2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പോപ്പുലര്‍ഫ്രണ്ടും നിരോധിക്കും

കോട്ടയം: ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും നിരോധിത സംഘടനകളുടെ പട്ടികയില്‍പ്പെടാന്‍ സാധ്യതയേറി. പോപ്പുലര്‍ ഫ്രണ്ടിന്‌ ഏറ്റവും അധികം വേരോട്ടമുള്ള കേരളത്തില്‍ നിന്നും ഡിജിപി ജേക്കബ്‌ പുന്നൂസ്‌ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രനടപടിക്കു സാധ്യതയേറിയിരിക്കുന്നത്‌. പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയ്ക്ക്‌ വന്‍ഭീഷണിയെന്ന കേരളാ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കി കഴിഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതതലയോഗത്തില്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചചെയ്ത്‌ നിരോധനമടക്കമുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി വിശകലനം നടത്തുമെന്നറിയുന്നു.


നിരോധിത ഭീകര സംഘടനകളായ സിമി, ഇന്ത്യന്‍ മുജാഹിദീന്‍, വഹദത്‌ എ ഇസ്ലാമി തുടങ്ങിയ തീവ്രവാദി സംഘടനകളുമായി പോപ്പുലര്‍ഫ്രണ്ടിന്‌ അടുത്ത ബന്ധമുണ്ടെന്ന്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദൂര നിയന്ത്രിത ബോംബുകള്‍ നിര്‍മ്മിക്കാന്‍ പോപ്പുലര്‍ഫ്രണ്ട്‌ തീവ്രവാദികള്‍ക്ക്‌ പരിശീലനം ലഭിച്ചിട്ടുണ്ട്‌. മുസ്ലീങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ ചെറുപ്പക്കാര്‍ക്ക്‌ ആയുധങ്ങള്‍ ഉപയോഗിക്കാനും ബോംബ്‌ നിര്‍മ്മിക്കാനും പോപ്പുലര്‍ഫ്രണ്ട്‌ പരിശീലനം നല്‍കുന്നു. ഗള്‍ഫ്‌ രാജ്യങ്ങളുമായും മറ്റ്‌ വിദേശ രാജ്യങ്ങളുമായും ബന്ധമുള്ളവരാണ്‌ ഈ സംഘടനയിലെ വലിയശതമാനം പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയിരക്കണക്കിനു കോടി രൂപയുടെ കുഴല്‍പ്പണ ഇടപാടുകളും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരിലൂടെ ദക്ഷിണേന്ത്യയില്‍ നടക്കുന്നുണ്ട്‌. കേരളത്തില്‍ സാമ്പത്തികരംഗത്ത്‌ സമാന്തര സമ്പദ്‌വ്യവസ്ഥ സ്ഥാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇവര്‍ നടത്തുന്നത്‌. മനുഷ്യാവകാശ സംഘടനകളുമായും നക്സല്‍സംഘടനകളുമായും ചില ദളിത്‌ സംഘടനകളുമായും ബന്ധമുണ്ടാക്കി ശൃംഖല വിപുലമാക്കാനുള്ള ശ്രമത്തിലാണ്‌ പോപ്പുലര്‍ഫ്രണ്ട്‌. സംഘടനയുടെ ആസ്ഥാനം ദല്‍ഹിയിലേക്ക്‌ മാറ്റിയതോടെ പോപ്പുലര്‍ഫ്രണ്ട്‌ ദക്ഷണിണേന്ത്യയില്‍നിന്നും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്കും അപകടകരമാംവിധം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ഡിജിപി ജേക്കബ്‌ പുന്നൂസ്‌ നല്‍കിയതുള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രആഭ്യന്തരമന്ത്രാലയം രഹസ്യ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. എന്നാല്‍ കേരളത്തില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ മുതിര്‍ന്നിട്ടില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നടന്ന ഇത്തരം ആക്രമണങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്‌ പങ്കുണ്ടെന്നുമാണ്‌ സംസ്ഥാന ഡിജിപി ആഭ്യന്തരമന്ത്രാലയത്തിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍പറയുന്നത്‌. മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിമാറ്റിയ സംഭവത്തിന്‌ തീവ്രവാദബന്ധമുണ്ടെന്ന കാര്യം ഡിജിപി റിപ്പോര്‍ട്ടില്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിലെ നാഷണല്‍ ഡെവലപ്മെന്റ്‌ ഫോറം, തമിഴ്‌നാട്ടിലെ മനിത നീതി പാസറൈ, കര്‍ണാടകത്തിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി എന്നീ സംഘടനകള്‍ചേര്‍ന്നാണ്‌ പോപ്പുലര്‍ഫ്രണ്ടിന്‌ രൂപം നല്‍കിയതെന്നും ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. എസ്ഡിപിഐയിലൂടെ രാഷ്ട്രീയ അടിത്തറ ഉണ്ടാക്കി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ മറതീര്‍ക്കാനാണ്‌ പോപ്പുലര്‍ഫ്രണ്ടിന്റെ ശ്രമം എന്ന മുന്നറിയിപ്പ്‌ ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ട്‌. കേരളത്തില്‍ നടത്തിയ പരിശീലന ക്യാമ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ