2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

അമ്മയുടെ പിറന്നാള്‍ ഇന്ന്

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷങ്ങള്‍ അമൃതപുരിയില്‍ തുടങ്ങി. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് മഹാഗണപതിഹോമത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ മഠം വൈസ്ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സത്സംഗം നടത്തി.
രാവിലെ 9ന്‌ മാതാഅമൃതാനന്ദമയി ദേവി വേദിയിലെത്തി. അമ്മയ്ക്ക്‌ അകമ്പടിയായി അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഉണ്ടാകും. അമ്മയുടെ പാദപൂജയ്ക്ക്‌ സന്യാസി ശ്രേഷ്ഠര്‍ നേതൃത്വം നല്‍കും. പിറന്നാള്‍ വേളയിലും പുതിയ പദ്ധതികള്‍ക്ക്‌ അമ്മ തുടക്കം കുറിക്കും.
അമൃത സാന്ത്വനം എന്ന പേരില്‍ നടപ്പാക്കുന്ന ഹോംനേഴ്സ്‌ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിര്‍വഹിക്കും. മൂന്നു മാസം മുതല്‍ ആറു മാസം വരെ എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പരിശീലനം ലഭിച്ച പതിനായിരത്തില്‍പരം ഹോംനേഴ്സുമാരുടെ സേവനം വാര്‍ധക്യകാല ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ലഭ്യമാക്കുന്നതാണ്‌ ഈ ബൃഹദ്‌ പദ്ധതി.
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം യുവതലമുറയ്ക്ക്‌ ലഭ്യമാക്കുവാന്‍ ഒരുക്കുന്ന ഇ-ലേണിംഗ്‌ (ഇ-ട്യൂഷന്‍) പദ്ധതി കേന്ദ്രമന്ത്രി വിലാസ്‌ റാവു ദേശ്മുഖ്‌ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ്‌ അമൃതവിശ്വവിദ്യാപീഠം കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ഇ- ട്യൂഷന്‍ പദ്ധതി ആരംഭിക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച തൊഴില്‍ അവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസപദ്ധതികളെക്കുറിച്ചും ഇത്‌ വഴി അറിയാന്‍ സാധിക്കും.
അമൃതാനന്ദമയി മഠത്തിന്റെ കീഴില്‍ രൂപീകൃതമായ ആയിരക്കണക്കിനു സന്നദ്ധ സഹായ സംഘങ്ങള്‍ക്കുവേണ്ടി അമൃതശ്രീ സുരക്ഷാ ഇന്‍ഷുറന്‍സ്‌, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷനും, മാതാഅമൃതാനന്ദമയി മഠവും സംയുക്തമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സ്കോളര്‍ഷിപ്പ്‌ പദ്ധതിയുടെ ഉദ്ഘാടനം, അമൃതനിധിയുടെ പെന്‍ഷന്‍ പദ്ധതിയുടെ വിതരണം, 25000 സ്ത്രീകള്‍ക്ക്‌ വസ്ത്രദാനം, അന്നദാനം, നിര്‍ദ്ധനരായ സ്ത്രീകളുടെ സമൂഹവിവാഹം എന്നിവ നടത്തും.
അമൃതകീര്‍ത്തി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്‌ സമര്‍പ്പിക്കും. മാതൃവാണിയുടെ ജന്മദിനപ്പതിപ്പ്‌ പ്രകാശനം, മാതാഅമൃതാനന്ദമയി മഠം പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനം കൂടാതെ കൊണാര്‍ക്ക്‌ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന അമ്മയുടെ ഉപദേശങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ മക്കള്‍ക്ക്‌ അമ്മ ദര്‍ശനവും നല്‍കും.
രണ്ടുലക്ഷം പേര്‍ക്ക്‌ ഇരിക്കാവുന്ന പന്തലാണ്‌ പിറന്നാള്‍ ആഘോഷത്തിനായി സജ്ജമാക്കിയിരിക്കുന്നത്‌.
ഭക്തജനങ്ങള്‍ക്ക്‌ അവരവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്‌. മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ഇരുനൂറില്‍പരം ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്‌., കൗണ്ടറുകള്‍ നിയന്ത്രിക്കുന്നത്‌ അമൃതവിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ്‌. വിശാലമായ അന്നക്ഷേത്രം, മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിവിധ സ്റ്റാളുകള്‍, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍, പോലീസ്‌ എയിഡ്പോസ്റ്റുകള്‍, ടെലഫോണ്‍, മെഡിക്കല്‍ എയ്ഡ്‌, ഹെല്‍പ്പ്ലൈന്‍ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ