2012, ജൂൺ 30, ശനിയാഴ്‌ച


പത്മനാഭസ്വാമി ക്ഷേത്രം എ നിലവറ അടുത്തയാഴ്‌ച തുറക്കും
 
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അത്ഭുത നിലവറയെന്ന്‌ കരുതപ്പെടുന്ന എ നിലവറ അടുത്തയാഴ്‌ച തുറക്കുമെന്ന്‌് വിദഗ്‌ദ്ധ സമിതി അറിയിച്ചു.

ശതകോടികളുടെ നിധിശേഖരം അടങ്ങുന്ന എ നിലവറ തുറന്ന്‌ പരിശോധിക്കുന്നത്‌ അതീവ ശ്രദ്ധയോടുകൂടിയായിരിക്കണമെന്ന്‌് ഇന്നലെ ചേര്‍ന്ന വിദഗ്‌ദ്ധ സമിതി യോഗം തീരുമാനിച്ചു. ഒരുതവണയാണ്‌ എ നിലവറ തുറന്ന്‌ പരിശോധിച്ചിട്ടുളളത്‌.

നക്ഷത്രത്തിളക്കമുളള രത്നങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത ശരപൊളി മാലകള്‍,(ദേവന്‌ ചാര്‍ത്തുന്നതാണ്‌ ഈ മാലകള്‍. നൂറ്‌ കണക്കിന്‌ രത്നങ്ങള്‍ ഈ മാലയില്‍ പതിച്ചിട്ടുളളതായാണ്‌ വിവരം). സ്വര്‍ണ ഉരുളികള്‍, നാളികേരത്തിന്റെ വലിപ്പമുളള വജ്രങ്ങള്‍,സ്വര്‍ണനാണയങ്ങള്‍, നിരവധി ചാക്കുകളില്‍ നിറച്ചുവെച്ചിരിക്കുന്ന സ്വര്‍ണ മണികള്‍ എന്നിവയാണ്‌ എ നിലവറയിലുളളത്‌. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശോധന ഇവിടെ വേണ്ടിവരും. എ നിലവറയിലെ അമൂല്യ വസ്‌തുക്കള്‍ പഴയ ഇരുമ്പ്‌ പെട്ടികളിലാണ്‌ ഇപ്പോള്‍ സൂക്ഷിച്ചിട്ടുളളത്‌. അവ പുതിയ പെട്ടിയിലാക്കും.

സി നിലവറ ശക്‌തിപ്പെടുത്തുന്നതിന്‌ വേണ്ടി ഐ.എസ്‌.ആര്‍.ഒയും പൊതുമരാമത്ത്‌ വകുപ്പും തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ അടുത്ത യോഗം ചര്‍ച്ചചെയ്‌ത് നടപ്പാക്കും. ഡി നിലവറയുടെ പരിശോധന മൂന്നു ദിവസത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്‌. പൂജാസാധനങ്ങള്‍ അടങ്ങുന്ന ഇ, എഫ്‌ നിലവറകളുടെ പരിശോധന ക്ഷേത്രം നമ്പിമാരുടെ സൗകര്യം കൂടി കണക്കിലെടുത്തു തുടങ്ങും. രത്നങ്ങളുടെ പരിശോധനയ്‌ക്ക് വേണ്ടി ജര്‍മനിയില്‍ നിന്നു കൊണ്ടുവന്ന ഉപകരണങ്ങള്‍ അടുത്തയാഴ്‌ച സ്‌ഥാപിക്കും.

അമൂല്യവസ്‌തുക്കളുടെ വിവരങ്ങളടങ്ങുന്ന സിഡി ക്ഷേത്രത്തിന്‌ പുറത്ത്‌് കൊണ്ടുപോയതിനെ സംബന്ധിച്ച്‌ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. കണക്കെടുപ്പിന്‌ ആവശ്യമായ തുക ഇനിയും സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന്‌ യോഗം വിലിരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ