുന്ന  ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണ്. കോണ്ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഘടകക്ഷികള്‍ക്ക് വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്ത് ഘടകകക്ഷികളുടെ വര്‍ഗീയതാല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ മത്സരിക്കുന്ന നേതാക്കള്‍  ആണ് ഇന്ന് കൊണ്ഗ്രസില്‍ ഏറെയുള്ളത് . അതിര് കവിഞ്ഞ ഇത്തരം പ്രവണതയുടെ ഭാഗമായി  ഹിന്ദുധര്‍മത്തെ അവഹേളിക്കുന്നത്  കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
       
       നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കി ഭാരതത്തെ തകര്‍ക്കാനും പാരമ്പര്യത്തെ തള്ളിപ്പറയാനും ശ്രമിക്കുന്ന രാജ്യദ്രോഹികള്‍ക്ക്‌ ഒത്താശ ചെയ്യാന്‍ മതഭീകരരുടെ വക്താവാകുകയാണ്‌ ബാലഗോകുലത്തെ ആക്രമിക്കുന്നതിലൂടെ വിഷ്ണുനാഥ്‌ ചെയ്യുന്നത്‌. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്‌ വേണ്ടി മതഭീകരവാദികളുടെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ നീക്കം ദേശദ്രോഹപരമാണ്‌. ഹൈന്ദവ ദര്‍ശനങ്ങളേയും ആചാരങ്ങളേയും ആക്ഷേപിക്കുന്ന എംഎല്‍എ സ്വന്തം പേരായ വിഷ്ണുനാഥ്‌ എന്ന പേരിന്‌ അര്‍ഹനല്ല. ആ പേര്‌ മാറ്റി പുതിയ പേര്‌ സ്വീകരിക്കേണ്ടതാണെന്നും എംഎല്‍എയുടെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനത്തെപ്പറ്റി നിയമസഭാസമിതി അന്വേഷിക്കണമെന്നും സുശികുമാര്‍ ആവശ്യപ്പെട്ടു. 
            

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുഐക്യവേദി

മാറാട്‌ മാര്‍ച്ച്‌ സര്‍ക്കാരിന്‌ താക്കീതായി

            മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ ക്യാമ്പ്‌ ഓഫീസിലേക്ക്‌ നടന്ന മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി. മതഭീകരവാദശക്തികളുടെ നിയന്ത്രണത്തിലാണ്‌ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എന്നതിന്റെ തെളിവാണ്‌ മാറാട്‌ കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്‌ പിന്നിലെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

            മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ തീവ്രവാദശക്തികളുടെ പങ്ക്‌ പുറത്ത്‌ വന്നാല്‍ ഭരണത്തിലിരിക്കുന്നവരുടെ സിംഹാസനം ഇളകും. സമൂഹത്തില്‍ മാന്യന്മാരായി വിലസിനടക്കുന്ന വ്യാജന്മാരുടെ മുഖംമൂടി വലിച്ചെറിയപ്പെടുകയും ചെയ്യും. ആരോടാണ്‌ കേന്ദ്രആഭ്യന്തരവകുപ്പിനും സര്‍ക്കാറിനും വിധേയത്വം എന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎമ്മും ലീഗും ഇന്ന്‌ സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും ഇപ്പോള്‍ സിബിഐ അന്വേഷണത്തെ പിന്തുണക്കുന്നുണ്ട്‌. എന്നിട്ടും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിന്‌ പിന്നില്‍ തീവ്രവാദശക്തികള്‍ക്ക്‌ വിധേയത്വമുള്ള സര്‍ക്കാറാണ്‌ ഇവിടെ ഭരിക്കുന്നത്‌ എന്നതിന്റെ തെളിവാണ്‌. ഒമ്പതരവര്‍ഷമായി നടക്കുന്ന സഹനസമരത്തെ കണ്ടില്ലെന്ന്‌ നടിക്കുന്ന സര്‍ക്കാര്‍ ഹിന്ദുസമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്‌.

കേരളത്തെ നിയന്ത്രിക്കുന്നത്‌ ലീഗാണെന്ന്‌ പ്രഖ്യാപിച്ച മന്ത്രിയുടെ ധാര്‍ഷ്ട്യത്തെ ന്യായീകരിക്കുകയാണ്‌ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസും. ലീഗിന്റെ ഇഷ്ടാനുസരണമുള്ള ഏകാധിപത്യ ഭരണത്തിലേക്കാണ്‌ കേരളം നീങ്ങുന്നത്‌. കേരളത്തില്‍ മണ്ണിനും ജലത്തിനും വേണ്ടിയുള്ള സമരം നടക്കുകയാണ്‌. മാറാട്ടെ സമരവും ഒറ്റപ്പെട്ട സമരമല്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ നീതിലഭിക്കും വരെ ഈ സമരം തുടരും. അദ്ദേഹം പറഞ്ഞു.

മാറാട്‌ സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറാട്ടെ മത്സ്യത്തൊഴിലാളുടെ ബലികുടീരങ്ങള്‍ക്ക്‌ മുമ്പില്‍ ചെന്ന്‌ മാപ്പിരന്നിട്ടുവേണമായിരുന്നു ഇപ്പോഴത്തെ നിലപാട്‌ മാറ്റം നടത്താനെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. മുസ്ലിംലീഗ്‌ പുറത്ത്‌ പറയുന്നതല്ല അതിന്റെ യഥാര്‍ത്ഥ നയം എന്ന്‌ ഇന്ന്‌ വെളിപ്പെട്ടിരിക്കുകയാണ്‌. അവര്‍ ആവശ്യപ്പെടുന്നതല്ല അവര്‍ ആഗ്രഹിക്കുന്നത്‌. സിബിഐ അന്വേഷണത്തിന്‌ പരസ്യമായി പിന്തണക്കുമ്പോള്‍ രഹസ്യമായി അതിന്‌ തുരങ്കംവെക്കുകയാണ്‌. കേസന്വേഷണങ്ങള്‍ മരവിപ്പിക്കുന്ന കാലമാണിത്‌. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ വമ്പന്‍ സ്രാവുകള്‍ പിടിക്കപ്പെടുമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. മന്ത്രി ഏത്‌ വമ്പന്‍ സ്രാവിനെയാണ്‌ അറസ്റ്റ്‌ ചെയ്തതെന്ന്‌ വ്യക്തമാക്കണം. പയ്യോളിയിലെ മനോജ്‌ വധക്കേസും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌. ജനശക്തിക്കുമുമ്പില്‍ സര്‍ക്കാറിന്‌ ഇതിനെല്ലാം മറുപടി പറയേണ്ടിവരുമെന്ന്‌ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. സമാധാനത്തിന്റെയും ശാന്തിയുടെയും പരിധി ലംഘിക്കുന്ന സാഹചര്യത്തിലേക്ക്‌ മാറാട്‌ സമരത്തെ വലിച്ചുനീട്ടരുതെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. മുസ്ലീംലീഗിന്റെ വര്‍ഗീയ-മതധാര്‍ഷ്ട്യത്തിന്‌ മുന്നില്‍ മുട്ടുകുത്തുന്ന കോണ്‍ഗ്രസിനെ ജനകീയചെറുത്തുനില്‍പ്പിലൂടെ പാഠം പഠിപ്പിക്കാന്‍ മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

          മാറാട്‌ അരയസമാജം പ്രസിഡന്റ്‌ പി.ദാസന്‍ അധ്യക്ഷത വഹിച്ചു. ശശികമ്മട്ടേരി സ്വാഗതവും സദാനന്ദന്‍ നന്ദിയും പറഞ്ഞു. ലിങ്ക്‌ റോഡില്‍ നിന്ന്‌ ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാകാര്യദര്‍ശി കെ.പി. ഹരിദാസ്‌, സഹസംഘടനാസെക്രട്ടറി സി.ബാബു, വി.എച്ച്‌.പി. സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എം.സി. വത്സന്‍, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ്‌ എന്‍.പി. രാധാകൃഷ്ണന്‍, കെ. രജനീഷ്‌ ബാബു, സി. ശെല്‍വന്‍, പി.രഘുനാഥ്‌, പി.ഡി. കണ്ണന്‍, എന്‍.കെ. ബാലകൃഷ്ണന്‍മാസ്റ്റര്‍, പി.വി. മുരളീധരന്‍, പി.ചന്ദ്രികടീച്ചര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്‌, മന്ത്രി എം.കെ.മുനീര്‍, പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ്‌ വിജിലന്‍സ്‌ അന്വേഷണം
കോഴിക്കോട്‌ സര്‍വകലാശാലയുടെ ഭൂമി മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ തങ്ങള്‍ അധ്യക്ഷനായ ട്രസ്റ്റിനടക്കം ദാനം ചെയ്യാനുള്ള സിന്‍ഡിക്കേറ്റ്‌ തീരുമാനത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്‌, മന്ത്രി എം.കെ.മുനീര്‍, പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ അബ്ദുള്‍ സലാം, മൂന്ന്‌ ട്രസ്റ്റുകളുടെ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം. വിജിലന്‍സ്‌ മലപ്പുറം ഡിവൈഎസ്പിയോടാണ്‌ അന്വേഷിച്ച്‌ ജനുവരി 22-നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ ജഡ്ജ്‌ വി.ഭാസ്കരന്‍ ഉത്തരവിട്ടത്‌.

സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള 43 ഏക്കര്‍ ഭൂമി ലീഗ്‌ മന്ത്രിമാരുടെ ബന്ധുക്കളുടെ മൂന്ന്‌ സ്വകാര്യ ട്രസ്റ്റുകള്‍ക്ക്‌ ദാനം ചെയ്യാനായിരുന്നു സിന്‍ഡിക്കേറ്റ്‌ തീരുമാനം. സ്വകാര്യ ട്രസ്റ്റുകള്‍ക്ക്‌ ഭൂമി നല്‍കാന്‍ ചട്ടമില്ലാതിരിക്കെ സിന്‍ഡിക്കേറ്റ്‌ എടുത്ത തീരുമാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍വകലാശാല സിന്റിക്കേറ്റ്‌ മുന്‍ അംഗവും രജിസ്ട്രാര്‍ ഇന്‍ചാര്‍ജുമായിരുന്ന ടി.കെ.നാരായണനാണ്‌ ഹര്‍ജി നല്‍കിയത്‌. സര്‍വകലാശാലയുടെ 10ഏക്കര്‍ ഭൂമി പണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനായ ഗ്രേസ്‌ എഡ്യൂക്കേഷന്‍ ട്രസ്റ്റ്‌, മൂന്നേക്കര്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു ഡോ.കെ.കുഞ്ഞാലി ഭാരവാഹിത്വം വഹിക്കുന്ന ബാഡ്മിന്റണ്‍ ഡവലപ്മെന്റ്‌ ട്രസ്റ്റിന്‌ ബാഡ്മിന്റണ്‍ കോര്‍ട്ട്‌ നിര്‍മിക്കാന്‍, മന്ത്രി എം.കെ.മുനീറിന്റെ ബന്ധു പി.എ.ഹംസക്ക്‌ ഭാരവാഹിത്വമുള്ള കോഴിക്കോട്‌ ഒളിംപിക്‌ അസോസിയേഷന്‌ കായിക സമുച്ചയമുണ്ടാക്കാന്‍ മുപ്പതേക്കര്‍ ഭൂമി എന്നിങ്ങനെ ദാനം ചെയ്യാനായിരുന്നു സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചത്‌. വിവാദമായതോടെ അടിയന്തര സിന്‍ഡിക്കേറ്റ്‌ യോഗം ചേര്‍ന്ന്‌ തീരുമാനം പിന്‍വലിച്ചു.

             ട്രസ്റ്റുകളുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളും വിജിലന്‍സ്‌ അന്വേഷണ പരിധിയില്‍ വരും. ട്രസ്റ്റുകളുടെ പേരില്‍ അനധികൃതമായി പണപ്പിരിവു നടത്തുകയും പിന്നീട്‌ ട്രസ്റ്റ്‌ പിന്‍വലിഞ്ഞതും ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അഡ്വ. എം.സി.ആഷി ഹര്‍ജിക്കാരനുവേണ്ടി ഹാജരായി. ഭൂമിദാനം സംബന്ധിച്ച്‌ സിന്‍ഡിക്കേറ്റ്‌ തീരുമാനം പുറത്തുവന്നത്‌ വിവാദമായതോടെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയായ അബ്ദുറബ്ബും സര്‍ക്കാരിന്‌ ഈ വിഷയത്തെക്കുറിച്ച്‌ അറിയില്ലെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ വിജിലന്‍സ്‌ അന്വേഷണം വന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കള്ളക്കളി നടത്തുകയാണ്‌ ചെയ്തതെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃ പിതാവ്‌ ഭാരവാഹിത്വം വഹിക്കുന്ന ബാറ്റ്മിന്റണ്‍ ഡവലപ്മെന്റ്‌ ട്രസ്റ്റിന്‌ വരെ ഭൂമിനല്‍കാന്‍ തീരുമാനിച്ചിരുന്നു.

            സംസ്ഥാനത്ത്‌ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌ ലീഗാണെന്ന്‌ കഴിഞ്ഞ ദിവസം മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞിരുന്നു. ഭൂമിദാനവുമായി ബന്ധപ്പെട്ട്‌ തനിക്കൊന്നും അറിയില്ലെന്ന മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്താവനയിലൂടെ ലീഗിന്റെ അപ്രമാദിത്വം തെളിഞ്ഞിരിക്കുകയാണ്‌. കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഭൂമി ഇതിനകം നിരവധി പേര്‍ കയ്യേറിയിട്ടുണ്ട്‌. ഭൂമിദാനവിവാദവുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ സര്‍വകലാശാലയുടെ ഭൂമി സര്‍വീസ്‌ സംഘടനകള്‍ കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്‌. അനുവദിച്ചതിലും അധികം ഭൂമി സഹകരണസംഘങ്ങളും മാറിമാറി വരുന്ന ഭരണകര്‍ത്താക്കളുടെ സര്‍വീസ്‌ സംഘടനകളും കയ്യേറിയിട്ടുള്ളതായാണ്‌ കണ്ടെത്തിയിരുന്നത്‌. അറുപത്തഞ്ച്‌ സെന്റോളം ഭൂമിയാണ്‌ അനധികൃതമായി ഇത്തരത്തില്‍ കയ്യേറിയിരിക്കുന്നത്‌. സിപിഎം സര്‍വീസ്‌ സംഘടനകളും കോണ്‍ഗ്രസ്സിന്റെ സഹകരണ സംഘങ്ങളും കയ്യേറ്റം നടത്തിയിട്ടുണ്ട്‌. ലീഗിന്റെ കീഴിലുള്ള സര്‍വീസ്‌ സംഘടനകള്‍ നടത്തിയ കയ്യേറ്റങ്ങളെക്കുറിച്ച്‌ അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല.