2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വര്‍ഗീയ ബില്ലിനെതിരെ തൃണമൂലും

ന്യൂദല്‍ഹി: വര്‍ഗീയ അതിക്രമങ്ങള്‍ തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെതിരെ എതിര്‍പ്പ്‌ ശക്തമായി. അപകടകരമായ നിയമനിര്‍മാണത്തിനാണ്‌ കേന്ദ്രം ഒരുങ്ങുന്നതെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്‌ നിര്‍ദ്ദിഷ്ട ബില്ലെന്നും എന്‍ഡിഎയും തൃണമൂല്‍ കോണ്‍ഗ്രസും മുന്നറിയിപ്പ്‌ നല്‍കി.സംസ്ഥാനങ്ങളില്‍ വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്രത്തിന്‌ ഇടപെടാന്‍ അവസരമൊരുക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്ന ബില്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കാന്‍ വഴിതെളിക്കുന്നതുമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയോദ്ഗ്രഥന കൗണ്‍സില്‍ കൊണ്ടുവന്ന ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളായ മധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌, കര്‍ണാടക, ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, ബീഹാര്‍, പഞ്ചാബ്‌ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ശക്തമായ എതിര്‍പ്പ്‌ അറിയിച്ചത്‌. ബില്‍ അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതാണെന്ന്‌ ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജ്‌ മുന്നറിയിപ്പ്‌ നല്‍കി. ബില്ലിന്റെ ഇപ്പോഴുള്ള രൂപത്തെ എതിര്‍ക്കുമെന്ന്‌ യുപിഎയുടെ പ്രധാന ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ദിനേഷ്‌ ത്രിദേവി വ്യക്തമാക്കി.

വര്‍ഗീയ പ്രശ്നങ്ങള്‍ക്കെല്ലാം ഭൂരിപക്ഷ സമുദായമാണ്‌ ഉത്തരവാദിയെന്ന രീതിയിലാണ്‌ ബില്ലിലെ വ്യവസ്ഥകളെന്ന്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി ചില ഭേദഗതികള്‍ അനിവാര്യമാണെന്ന്‌ ബീഹാറിലെ മുതിര്‍ന്ന മന്ത്രിയായ വിജയ്‌കുമാര്‍ ചൗധരി കേന്ദ്രത്തോടാവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 355 പ്രകാരം കേന്ദ്രത്തിന്‌ ഇടപെടാന്‍ അവസരമൊരുക്കുന്ന വ്യവസ്ഥ അനാവശ്യമായ കീഴ്‌വഴക്കങ്ങള്‍ക്ക്‌ വഴിതെളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

നിക്ഷിപ്ത താല്‍പര്യങ്ങളോടെയാണ്‌ ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ഹാനികരമായി ബാധിക്കുമെന്നും മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതും സംഘടിത വര്‍ഗീയ അതിക്രമങ്ങളുമായി ബന്ധപെട്ട കുറ്റകൃത്യങ്ങളെ വ്യക്തമായി നിര്‍വചിക്കുന്നതല്ലെന്നും അദ്ദഹം പറഞ്ഞു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി സംസ്ഥാന സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തിയാല്‍ രാഷ്ട്രംതന്നെ ദുര്‍ബലമാവുമെന്നും ക്ഷുദ്രശക്തികള്‍ക്ക്‌ കരുത്ത്‌ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ്നല്‍കി.

സംസ്ഥാനങ്ങളുടെ പരമാധികാരത്തില്‍ കേന്ദ്രത്തിന്‌ നേരിട്ട്‌ ഇടപെടാന്‍ വഴിയൊരുക്കുന്നതാണ്‌ ബില്ലെന്ന്‌ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി രമണ്‍സിംഗ്‌ ചൂണ്ടിക്കാട്ടി. ഘടനാപരമായി ഒട്ടേറെ പഴുതുകളുള്ളതാണ്‌ നിര്‍ദ്ദിഷ്ട ബില്‍. ഇന്ത്യയുടെ ഫെഡറല്‍ ഘടനക്ക്‌ എതിരാണ്‌ ബില്‍. ബില്ലിന്റെ സഹായത്തോടെ രൂപീകരിക്കുന്ന ദേശീയ അതോറിറ്റിക്ക്‌ സംസ്ഥാനങ്ങള്‍ക്ക്‌ അന്വേഷണ ഉത്തരവുകള്‍ നല്‍കാന്‍ അധികാരമുണ്ടായിരിക്കും. ക്രമസമാധാനപാലനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ മാറ്റമുണ്ടാകുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നും രമണ്‍സിംഗ്‌ പറഞ്ഞു.

ദേശീയോദ്ഗ്രഥനത്തിന്‌ കടുത്ത ആഘാതം സൃഷ്ടിക്കുന്ന ബില്‍ നടപ്പു രൂപത്തില്‍ പാസാക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ആഭ്യന്തരമന്ത്രി ചിദംബരവും ഉപേക്ഷിക്കണമെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി രമേഷ്‌ പൊബ്രിയാല്‍ നിഷാങ്ക്‌ ആവശ്യപ്പെട്ടു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്‌ വഴിയൊരുക്കുന്നതാണ്‌ ബില്ലെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്സിംഗ്‌ ബാദല്‍ പറഞ്ഞു.

വര്‍ഗീയലഹള ബില്‍ ഏകപക്ഷീയവും പക്ഷപാതപരവുമാണെന്നും അത്‌ നിയമമാക്കുന്നതിന്‌ മുമ്പ്‌ സംസ്ഥാന സര്‍ക്കാരുകളോടും പൊതുജനങ്ങളോടും അഭിപ്രായമാരായണമെന്നും കര്‍ണാടക നനിയമസഭ കേന്ദ്രത്തോടാവശ്യപ്പെട്ടു. സാമുദായിക ഐക്യം തകര്‍ക്കാനേ പുതിയ ബില്‍ ഉപകരിക്കൂ എന്ന്‌ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ വ്യക്തമാക്കി. ഈ ബില്‍ ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം സമൂഹത്തിന്‌ ദ്രോഹം ഉണ്ടാക്കുവാന്‍ മാത്രമേ ബില്ലിന്‌ കഴിയൂ. ഒരു പ്രദേശത്തെ ന്യൂനപക്ഷം മറ്റൊരു പ്രദേശത്തെ ഭൂരിപക്ഷമാകാനും സാധ്യതകളേറെയാണ്‌. അതുപോലെ ഭൂരിപക്ഷം ന്യൂനപക്ഷത്തിനെതിരെ ചെറിയ നീക്കം നടത്തിയാല്‍ പോലും ഈ നിയമപ്രകാരം കഠിനശിക്ഷ ലഭിക്കും. നേരെമറിച്ച്‌ ന്യൂനപക്ഷ ഭൂരിപക്ഷത്തിനുനേരെ അക്രമം നടത്തിയാല്‍ കാര്യമായ ശിക്ഷയില്ല. ഇത്‌ രാജ്യത്ത്‌ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നും ഗൗഡ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ