2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ശബരിമലയില്‍ മേല്‍ശാന്തി; മാളികപ്പുറത്ത്‌ ഈശ്വരന്‍ നമ്പൂതിരിയും


ശബരിമല: വരുന്ന വൃശ്ചിക പുലരി മുതല്‍ ഒരുവര്‍ഷത്തേക്ക്‌ ശബരിമലയില്‍ അയ്യപ്പ പൂജ ചെയ്യാന്‍ തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‍.ബാലമുരളി(39)ക്കും മാളികപ്പുറത്തമ്മയ്ക്ക്‌ പാദപൂജചെയ്യാന്‍ തിരുവനന്തപുരം ആറ്റുകാല്‍ മണക്കാട്‌ കോറമംഗലത്ത്‌ ടി.കെ.ഈശ്വരന്‍ നമ്പൂതിരി(44) ക്കും നിയോഗം. ഇന്നലെ സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ്‌ ഇരുവര്‍ക്കും ദേവാനുജ്ഞ ലഭിച്ചത്‌.

ഇന്നലെ രാവിലെ 7.45 ഓടെ സന്നിധാനത്ത്‌ ഉഷപൂജയ്ക്ക്‌ ശേഷം മേല്‍ശാന്തി നറുക്കെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പന്തളം വടക്കേടത്തു കൊട്ടാരത്തിലെ പ്രമോദ്‌ വര്‍മ്മയുടെ മകന്‍ അഞ്ചാം ക്ലാസുകാരനായ സൗരവ്‌ വര്‍മ്മ മേല്‍ശാന്തിമാരുടെ പേരെഴുതിയിട്ട കുടത്തില്‍ നിന്ന്‌ ആദ്യം അങ്കമാലി എം.എസ്‌.പരമേശ്വരന്‍ നമ്പൂതിരിയുടെ പേരെഴുതിയ നറുക്കെടുത്തു. തുടര്‍ന്ന്‌ രണ്ടാമത്തെ കുടത്തില്‍ നിന്ന്‌ നറുക്കെടുത്തെങ്കിലും അത്‌ മേല്‍ശാന്തി എന്നെഴുതാത്ത തുണ്ടുപേപ്പറായിരുന്നു. തുടര്‍ന്ന്‌ ആറു പേരുടെ പേരുകള്‍ വെള്ളിക്കുടത്തില്‍ നിന്നെടുത്തെങ്കിലും രണ്ടാമത്തെ കുടത്തില്‍ നിന്ന്‌ മേല്‍ശാന്തി എന്ന നറുക്കുവന്നില്ല. ഏഴാമത്‌ എടുത്ത ബാലമുരളിയുടെ പേരിനൊപ്പമാണ്‌ രണ്ടാമത്തെ കുടത്തില്‍ നിന്ന്‌ മേല്‍ശാന്തി എന്ന നറുക്ക്‌ എടുത്തത്‌.


ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന്‌ ശേഷം മാളികപ്പുറത്തമ്മയുടെ നടയിലും അവിടേക്കുള്ള മേല്‍ശാന്തിയെ നറുക്കിട്ടെടുത്തു. പന്തളം കൊട്ടാരത്തിലെ ഡോ.ഗീരീഷ്‌ വര്‍മ്മയുടെ മകള്‍ ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി ഗൗതമിയാണ്‌ ഇവിടെ നറുക്കെടുത്തത്‌. പാലാ വള്ളിച്ചിറ കെ.ജി. പ്രദീപ്‌ കുമാറിന്റ പേരാണ്‌ വെള്ളിക്കുടത്തില്‍ നിന്നും ആദ്യം ലഭിച്ചത്‌. എന്നാല്‍ രണ്ടാമത്തെ കുടത്തില്‍ നിന്നും വെള്ളപ്പേപ്പറാണ്‌ ലഭിച്ചത്‌. തുടര്‍ന്ന്‌ പതിനൊന്നു പേരുടെ പേരുകള്‍ വെള്ളിക്കുടത്തില്‍ നിന്ന്‌ ഒന്നിനു പുറകേ ഒന്നായി എടുത്തെങ്കിലും അതിനോടൊപ്പം രണ്ടാമത്തെ കുടത്തില്‍ നിന്നെടുത്ത പേപ്പറുകളില്‍ മേല്‍ശാന്തി എന്നു തെളിഞ്ഞില്ല. പതിമൂന്നാമതായി നറുക്കെടുത്തപ്പോഴാണ്‌ ടി.കെ.ഈശ്വരന്‍ നമ്പൂതിരിയുടെ പേരിനൊപ്പം മേല്‍ശാന്തി എന്ന നറുക്ക്‌ ലഭിച്ചത്‌.
ശബരിമല മേല്‍ശാന്തിമാരുടെ അഭിമുഖ പരീക്ഷയില്‍ 72 മാര്‍ക്കുനേടി ഒന്നാം റാങ്കാണ്‌ ഇടമനയില്ലത്തെ എന്‍.ബാലമുരളിക്ക്‌ ലഭിച്ചത്‌. കൊല്ലം പുതിയകാവ്‌ ദേവീക്ഷേത്രത്തില്‍ 1995 മുതല്‍ മേല്‍ശാന്തിയായി സേവനം അനുഷ്ഠിക്കുകയാണ്‌ ഇദ്ദേഹം. പ്രീഡിഗ്രിക്കും സംസ്കൃത പഠനത്തിനും ശേഷം തന്ത്രവിദ്യാപീഠത്തില്‍ നിന്നും തന്ത്രിരത്ന ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്‌.


മാളികപ്പുറം മേല്‍ശാന്തിയായി നറുക്കിട്ടെടുത്ത ഈശ്വരന്‍ നമ്പൂതിരി ടി.കെ. അഭിമുഖ പരീക്ഷയില്‍ 63 മാര്‍ക്ക്‌ നേടി ആറാം റാങ്കുകാരനായിരുന്നു. ശബരിമല മേല്‍ശാന്തി ലിസ്റ്റിലേക്കുള്ള അഭിമുഖത്തില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു. 1993 മുതല്‍ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ശാന്തിക്കാരനാണ്‌. പുറപ്പെടാശാന്തിമാരായ ഇരുവരും അടുത്ത വൃശ്ചിക പുലരിമുതല്‍ സന്നിധാനത്ത്‌ ചുമതലയേല്‍ക്കും. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍നായര്‍, അംഗങ്ങളായ കെ.സിസിലി, കെ.വി പത്മനാഭന്‍, സ്പെഷ്യല്‍ കമ്മീഷണര്‍ ജഗദീഷ്‌, കമ്മീഷണര്‍ എന്‍.വാസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ