2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ടി.വി.രാജേഷ്‌ എംഎല്‍എയുടെ ഭൂമാഫിയ ബന്ധം അന്വേഷിക്കണം: ഹിന്ദു ഐക്യവേദിതിരുവനന്തപുരം: കല്ല്യാശ്ശേരി എം.എല്‍. എ. ടി.വി.രാജേഷിന്റെ ഗൂഢാലോചനയില്‍ കണ്ണൂര്‍ ജില്ലയില്‍ മാടായിപ്പാറയില്‍ നടന്നുവരുന്ന ഭൂമാഫിയ നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവരാം പത്രക്കുറിപ്പില്‍ അറിയിച്ചു. മാടായിപ്പാറ ക്ഷേത്രഭൂമി സമ്മര്‍ദ്ദം ചെലുത്തി അന്യാധീനപ്പെടുത്താന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം നിര്‍ത്തിവയ്ക്കണമെന്നും ടി.വി.രാജേഷിന്റെ ഭൂമാഫിയ ബന്ധം പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ചരിത്രപ്രസിദ്ധവും പുരാണ പ്രസിദ്ധവുമായ മാടായിക്കാവ്‌ തിരുവര്‍ക്കാട്‌ ദേവസ്വംവകയായുള്ള ഏക്കര്‍ കണക്കിന്‌ ഭൂമി കാലങ്ങളായി പലവ്യക്തികളും കയ്യേറി വരികയാണ്‌. അടുത്ത കാലത്തായി ഭൂമാഫിയുടെ കണ്ണ്‌ പതിഞ്ഞ ഭൂമിയില്‍, തങ്ങളുടെ കയ്യേറ്റം നിയമവിധേയമാക്കാനുള്ള നീക്കമാണ്‌ ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്നത്‌. മതപരിവര്‍ത്തനലോബികളടക്കം നിരവധിപേര്‍ കയ്യേറിയ ക്ഷേത്രഭൂമിയില്‍ തന്നെയാണ്‌ ചൈനാക്ലേ ഖാനനം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്‌. ഭൂമാഫിയകളുടെ ഗൂഢാലോചന ക്ഷേത്രഭൂമിയെ അന്യാധീനപ്പെടുത്തുന്നതിനിടയിലാണ്‌ തൊട്ടടുത്ത്‌ ഒരു എയ്ഡഡ്‌ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവന്ന ഐ.റ്റി.ഐയ്ക്കു വേണ്ടിയെന്ന പേരിലും മാടായിപ്പാറയില്‍ ക്ഷേത്രഭൂമി കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഐ.യ്ക്കുവേണ്ടിയുള്ള ഈ കയ്യേറ്റം, സര്‍ക്കാര്‍ കയ്യേറ്റം തന്നെയാണ്‌.
ഈ കയ്യേറ്റത്തിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ, ചിറയ്ക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ ജില്ലാ സബ്കോര്‍ട്ടില്‍ ഒ.എസ്‌ 54/2011 ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ കോമ്പൗണ്ട്‌ വാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ (ഐ.എ. 600/2011) താത്കാലികവിധിയുണ്ടായി. ഇതേ തുടര്‍ന്ന്‌ 25.08.2011 ന്‌ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. അതിന്റെ പേരില്‍ എം.എല്‍.എയുടെ സമ്മര്‍ദ്ദഫലമായി സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ നേരെ ക്രിമിനല്‍ കേസെടുക്കുകയുണ്ടായി. 28.09.2011 ലെ വിധിയനുസരിച്ച്‌ ക്ഷേത്രഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവുണ്ടായി.
ഈ ഉത്തരവിനെ തുടര്‍ന്നാണ്‌ രാജേഷിന്റെ നേതൃത്വത്തില്‍ ഭൂമാഫിയാസംഘം സമ്മര്‍ദ്ദതന്ത്രം പയറ്റാനൊരുങ്ങുന്നത്‌. തൊഴില്‍ വകുപ്പ്‌ മന്ത്രാലയത്തില്‍ ദേവസ്വം ഭരണാധികാരികളെ വിളിപ്പിച്ച്‌ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായി 04.10.11 ന്‌ തൊഴില്‍മന്ത്രിയുടെ ഓഫീസില്‍ വിളിപ്പിച്ച യോഗത്തിന്‌ എത്തിച്ചേരാന്‍ അറിയിപ്പ്‌ നല്‍കിയത്‌ ടി.വി.രാജേഷ്‌ എം.എല്‍.എയുടെ ഓഫീസില്‍ നിന്നാണ്‌. മന്ത്രിസഭയിലെ ചില കേന്ദ്രങ്ങളോട്‌ അടുത്തബന്ധം പുലര്‍ത്തുന്ന ഭൂമാഫിയയുടെ ഈ നീക്കം ദേവസ്വം ബോര്‍ഡ്‌ തടയണമെന്നും ഭാര്‍ഗ്ഗവരാം ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പിന്റെ കയ്യേറ്റം നിര്‍ബാധം നടപ്പായാല്‍ തങ്ങളുടെ കയ്യേറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ സാധൂകരിച്ചെടുക്കാനും സര്‍ക്കാരിനെ, ക്ഷേത്രത്തിനെതിരെ നിര്‍ത്തി ഒളിയുദ്ധം നടത്താനുമാണ്‌ ഭൂമാഫിയയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ