2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

അനധികൃത ആരാധനാ കേന്ദ്രമായ സ്വര്‍ഗ്ഗീയ വിരുന്നിന്‌ സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക്‌ ഹിന്ദുസംഘടനകള്‍ മാര്‍ച്ച്‌ നടത്തി

ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദുസംഘടനകള്‍ മാര്‍ച്ച്‌ നടത്തുന്നു
          
          അനധികൃത ആരാധനാ കേന്ദ്രമായ സ്വര്‍ഗ്ഗീയ വിരുന്നിന്‌ സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിലേക്ക്‌ ഹിന്ദുസംഘടനകള്‍ മാര്‍ച്ച്‌ നടത്തി. ഹിന്ദുക്കള്‍ക്ക്‌ ഈ നാട്ടില്‍ ജീവിക്കുന്നതിനുള്ള അവകാശത്തിന്‌ വേണ്ടിയാണ്‌ പ്രതിഷേധ സമരം സംഘടിപ്പിച്ചതെന്ന്‌
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ മാത്രമാണ്‌ സ്വര്‍ഗ്ഗീയവിരുന്നിന്റെ നടത്തിപ്പുകാരനായ തങ്കുപാസ്റ്റര്‍ക്കുള്ളത്‌. കോടതിവിധികളെ അനുസരിക്കാന്‍ തയ്യാറാകാത്ത സൂപ്പര്‍ പൗരനായി തങ്കുപാസ്റ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ മിനി ആന്റണി നിയമലംഘനത്തിന്‌ വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയാണ്‌. തങ്കുപാസ്റ്റര്‍ മതമാഫിയയുടെ തലവനാണ്‌.

പണം കൊടുത്തു മാറ്റിയെടുക്കേണ്ടതല്ല മതം. രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങളെ പിച്ചിച്ചീന്തിക്കൊണ്ടാണ്‌ തങ്കുപാസ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്‌. നഗരസഭാധ്യക്ഷന്‍ മതം നോക്കിയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌. പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംപിയും സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണോയെന്ന്‌ അവര്‍ സ്വന്തം മനസാക്ഷിയോട്‌ ചോദിക്കണം. കോട്ടയത്തെ അധികാരകേന്ദ്രങ്ങള്‍ ചേര്‍ന്നു നടത്തുന്ന പങ്കുകച്ചവടമാണ്‌ സ്വര്‍ഗ്ഗീയ വിരുന്നെന്നും കുമ്മനം പറഞ്ഞു.

         മതംമാറ്റ കേന്ദ്രത്തിന്‌ പിന്തുണ നല്‍കുന്ന മന്ത്രിക്കും കളക്ടര്‍ക്കും പുനര്‍വിചിന്തനത്തിനായി ഒരു അവസരം കൂടി ഹിന്ദു സംഘടനകള്‍ നല്‍കുകയാണ്‌. ഇത്‌ ഹിന്ദുവിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്‌. ഒരു മതവിഭാഗത്തിനെതിരെയുള്ള സമരമല്ല നടക്കുന്നത്‌. നിയമലംഘനം നടത്തുന്ന സാമൂഹ്യദ്രോഹിക്കെതിരെയുള്ള പ്രക്ഷോഭം നാഗമ്പടത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുവരെ തുടരുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്‌, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി.ആര്‍ രാജശേഖരന്‍, സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ്‌ വി.കെ വിശ്വനാഥന്‍, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തസഹകാര്യവാഹ്‌ അഡ്വ. എന്‍. ശങ്കര്‍റാം, ബൗദ്ധിക്പ്രമുഖ്‌ കെ.ബി ശ്രീകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ