2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

തീവ്രവാദ കേസുകള്‍ തെളിയാത്തത്‌ പ്രതിഷേധാര്‍ഹം: കുമ്മനം

സച്ചിന്‍ ഗോപാലിന്റെ വീട്‌ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സന്ദര്‍ശിക്കുന്നു
                 ക്യാമ്പസ്‌ ഫ്രണ്ട്‌ പോപ്പുലര്‍ഫ്രണ്ട്‌ സംഘം വെട്ടിക്കൊന്ന എബിവിപി നഗര്‍ സമിതി അംഗം സച്ചിന്‍ ഗോപാലിന്റെ വീട്‌ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സന്ദര്‍ശിച്ചു. സച്ചിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെ ഇരുവരും ആശ്വസിപ്പിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്‌, ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സംഘചാലക്‌ സി.പി.രാമചന്ദ്രന്‍, വി.ഗോപാലകൃഷ്ണന്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കളും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു. വോട്ട്ബാങ്ക്‌ നിലനിര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ വര്‍ഗ്ഗീയ പ്രീണനം നടത്തുകയാണെന്ന്‌ സന്ദര്‍ശനത്തിനുശേഷം ഒ.രാജഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. കാസര്‍കോട്‌ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ചത്‌ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്‌. ദേശീയതയ്ക്ക്‌ വേണ്ടി നിലകൊള്ളുന്ന നേതൃത്വത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമാണ്‌ സച്ചിന്‍ ഗോപാലിന്റെ ആസൂത്രിത കൊലപാതകമെന്നും രാജഗോപാല്‍ പറഞ്ഞു. സച്ചിന്‍ ഗോപാല്‍ വധത്തില്‍ പോലീസ്‌ അന്വേഷണം ദുര്‍ബലവും ഏകപക്ഷീയവുമാണെന്ന്‌ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സച്ചിന്‍ ഗോപാലിന്റെ വീട്‌ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത്‌ നടന്ന തീവ്രവാദ അക്രമക്കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന്‌ കഴിയാതെ വരുന്നത്‌ അത്യന്തം പ്രതിഷേധാര്‍ഹവും ഉത്കണ്ഠാജനകവുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തില്‍ പങ്കെടുത്തവരേക്കള്‍ വലിയ കുറ്റക്കാര്‍ അക്രമത്തിന്‌ പ്രേരണ നല്‍കിയവരും ഗൂഢാലോചന നടത്തിയവരുമാണ്‌.കേരളത്തില്‍ തീവ്രവാദ അക്രമക്കേസുകളില്‍ 50 ശതമാനം കേസുകളില്‍ ഇപ്പോഴും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപ കാലത്തു നടന്ന വിശാല്‍ വധം,സച്ചിന്‍ ഗോപാല്‍ വധം തുടങ്ങിയ അക്രമകേസുകളില്‍ അന്വേഷണം മന്ദഗതിയിലാണ്‌.ഇവയെല്ലാം ഭീകരാക്രമണ കേസായി പോലും കാണാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സാധാരണ നടക്കാറുളള ഒരു ആക്രമണ സംഭവമായി മാത്രം കണ്ട്‌ ലാഘവ ബുദ്ധിയോടെ നിസ്സാരവല്‍ക്കരിക്കുന്ന മനോഭാവമാണ്‌ അധികൃതര്‍ക്കുളളത്‌.
മാറാട്‌ കൂട്ടകൊല മുതല്‍ സച്ചിന്‍ ഗോപാല്‍ വധം വരെ നടന്നിട്ടുളള ഭീകരാക്രമണ കേസുകളില്‍ ഗൂഡാലോചനയും ധനസ്രോതസ്സും തെളിയിക്കപ്പെട്ടിട്ടില്ല. പോപ്പുലര്‍ഫ്രണ്ട്‌,കാമ്പസ്‌ ഫ്രണ്ട്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ തുടര്‍ച്ചയാണെന്നും അവര്‍ അത്യാപത്കരമായ വിധത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്‌. കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നുവെന്ന്‌ പ്രധാനമന്തിയും വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും തീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുളള കൊലക്കേസുകള്‍ ഭീകരാക്രമണ സംഭവമായി കണ്ട്‌ എന്‍.ഐ.ഐ ഏല്‍പിക്കാത്തത്‌ സര്‍ക്കാറിന്റെ ഇക്കാര്യത്തിലുളള നിഷേധാത്മക സമീപനം വ്യക്തമാക്കുന്നുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ടി.പി.ചന്ദ്രശേഖരന്‍ വധം അന്വേഷിക്കാന്‍ കാട്ടിയ തിടുക്കവും ശുഷ്കാന്തിയും സച്ചിന്‍ വധക്കേസില്‍ കാട്ടാത്തതെന്തു കൊണ്ടാണെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം. രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതില്‍ കാട്ടുന്ന വീറും വാശിയും തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകമായാലും ഭീകരാക്രമണക്കേസായാലും മനുഷ്യ ജീവനാണ്‌ നഷ്ടപ്പെടുന്നതെന്ന സാമാന്യ-സാമൂഹ്യ നീതിബോധം ഭരണാധികാരികള്‍ക്ക്‌ ഇല്ലാതെ പോകുന്നത്‌ ഖേദകരമാണ്‌. വിശാലിനേയും സച്ചിനേയും കൊല ചെയ്യുക വഴി കേരളത്തിലെ വളര്‍ന്നു വരുന്ന ആദര്‍ശ ദേശീയതയുടെ യുവ സ്വപ്നങ്ങളെയാണ്‌ കശാപ്പു ചെയ്തത്‌. അതില്‍ വേദനിക്കുന്ന ജനഹൃദയങ്ങളെ ആശ്വസിപ്പിക്കാനുളള ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സച്ചിന്‍ ഗോപാലിന്റെ കൊലയ്ക്ക്‌ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന്‌ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം തുടരുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ