2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഗണേശോത്സവത്തിന്‌ അനുമതി നിഷേധിച്ചത്‌ ഭരണഘടനാ ലംഘനം: ശോഭാസുരേന്ദ്രന്‍


         മലപ്പുറം ജില്ലയില്‍ താലിബാന്‍ മോഡല്‍ ഭരണമാണ്‌ നടത്തുന്നതെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ പൊന്നാനി ഗണേശോത്സവത്തിന്‌ അനുമതി നിഷേധിച്ചതെന്നും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന മൗലിക അവകാശവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്‌ മതതീവ്രവാദികളാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. എന്തു വിലകൊടുത്തും ആരാധനാ സ്വാതന്ത്ര്യം വീണ്ടെടുക്കും. ഗണേശോത്സവ നിമജ്ജന യാത്ര ആരെതിര്‍ത്താലും നടത്തും.

മലപ്പുറം ജില്ല മത തീവ്രവാദികള്‍ക്കും മുസ്ലീം ലീഗിനും പാട്ടത്തിന്‌ നല്‍കിയിട്ടുണ്ടോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. അദൃശ്യ ആഭ്യന്തരമന്ത്രിയാണ്‌ കേരളത്തെ നിയന്ത്രിക്കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ സി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കൊട്ടാരത്തില്‍ വിശ്വനാഥന്‍, കെ.യു. ചന്ദ്രന്‍, കെ. ബാബുരാജ്‌, വാസു പാലപ്പുറം, കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതിനിടെ മലപ്പുറം ജില്ലയില്‍ ഗണേശോത്സവങ്ങള്‍ നടത്തുന്നത്‌ തടഞ്ഞ മലപ്പുറം ജില്ലാ കളക്ടറുടെ തീരുമാനം ചോദ്യംചെയ്ത്‌ ഹൈക്കോടതിയില്‍ ഹര്‍ജി. ഗണേശ ഉത്സവസമിതിക്കുവേണ്ടി പൊന്നാനി സ്വദേശി കളരിക്കല്‍ ഷാജി ഹര്‍ജി സമര്‍പ്പിച്ചു.

ഘോഷയാത്ര തടഞ്ഞ ജില്ലാ കളക്ടറുടെ നടപടി ഹര്‍ജിയില്‍ ചോദ്യംചെയ്തു. ഭരണകക്ഷിയായ മുസ്ലീംലീഗിന്റെ സ്വാധീനംമൂലം ആണ്‌ കളക്ടര്‍ തീരുമാനം എടുത്തതെന്ന്‌ ഹര്‍ജിയില്‍ ആരോപിച്ചു. അഡ്വ. എസ്‌.എം. പ്രശാന്ത്‌ മുഖേനയാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. ജസ്റ്റിസ്‌ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ കേസ്‌ പരിഗണിച്ചു.

അനധികൃത ആരാധനാ കേന്ദ്രമായ സ്വര്‍ഗ്ഗീയ വിരുന്നിന്‌ സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക്‌ ഹിന്ദുസംഘടനകള്‍ മാര്‍ച്ച്‌ നടത്തി

ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്ക്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദുസംഘടനകള്‍ മാര്‍ച്ച്‌ നടത്തുന്നു
          
          അനധികൃത ആരാധനാ കേന്ദ്രമായ സ്വര്‍ഗ്ഗീയ വിരുന്നിന്‌ സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിലേക്ക്‌ ഹിന്ദുസംഘടനകള്‍ മാര്‍ച്ച്‌ നടത്തി. ഹിന്ദുക്കള്‍ക്ക്‌ ഈ നാട്ടില്‍ ജീവിക്കുന്നതിനുള്ള അവകാശത്തിന്‌ വേണ്ടിയാണ്‌ പ്രതിഷേധ സമരം സംഘടിപ്പിച്ചതെന്ന്‌
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ മാത്രമാണ്‌ സ്വര്‍ഗ്ഗീയവിരുന്നിന്റെ നടത്തിപ്പുകാരനായ തങ്കുപാസ്റ്റര്‍ക്കുള്ളത്‌. കോടതിവിധികളെ അനുസരിക്കാന്‍ തയ്യാറാകാത്ത സൂപ്പര്‍ പൗരനായി തങ്കുപാസ്റ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ മിനി ആന്റണി നിയമലംഘനത്തിന്‌ വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയാണ്‌. തങ്കുപാസ്റ്റര്‍ മതമാഫിയയുടെ തലവനാണ്‌.

പണം കൊടുത്തു മാറ്റിയെടുക്കേണ്ടതല്ല മതം. രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങളെ പിച്ചിച്ചീന്തിക്കൊണ്ടാണ്‌ തങ്കുപാസ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്‌. നഗരസഭാധ്യക്ഷന്‍ മതം നോക്കിയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌. പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംപിയും സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണോയെന്ന്‌ അവര്‍ സ്വന്തം മനസാക്ഷിയോട്‌ ചോദിക്കണം. കോട്ടയത്തെ അധികാരകേന്ദ്രങ്ങള്‍ ചേര്‍ന്നു നടത്തുന്ന പങ്കുകച്ചവടമാണ്‌ സ്വര്‍ഗ്ഗീയ വിരുന്നെന്നും കുമ്മനം പറഞ്ഞു.

         മതംമാറ്റ കേന്ദ്രത്തിന്‌ പിന്തുണ നല്‍കുന്ന മന്ത്രിക്കും കളക്ടര്‍ക്കും പുനര്‍വിചിന്തനത്തിനായി ഒരു അവസരം കൂടി ഹിന്ദു സംഘടനകള്‍ നല്‍കുകയാണ്‌. ഇത്‌ ഹിന്ദുവിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്‌. ഒരു മതവിഭാഗത്തിനെതിരെയുള്ള സമരമല്ല നടക്കുന്നത്‌. നിയമലംഘനം നടത്തുന്ന സാമൂഹ്യദ്രോഹിക്കെതിരെയുള്ള പ്രക്ഷോഭം നാഗമ്പടത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുവരെ തുടരുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്‌, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി.ആര്‍ രാജശേഖരന്‍, സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ്‌ വി.കെ വിശ്വനാഥന്‍, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തസഹകാര്യവാഹ്‌ അഡ്വ. എന്‍. ശങ്കര്‍റാം, ബൗദ്ധിക്പ്രമുഖ്‌ കെ.ബി ശ്രീകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

തീവ്രവാദ കേസുകള്‍ തെളിയാത്തത്‌ പ്രതിഷേധാര്‍ഹം: കുമ്മനം

സച്ചിന്‍ ഗോപാലിന്റെ വീട്‌ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സന്ദര്‍ശിക്കുന്നു
                 ക്യാമ്പസ്‌ ഫ്രണ്ട്‌ പോപ്പുലര്‍ഫ്രണ്ട്‌ സംഘം വെട്ടിക്കൊന്ന എബിവിപി നഗര്‍ സമിതി അംഗം സച്ചിന്‍ ഗോപാലിന്റെ വീട്‌ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സന്ദര്‍ശിച്ചു. സച്ചിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെ ഇരുവരും ആശ്വസിപ്പിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്‌, ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സംഘചാലക്‌ സി.പി.രാമചന്ദ്രന്‍, വി.ഗോപാലകൃഷ്ണന്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കളും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു. വോട്ട്ബാങ്ക്‌ നിലനിര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ വര്‍ഗ്ഗീയ പ്രീണനം നടത്തുകയാണെന്ന്‌ സന്ദര്‍ശനത്തിനുശേഷം ഒ.രാജഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. കാസര്‍കോട്‌ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ചത്‌ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്‌. ദേശീയതയ്ക്ക്‌ വേണ്ടി നിലകൊള്ളുന്ന നേതൃത്വത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമാണ്‌ സച്ചിന്‍ ഗോപാലിന്റെ ആസൂത്രിത കൊലപാതകമെന്നും രാജഗോപാല്‍ പറഞ്ഞു. സച്ചിന്‍ ഗോപാല്‍ വധത്തില്‍ പോലീസ്‌ അന്വേഷണം ദുര്‍ബലവും ഏകപക്ഷീയവുമാണെന്ന്‌ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സച്ചിന്‍ ഗോപാലിന്റെ വീട്‌ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത്‌ നടന്ന തീവ്രവാദ അക്രമക്കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന്‌ കഴിയാതെ വരുന്നത്‌ അത്യന്തം പ്രതിഷേധാര്‍ഹവും ഉത്കണ്ഠാജനകവുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തില്‍ പങ്കെടുത്തവരേക്കള്‍ വലിയ കുറ്റക്കാര്‍ അക്രമത്തിന്‌ പ്രേരണ നല്‍കിയവരും ഗൂഢാലോചന നടത്തിയവരുമാണ്‌.കേരളത്തില്‍ തീവ്രവാദ അക്രമക്കേസുകളില്‍ 50 ശതമാനം കേസുകളില്‍ ഇപ്പോഴും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപ കാലത്തു നടന്ന വിശാല്‍ വധം,സച്ചിന്‍ ഗോപാല്‍ വധം തുടങ്ങിയ അക്രമകേസുകളില്‍ അന്വേഷണം മന്ദഗതിയിലാണ്‌.ഇവയെല്ലാം ഭീകരാക്രമണ കേസായി പോലും കാണാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സാധാരണ നടക്കാറുളള ഒരു ആക്രമണ സംഭവമായി മാത്രം കണ്ട്‌ ലാഘവ ബുദ്ധിയോടെ നിസ്സാരവല്‍ക്കരിക്കുന്ന മനോഭാവമാണ്‌ അധികൃതര്‍ക്കുളളത്‌.
മാറാട്‌ കൂട്ടകൊല മുതല്‍ സച്ചിന്‍ ഗോപാല്‍ വധം വരെ നടന്നിട്ടുളള ഭീകരാക്രമണ കേസുകളില്‍ ഗൂഡാലോചനയും ധനസ്രോതസ്സും തെളിയിക്കപ്പെട്ടിട്ടില്ല. പോപ്പുലര്‍ഫ്രണ്ട്‌,കാമ്പസ്‌ ഫ്രണ്ട്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ തുടര്‍ച്ചയാണെന്നും അവര്‍ അത്യാപത്കരമായ വിധത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്‌. കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നുവെന്ന്‌ പ്രധാനമന്തിയും വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും തീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുളള കൊലക്കേസുകള്‍ ഭീകരാക്രമണ സംഭവമായി കണ്ട്‌ എന്‍.ഐ.ഐ ഏല്‍പിക്കാത്തത്‌ സര്‍ക്കാറിന്റെ ഇക്കാര്യത്തിലുളള നിഷേധാത്മക സമീപനം വ്യക്തമാക്കുന്നുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ടി.പി.ചന്ദ്രശേഖരന്‍ വധം അന്വേഷിക്കാന്‍ കാട്ടിയ തിടുക്കവും ശുഷ്കാന്തിയും സച്ചിന്‍ വധക്കേസില്‍ കാട്ടാത്തതെന്തു കൊണ്ടാണെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം. രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതില്‍ കാട്ടുന്ന വീറും വാശിയും തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകമായാലും ഭീകരാക്രമണക്കേസായാലും മനുഷ്യ ജീവനാണ്‌ നഷ്ടപ്പെടുന്നതെന്ന സാമാന്യ-സാമൂഹ്യ നീതിബോധം ഭരണാധികാരികള്‍ക്ക്‌ ഇല്ലാതെ പോകുന്നത്‌ ഖേദകരമാണ്‌. വിശാലിനേയും സച്ചിനേയും കൊല ചെയ്യുക വഴി കേരളത്തിലെ വളര്‍ന്നു വരുന്ന ആദര്‍ശ ദേശീയതയുടെ യുവ സ്വപ്നങ്ങളെയാണ്‌ കശാപ്പു ചെയ്തത്‌. അതില്‍ വേദനിക്കുന്ന ജനഹൃദയങ്ങളെ ആശ്വസിപ്പിക്കാനുളള ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സച്ചിന്‍ ഗോപാലിന്റെ കൊലയ്ക്ക്‌ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന്‌ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം തുടരുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

മാറാട്‌ കേസ്്‌: ഹിന്ദു സംഘടനകള്‍ സെക്രട്ടേറിയറ്റ്‌ ധര്‍ണ നടത്തി

മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി ധര്‍ണ്ണ നടത്തിയപ്പോള്‍ .
സംസാരിക്കുന്നത് പ്രമുഖ ഗാന്ധിയന്‍ ശ്രീ ഗോപിനാഥന്‍ നായര്‍


മാറാട്‌ കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ സര്‍ക്കാരിനുള്ള കനത്ത താക്കീതായി. മാറാട്‌ അരയസമാജം തുടങ്ങി ഒരു ഡസനിലേറെ ഹിന്ദുസമുദായ സംഘടനകളുടെ നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു. മാറാട്‌ ഗൂഢാലോചനയെ കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ എല്ലാ നേതാക്കളുടെ ഏകസ്വരത്തില്‍ ഉറച്ചു നിന്നു. സംഭവം നടന്ന്‌ 9 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറാട്ടെ അരയസമാജത്തിന്‌ നീതി ലഭ്യമാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ ശക്തമായ പ്രതിഷധമാണ്‌ ധര്‍ണയില്‍ ഉയര്‍ന്നത്‌.
മാറാട്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ധര്‍ണയില്‍ മാറാട്‌ അരയസമാജം സെക്രട്ടറി ടി.മുരുകേശ്‌ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്‌ എന്‍.പി.രാധാകൃഷ്ണന്‍, കെപിഎംഎസ്‌ സംസ്ഥാന സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ്‌, ചേരമര്‍ സര്‍വീസ്‌ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്കരന്‍, കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.വാവ, ബ്രാഹ്മണ സഭ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.ഹരിഹരയ്യര്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, സംസ്ഥാന ധര്‍മ ജാഗരണ്‍ വിഭാഗ്‌ പ്രമുഖ്‌ വി.കെ.വിശ്വനാഥന്‍, ഹിന്ദുസാംബവര്‍ മഹാസഭ സംസ്ഥാ ന ജനറല്‍സെക്രട്ടറി കെ.കെ.തങ്കപ്പന്‍, പ ണ്ഡിറ്റ്‌ കറുപ്പന്‍ സാംസ്കാരിക വേദി അശോകന്‍ കുന്നിങ്കല്‍, ഐയ്യനവര്‍ സര്‍വീസ്‌ സൊ സൈറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.രമേശന്‍, അയ്യങ്കാളി പഠനകേന്ദ്രം പ്രതിനിധി എ.കെ.ബായന്‍, സിദ്ധനര്‍ സര്‍വീസ്‌ സൊസൈറ്റി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ശിവശങ്കരന്‍, വി.എച്ച്‌.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി.വത്സന്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.കെ.കുഞ്ഞ്‌, അഖിലേന്ത്യാ നാടാര്‍അസോസിയേഷന്‍ വൈ സ്ചെയര്‍മാന്‍ അരുവിക്കര നാരായണന്‍ നാടാ ര്‍, വിളക്കിത്തല നായര്‍ യുവജന വിഭാഗം സം സ്ഥാന സെക്രട്ടറി സുരേഷ്‌ കുന്നത്ത്‌ എ ന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ചാ സംസ്ഥാ ന പ്രസിഡന്റ്‌ അഡ്വ.വി.വി.രാജേഷ്‌ പങ്കെടുത്തു.
ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്‌ സ്വാഗതം പറഞ്ഞു. സംസ്ഥാന സഹസംഘടനാ സെക്രട്ടറിമാരായ സി.ബാബു, വി.സുശികുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗവറാം, കിളിമാനൂര്‍ സുരേഷ്‌, ജില്ലാ നേതാക്കളായ പി.ജ്യോതീന്ദ്രകുമാര്‍, തിരുമല അനില്‍, കെ.പ്രഭാകരന്‍, എസ്‌.കെ.ജയന്‍, സന്ദീപ്‌ തമ്പാനൂര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

ആറന്മുള വിമാനത്താവള പദ്ധതി എമര്‍ജിംഗ്‌ കേരളയില്‍ പ്രഖ്യാപിക്കുന്നതിനെതിരെ എമര്‍ജിംഗ്‌ ഹെരിറ്റേജ്‌

ആറന്മുള വിമാനത്താവള പദ്ധതി എമര്‍ജിംഗ്‌ കേരളയില്‍ പ്രഖ്യാപിക്കുന്നതിനെതിരെ എമര്‍ജിംഗ്‌ ഹെരിറ്റേജ്‌ എന്ന പേരില്‍ സപ്തംബര്‍ 6ന്‌ ആറന്മുളയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന്‌ തിരുവാറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരേക്കര്‍ ഭൂമിപോലും ആറന്മുളയില്‍ സ്വ
ന്തമായില്ലാത്ത കെ.ജി.എസ്‌ ഗ്രൂപ്പ്‌ എന്ന വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്‌ പദ്ധതിയാണ്‌ യഥാര്‍ഥത്തില്‍ വിമാനത്താവള പദ്ധതിക്കു പുറകിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക സംസ്കൃതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഗ്രാമമായ ആറന്മുളയില്‍ വിമാനത്താവളത്തിനുവേണ്ടി നികത്തിയ നീര്‍ത്തടവും നെല്‍വയലും തിരിച്ചുപിടിക്കാനുള്ള പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ 6ന്‌ തുടക്കം കുറിക്കും. മണ്ണിട്ടുനികത്തിയ നീര്‍ച്ചാലുകളില്‍ നിന്നും മണ്ണ്‌ നീക്കം ചെയ്ത്‌ നീരൊഴുക്ക്‌ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുവേണ്ടി ചാലുകീറല്‍ സമരവും കൃഷിയിറക്കുന്നതിനുള്ള കാര്‍ഷിക പദ്ധതിയും സംബന്ധിച്ച തീരുമാനങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ പ്രഖ്യാപിക്കും. നിയമപ്രകാരം ചെയ്യേണ്ട ഒരു നടപടിക്രമവും പൂര്‍ത്തിയാക്കാതെയാണ്‌ ആറന്മുള പുഞ്ചപ്പാടം മണ്ണിട്ടു നികത്തിയതെന്ന്‌ ലാന്റ്‌ റവന്യൂ കമ്മീഷണര്‍ പറയുന്നു. പരസ്യമായി നിയമലംഘനം നടത്തിയവര്‍ പ്രമാണിമാരും മാഫിയകളുമായതിനാല്‍ അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. 2004ല്‍ എട്ടേക്കര്‍ നെല്‍വയല്‍ നികത്തുന്നതിന്‌ അനുമതി തേടിയാണ്‌ ആദ്യം മൗണ്ട്‌ സിയോന്‍ എയര്‍പോര്‍ട്ട്‌ സര്‍വ്വീസ്‌ എന്ന ബിസിനസ്സ്‌ സ്ഥാപനം പഞ്ചായത്ത്‌ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്‌. പടിപടിയായി റവന്യു-കൃഷി-ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച്‌ യാതൊരു തടസ്സവും കൂടാതെ 100 ഏക്കര്‍ പാടവും നീര്‍ച്ചാലും മണ്ണിട്ട്‌ നികത്തി. ബാക്കി തദ്ദേശവാസികളുടെ നിലവും പുരയിടവും കോടിയുടെ മോഹവില നല്‍കി മൊത്തംവിലയ്ക്കെടുക്കുവാന്‍ കെ.ജി.എസ്‌ ഗ്രൂപ്പ്‌ തിരക്കിട്ട ശ്രമങ്ങള്‍ നടത്തി വരുന്നു.

ആറന്മുള വിമാനത്താവളം നടപ്പിലാക്കുന്നതിനു വേണ്ടി കോടികളുടെ അഴിമതിയാണ്‌ നടന്നിട്ടുള്ളത്‌. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും വന്‍കിട വ്യവസായികളും അടങ്ങുന്ന വലിയ ഗൂഢസംഘമാണ്‌ ഇതിന്‌ പിന്നില്‍. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഉന്മൂലനം ചെയ്ത്‌ പഞ്ചനക്ഷത്രഹോട്ടലുകളും ഷോപ്പിംഗ്‌ മാളുകളും ഇന്റര്‍നാഷണല്‍ സ്കൂളും വിമാനത്താവളവും നിര്‍മ്മിക്കുന്നതിന്‌ ശ്രമിക്കുന്ന കെ.ജി.എസ്‌ ഗ്രൂപ്പിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്ന്‌ കുമ്മനം ആവശ്യപ്പെട്ടു.

റവന്യു-തദ്ദേശ ഭരണ-പരിസ്ഥിതി വകുപ്പുകളുടെ എല്ലാവിധ നിയന്ത്രണവുണ്ടായിട്ടും സര്‍ക്കാരിന്റെ കണ്‍വെട്ടത്ത്‌ എങ്ങനെ ഇത്രവലിയ പകല്‍കൊള്ളയും ധ്വംസനവും നടന്നുവെന്നും നിയമവിരുദ്ധമായ പദ്ധതിക്ക്‌ എങ്ങനെ അനുമതി ലഭിച്ചുവെന്നും പ്രധാനമന്ത്രി പരിശോധിക്കണം. നിയമവിരുദ്ധമായി നെല്‍പ്പാടവും തണ്ണീര്‍തടവും നീര്‍ച്ചാലും നികത്തിയിട്ടും യാതൊരുനടപടിയും സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിടണം.

ആദ്യം അനുമതി നിഷേധിച്ച കേന്ദ്ര-വ്യോമയാന-പരിസ്ഥിതി മന്ത്രാലയങ്ങള്‍ വെറും ഒരു വര്‍ഷംകൊണ്ട്‌ നിലപാട്‌ മാറ്റി കേന്ദ്രാനുമതി നല്‍കിയതിനുപിന്നില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉണ്ട്‌. പരിസ്ഥിതി നാശമുണ്ടാകുമെന്ന്‌ വാദിച്ച പരിസ്ഥിതി മന്ത്രാലയവും ഐ.എന്‍.എസ്‌ ഗരുഡയുടെ പറക്കല്‍ പ്രദേശമാണെന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ച പ്രതിരോധവകുപ്പും 150 കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്ന്‌ വാദിച്ച വ്യോമയാന വകുപ്പും ഇപ്പോള്‍ നിലപാടുകള്‍ പാടേ മാറ്റിയത്‌ എന്തുകൊണ്ടെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കണം. ആറന്മുള വിമാനത്താവള പദ്ധി എമേര്‍ജിംഗ്‌ കേരളയില്‍ പ്രഖ്യാപിക്കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കാട്ടുന്ന തിടുക്കവും നിര്‍ബന്ധബുദ്ധിയും അപലപനീയമാണ്‌. എമേര്‍ജിംഗ്‌ കേരളയില്‍ ഈ പദ്ധതി പ്രഖാപിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. മറിച്ച്‌ കെ.ജി.എസ്‌ ഗ്രൂപ്പിന്റെ ഇംഗിതത്തിന്‌ വഴങ്ങി സപ്തംബര്‍ 12ന്‌ എമേര്‍ജിംഗ്‌ കേരളയില്‍ തറക്കല്ലിടാനാണ്‌ തീരുമാനിക്കുന്നതെങ്കില്‍ പ്രധാനമന്ത്രിക്ക്‌ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ നേരിടേണ്ടിവരും. 'എമേര്‍ജിംഗ്‌ കേരള' എന്നതിനു പകരം 'ഡാമേജിംഗ്‌ കേരള 'എന്ന ദുഷ്പേര്‌ ഏറ്റുവാങ്ങേണ്ടിവരും. തിരുവാറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ്‌ അഡ്വ.കെ.ഹരിദാസ്‌, പ്രകൃതി സംരക്ഷണ സൗഹൃത വേദി കണ്‍വീനര്‍ പ്രദീപ്‌ അയിരൂര്‍, പള്ളിയോട പള്ളിവിളക്ക്‌ സംരക്ഷണസമിതി പി.ആര്‍. രാജീവ്‌ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മാറാട്‌ കൂട്ടക്കൊലക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം

ജനകീയ കണ്‍വെന്‍ഷന്‍ സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
മാറാട്‌ കൂട്ടക്കൊലക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജനകീയ കണ്‍വെന്‍ഷന്‍ സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു . മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചനക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനുള്ള രണ്ടാം മാറാട്‌ പ്രക്ഷോഭം കൊല്ലിച്ചതാരാണെന്നുകണ്ടെത്താനുള്ള നിര്‍ണ്ണായകസമരമാണെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാറാട്‌ കൂട്ടക്കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കോഴിക്കോട്‌ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൂട്ടക്കൊലക്കേസിലെ ഒന്നുംരണ്ടും മൂന്നും പ്രതികളെ ഇന്നും നിയമത്തിന്‌ മുന്നിലേക്ക്‌ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. കൊലചെയ്തവരല്ല കൊലനടത്താന്‍ ഗൂഢാലോചന നടത്തിയവരാണ്‌ മുഖ്യപ്രതികള്‍. ആരെയെങ്കിലും പിടികൂടി ഗൂഢാലോചന നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. നേരത്തെ എതിര്‍ത്തവര്‍ അടക്കം ഇന്ന്‌ സിബിഐ അന്വേഷണത്തിന്‌ വേണ്ടി ആവശ്യപ്പെടുകയാണ്‌. എന്നാല്‍ സിബിഐ അന്വേഷണം നടത്തുന്നതിനുള്ള തടസ്സം നീങ്ങുന്നില്ല. തടസ്സം എന്താണെന്ന്‌ മുസ്ലീംലീഗ്‌ നേതാക്കള്‍ വ്യക്തമാക്കണം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും കേന്ദ്രമന്ത്രി ഇ. അഹമ്മദിനും ഇതില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്‌. നീതിലഭിക്കുമെന്ന്‌ ഹിന്ദുസമൂഹത്തിന്‌ ഉറപ്പ്‌ നല്‍കിയവരാണിവര്‍.
സിബിഐ അന്വേഷണത്തിനുള്ള നിയമതടസം ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്‌. ഹൈക്കോടതിയുടെയും ജുഡീഷ്യല്‍ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ ഇതിനനുകൂലമാണ്‌. വമ്പന്‍സ്രാവുകള്‍ കുടുങ്ങുമെന്ന ഭീതിയില്‍ സിബിഐ അന്വേഷണത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ അവസാന ശ്വാസംവരെ നല്‍കി എതിര്‍ക്കാന്‍ ഹിന്ദുസമൂഹം തയ്യാറാവണം. അധഃസ്ഥിത പിന്നാക്ക ജനതയെ വഞ്ചിക്കുന്ന നിലപാടിന്നെതിരായ യുദ്ധത്തില്‍ വിജയിച്ചേപറ്റൂ. മനുഷ്യാവകാശത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്‌. പണക്കൊഴുപ്പിന്റെ ധാര്‍ഷ്ഠ്യത്തിന്‌ മുന്നില്‍ കേരളത്തെ വിലക്കെടുക്കാന്‍ ശ്രമിക്കുന്നതിനെതിരായ പോരാട്ടംകൂടിയാണിത്‌ അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സപ്തംബര്‍ 17ന്‌ ബഹുജനധര്‍ണ്ണ നടത്തും. ബഹുജനധര്‍ണ്ണയില്‍ വിവിധ സാമുദായിക നേതാക്കള്‍ മാറാട്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌ സമരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്റെ വടകരയിലെ ക്യാമ്പ്‌ ഓഫീസിലേക്ക്‌ ബഹുജനമാര്‍ച്ച്‌ നടക്കും. മാറാട്‌ പ്രക്ഷോഭ പരമ്പരയില്‍ഏറ്റവും വലിയ ബഹുജനപ്രാതിനിധ്യമുള്ള സമരമായിരിക്കും ഒക്ടോബര്‍ പത്തിന്‌ നടക്കുന്ന ബഹുജനമാര്‍ച്ചെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തെ സഹായിക്കാന്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ ചെയര്‍മാനും പി.ജിജേന്ദ്രന്‍ ജനറല്‍കണ്‍വീനറുമായ സമരസഹായസമിതി രൂപീകരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സമരസഹായസമിതിയില്‍ അംഗങ്ങളായിരിക്കും. അധര്‍മ്മത്തിനെതിരായ യുദ്ധം ആസുരിക ശക്തികള്‍ക്കെതിരായ പോരാട്ടമാണെന്നും അത്‌ ഏതെങ്കിലും മതവിഭാഗത്തിനെതിരല്ലെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പറഞ്ഞു. മാറാട്‌ നടന്നത്‌ കലാപമല്ല ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു. മുന്നില്‍ നിന്ന്‌ വെട്ടിയവരെ മാത്രമല്ല പിന്നില്‍നിന്ന്‌ പ്രവര്‍ത്തിച്ചവരെയും നിയമത്തിന്‌ മുന്നില്‍കൊണ്ടുവരണം. ധര്‍മ്മത്തെ നിലനിര്‍ത്താനുള്ള സമരത്തില്‍ അധര്‍മ്മത്തിന്റെ സ്രോതസുകളെ ഇല്ലാതാക്കുകയാണ്‌ വേണ്ടത്‌. അതിന്‌ സമൂഹത്തിന്റെ ഇച്ഛാശക്തിയുണ്ടാകണം, അവര്‍ പറഞ്ഞു. മാറാട്‌ സിബിഐ അന്വേഷണകാര്യത്തില്‍ കെപിസിസി നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. നിലപാടില്ലാത്ത കോണ്‍ഗ്രസിന്റെ നയരാഹിത്യമാണ്‌ കേരളത്തിന്റെ ഇന്നത്തെ ശാപം. ഭൂരിപക്ഷ സമുദായത്തിന്നെതിരായ നിലപാടാണ്‌ യുഡിഎഫ്‌ എടുക്കുന്നത്‌, മുരളീധരന്‍ പറഞ്ഞു. മാറാട്‌ അരയസമാജം പ്രസിഡന്റ്‌ ടി.പ്രകാശ്‌ അധ്യക്ഷതവഹിച്ചു. കേരള പുലയര്‍ മഹാസഭ സംസ്ഥാന സംഘടനാസെക്രട്ടറി തുറവൂര്‍സുരേഷ്‌, ഹിന്ദുഐക്യവേദി സഹസംഘടനാസെക്രട്ടറി എം.രാധാകൃഷ്ണന്‍, ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, തഴവ സഹദേവന്‍ (അഖിലകേരള പാണന്‍സമാജം), കെ.എസ്‌. അരുണ്‍ദാസ്‌(അരയസമാജം ഏകോപനസമിതി), കെ.എം. പരമേശ്വരന്‍(യോഗക്ഷേമസഭ), പുഞ്ചക്കാരി സുരേന്ദ്രന്‍(അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍), അഡ്വ. വി. പദ്മനാഭന്‍(ധീവരസഭ), സ്വാമി അയ്യപ്പദാസ്‌, ടി.യു. മോഹനന്‍(ക്ഷേത്രസംരക്ഷണസമിതി), ബി.ആര്‍ ബാലരാമന്‍, എം.സി. വത്സന്‍(വി.എച്ച്‌.പി), ധര്‍മ്മജാഗരണന്‍ പ്രമുഖ്‌ വി.കെ. വിശ്വനാഥന്‍, സുധീര്‍ നമ്പീശന്‍(പുഷ്കസേവാസംഘം), ടി.എം.നാരായണന്‍(വനവാസി വികാസകേന്ദ്രം), എന്‍.പി. രാധാകൃഷ്ണന്‍, കെ.രജനീഷ്ബാബു(മത്സ്യപ്രവര്‍ത്തകസംഘം), ഇ.എസ്‌. ബിജു, കെ.പി ഹരിദാസന്‍ (ഹിന്ദുഐക്യവേദി) തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. എന്‍.പി. രാധാകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. പി.ജിജേന്ദ്രന്‍ സ്വാഗതവും ശശി കമ്മട്ടേരി നന്ദിയും പറഞ്ഞു.