2011, ജൂലൈ 13, ബുധനാഴ്‌ച

ഹിന്ദു സംഘടനകള്‍ കേസില്‍ പങ്കുചേരും

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കണ്ടെത്തുന്നതുസംബന്ധിച്ച്‌ സുപ്രീംകോടതിയിലുള്ള കേസില്‍ ഹിന്ദു സംഘടനകള്‍ കക്ഷിചേരുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദു സംഘടനകളുടെ നേതൃയോഗതീരുമാനം പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ചു കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് കേസില്‍ കക്ഷിചേരുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രനിലവറകളില്‍ നിന്ന് കണ്ടെത്തിയത് നിധികളോ പൊതുസ്വത്തോ അല്ല. നിലവറകളിലുള്ളത് ശ്രീപദ്മനാഭസ്വാമിയുടേത്‌ മാത്രമാണ്. അതിനാല്‍ ഇവ പുരാവസ്തു വകുപ്പോ നാഷണല്‍ മ്യൂസിയമോ ഏറ്റെടുക്കാന്‍ അനുവദിക്കില്ല. ഇതിനായി ക്ഷേത്രവിശ്വാസികളുടെ ടെമ്പിള്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുമെന്നും കുമ്മനം പറഞ്ഞു.

ക്ഷേത്രനിലവറകളില്‍നിന്നും കണ്ടെത്തിയ പുരാവസ്തുമൂല്യമുള്ളവയും പൂജകള്‍ക്കായുള്ള ആഭരണങ്ങളും ക്ഷേത്രനിലവാരകളില്‍ തന്നെ സംരക്ഷിക്കണം. അല്ലാതെയുള്ള ആഭരണങ്ങള്‍ കണ്ടെത്തി ക്ഷേത്രത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിലൂടെ ലഭിക്കുന്ന വരുമാനം വിശ്വാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കണമെന്നും ശ്രീ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി ഭാര്‍ഗവറാമും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാതൃഭൂമി, ജൂലൈ 13, 2011.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ