2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഗണേശോത്സവത്തിന്‌ അനുമതി നിഷേധിച്ചത്‌ ഭരണഘടനാ ലംഘനം: ശോഭാസുരേന്ദ്രന്‍


         മലപ്പുറം ജില്ലയില്‍ താലിബാന്‍ മോഡല്‍ ഭരണമാണ്‌ നടത്തുന്നതെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ പൊന്നാനി ഗണേശോത്സവത്തിന്‌ അനുമതി നിഷേധിച്ചതെന്നും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന മൗലിക അവകാശവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌ മതതീവ്രവാദികളാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. എന്തു വിലകൊടുത്തും ആരാധനാ സ്വാതന്ത്ര്യം വീണ്ടെടുക്കും. ഗണേശോത്സവ നിമജ്ജന യാത്ര ആരെതിര്‍ത്താലും നടത്തും.

മലപ്പുറം ജില്ല മത തീവ്രവാദികള്‍ക്കും മുസ്ലീം ലീഗിനും പാട്ടത്തിന്‌ നല്‍കിയിട്ടുണ്ടോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. അദൃശ്യ ആഭ്യന്തരമന്ത്രിയാണ്‌ കേരളത്തെ നിയന്ത്രിക്കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ സി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കൊട്ടാരത്തില്‍ വിശ്വനാഥന്‍, കെ.യു. ചന്ദ്രന്‍, കെ. ബാബുരാജ്‌, വാസു പാലപ്പുറം, കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതിനിടെ മലപ്പുറം ജില്ലയില്‍ ഗണേശോത്സവങ്ങള്‍ നടത്തുന്നത്‌ തടഞ്ഞ മലപ്പുറം ജില്ലാ കളക്ടറുടെ തീരുമാനം ചോദ്യംചെയ്ത്‌ ഹൈക്കോടതിയില്‍ ഹര്‍ജി. ഗണേശ ഉത്സവസമിതിക്കുവേണ്ടി പൊന്നാനി സ്വദേശി കളരിക്കല്‍ ഷാജി ഹര്‍ജി സമര്‍പ്പിച്ചു.

ഘോഷയാത്ര തടഞ്ഞ ജില്ലാ കളക്ടറുടെ നടപടി ഹര്‍ജിയില്‍ ചോദ്യംചെയ്തു. ഭരണകക്ഷിയായ മുസ്ലീംലീഗിന്റെ സ്വാധീനംമൂലം ആണ്‌ കളക്ടര്‍ തീരുമാനം എടുത്തതെന്ന്‌ ഹര്‍ജിയില്‍ ആരോപിച്ചു. അഡ്വ. എസ്‌.എം. പ്രശാന്ത്‌ മുഖേനയാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. ജസ്റ്റിസ്‌ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ കേസ്‌ പരിഗണിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ