2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കൊച്ചി ദേവസ്വം ബോര്‍ഡില്‍ പണം വാങ്ങി നിയമനം വ്യാപകമെന്ന്‌

കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡില്‍ പണം വാങ്ങി അനധികൃത നിയമനം നടത്തുന്നതായി ആക്ഷേപം. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ നിയമിച്ച ഭരണസമിതിയാണ്‌ ഇപ്പോള്‍ ബോര്‍ഡിന്റെ ഭരണം കയ്യാളുന്നത്‌. ഈ ഭരണസമിതിയിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരാണ്‌ കോഴ വാങ്ങി താല്‍ക്കാലിക തസ്തികകളിലേക്ക്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടയില്‍ 412 പേരെ തിരുകിക്കയറ്റിയിരിക്കുന്നത്‌ എന്നതാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.

ദൈനംദിന ചെലവുകള്‍ക്കുവരെ ബുദ്ധിമുട്ടുന്ന കൊച്ചി ദേവസ്വം ബേര്‍ഡ്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ഇക്കാര്യം ബോര്‍ഡ്‌ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രസ്താവിച്ചിട്ടുള്ളതുമാണ്‌. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴിതേടുന്നതിനിടയില്‍ അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ച്‌ ദിവസവേതനക്കാരായി വിവിധ വകുപ്പുകളില്‍ ഒട്ടേറെപ്പേരെ നിയമിച്ചതും സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കിയതായാണ്‌ ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്‌. തൃപ്പൂണിത്തുറ, തിരുവഞ്ചിക്കുളം, തിരുവില്വാമല ഗ്രൂപ്പുകളിലായാണ്‌ എ, ബി, സി ഗ്രേഡുകളിലുള്ള വിവിധ ക്ഷേത്രങ്ങളിലേക്കുള്ള തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്‌. ഈ വിഭാഗങ്ങളിലായി താല്‍ക്കാലിക ശാന്തിക്കാര്‍, നടകാവല്‍, ചീട്ടെഴുത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ്‌ നിയമനങ്ങള്‍ ഏറെയും. ഇതിനുപുറമെ വിവിധ ഗ്രൂപ്പ്‌ ഓഫീസുകളിലും ക്ഷേത്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന നൂറിലധികം ദേവസ്വം ഒാ‍ഫീസുകളിലും പ്യൂണ്‍, വാച്ചര്‍, വിവിധ സെക്ഷനുകളിലേക്ക്‌ അസിസ്റ്റന്റുമാര്‍ തുടങ്ങിയ തസ്തികകളിലേക്കും കോഴ വാങ്ങി നിയമനം നടത്തിയതായാണ്‌ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌. ഓരോ നിയമനത്തിനും 2 ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ്‌ കൈക്കൂലിയായി ബോര്‍ഡ്‌ അംഗങ്ങളും മറ്റും ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഇടനിലക്കാര്‍ വഴി കൈപ്പറ്റുന്നത്‌ എന്നാണ്‌ ആക്ഷേപം.

കോഴ നിയമനത്തിന്‌ പുറമെ ആശ്രിത നിയമനത്തിന്റെ പേരിലും വ്യാപക ക്രമക്കേട്‌ നടന്നതായും തെളിവുകള്‍ സഹിതം വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. സര്‍വീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരന്റെ പേരില്‍, ഇയാളുടെ ഭാര്യക്കും രണ്ട്‌ മക്കള്‍ക്കും ബോര്‍ഡില്‍ പണം നല്‍കിയും സ്വാധീനം ഉപയോഗിച്ചും ജോലി തരപ്പെടുത്തിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതോടൊപ്പംതന്നെ ഇപ്പോഴത്തെ ഭരണസമിതിയോട്‌ അനുഭാവം പുലര്‍ത്തുന്ന ജീവനക്കാരുടെ സംഘടന അനധികൃതമായി വന്‍തുക ജീവനക്കാരില്‍നിന്നും പിരിച്ചെടുക്കുന്നു എന്നും ഇതുസംബന്ധിച്ച്‌ കണക്കുകള്‍ യോഗങ്ങളില്‍ അവതരിപ്പിക്കുന്നില്ലെന്നും ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.

കൊച്ചി ദേവസ്വം ബോര്‍ഡിലെ മരാമത്ത്‌ പണികളിലും മറ്റും വെട്ടിപ്പ്‌ നടത്തുന്നതായി ഉയര്‍ന്ന പരാതിയില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ അടുത്തിടെ കോടതി ഉത്തരവായിരുന്നു. ഭരണ കാലാവധി കഴിയാറായ കാലയളവില്‍ പോലും കോഴ വാങ്ങി അനധികൃത നിയമനം നടത്തുന്നതും മറ്റും തുടരുന്നത്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ മോശമായ സാമ്പത്തികസ്ഥിതി വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ