2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

കാട്ടാക്കടയിലെ സംഘര്‍ഷത്തിന് അയവ്; നിരോധനാജ്ഞ നീട്ടി


കാട്ടാക്കട: കാട്ടാക്കടയില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം  അക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഹിന്ദു ഐക്യവേദിയും വ്യാപാരികളും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടിയിട്ടുണ്ട്.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരോധനാജ്ഞ ഞായറാഴ്ചത്തേക്കുകൂടെ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിമുതല്‍ പോലീസ് പട്രോളിങ് ശക്തമാക്കി. റൂറല്‍ എസ്.പി. എ.അക്ബറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളിയാഴ്ചത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിനായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായിരിക്കുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും കാട്ടാക്കടയിലെ ക്ഷേത്രത്തിനുനേരെയുണ്ടായ സി.പി.എം. ആക്രമണം ഈ രീതിയിലുള്ളതാണെന്നും ഹിന്ദു ഐക്യവേദി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

രാഷ്ട്രീയത്തിന്റെ മറവില്‍ സമുദായ സ്​പര്‍ധയും കലാപവും ഉണ്ടാക്കാനും ക്ഷേത്രധ്വംസനം നടപ്പിലാക്കാനും ഗൂഢാലോചന നടക്കുകയാണ്. ഇതിനെതിരെ പോലീസ് നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സംസ്ഥാനസെക്രട്ടറി ഭാര്‍ഗവറാം പറഞ്ഞു. സംസ്ഥാന ഖജാന്‍ജി കെ. അരവിന്ദാക്ഷന്‍ നായര്‍, ആര്‍.എസ്.എസ്. താലൂക്ക് സമ്പര്‍ക്ക പ്രമുഖ് ആര്‍.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ബി.ജെ.പി. സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി, കരമന ജയന്‍, അഡ്വ. സുരേഷ് എന്നിവര്‍ ആക്രമണം നടന്ന കാട്ടാല്‍ ഭദ്രകാളി ദേവീക്ഷേത്രവും വീടുകളും സന്ദര്‍ശിച്ചു.

1 അഭിപ്രായം: