2011, ജൂലൈ 10, ഞായറാഴ്‌ച

നിധിയായി തിളങ്ങുന്ന സമര്‍പ്പണം

കേരള കൌമുദിയില്‍ നിന്ന്

തിരുവനന്തപുരം: പദ്മനാഭസ്വാമിയുടെ നിധിശേഖരത്തിന് വാക്കുകള്‍കൊണ്ട് അര്‍ത്ഥം കാണാനെത്തിയത് സുഗന്ധിനായരും ഫെലിക്സും സാലിയും ഷമീനുമൊക്കെ. കേരളകൌമുദി ഒരുക്കിയ സംവാദത്തില്‍ അവര്‍ നേര്‍ക്കുനേര്‍ വാദമുഖങ്ങള്‍ എടുത്തിട്ടപ്പോള്‍ തെളിഞ്ഞത് മതസൌഹാര്‍ദ്ദത്തിന്റെ ഉണര്‍ത്തുപാട്ട്.

ക്രിസ്തുമതത്തില്‍പ്പെട്ട ഫെലിക്സിന്റെ വാദം നിധിശേഖരം അറയില്‍ തന്നെ സൂക്ഷിക്കണമെന്നതാണ്. ഇതിന്റെ സംരക്ഷണത്തിന് ട്രസ്റ്റ് ഉണ്ടാക്കണമെന്നും ഫെലിക്സ് നിര്‍ദ്ദേശിച്ചു. ഒരു കടുകുമണിപോലും നഷ്ടപ്പെടുത്താതെ ക്ഷേത്രത്തിനടുത്തുതന്നെ സൂക്ഷിക്കണമെന്നായി മുസ്ളിം മതത്തില്‍പ്പെട്ട കാരയ്ക്കാമണ്ഡപം സ്വദേശി എ.കെ.ബി. ഷമീന്‍. സവര്‍ണ ഹിന്ദുക്കളെ മാത്രം ഉള്‍പ്പെടുത്താതെ ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി വേണം ട്രസ്റ്റ് ഉണ്ടാക്കാനെന്നായി എം.എം. സാലി.

മ്യൂസിയം സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് പുരാവസ്തു വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയായ സുഗന്ധി നായര്‍ പറയുന്നത്. കൊച്ചി രാജകുടുംബത്തിലെ അമൂല്യശേഖരം കൊച്ചി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതില്‍ കൊച്ചി രാജാവിന്റെ കിരീടംവരെയുണ്ടെന്ന് സുഗന്ധിനായര്‍ ചൂണ്ടിക്കാട്ടി. 'ബി' അറ മുറിക്കേണ്ട കാര്യമില്ല. ആ പൂട്ട് തുറക്കാനറിയാവുന്ന വിദഗ്ദ്ധരുണ്ടെന്നായി സംവാദത്തില്‍ പങ്കെടുത്ത ചിലര്‍.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഒരു കഥ പറഞ്ഞു കൊണ്ടാണ് സംവാദത്തിലേക്ക് കടന്നത്. 1986 ല്‍ വൈക്കം ക്ഷേത്രത്തില്‍ കൊടി മരം മാറ്റിസ്ഥാപിച്ചപ്പോള്‍ അതിനടിയില്‍ നിന്ന് ധാരാളം സാധനങ്ങള്‍ കണ്ടെത്തി. ഇത് നിധിശേഖരമാണെന്ന് പറഞ്ഞ് പുരാവസ്തു വകുപ്പ് രംഗത്തെത്തി. ക്ഷേത്രത്തിന്റേതാണെന്ന് ഭക്തജനങ്ങളും. തര്‍ക്കം മൂത്ത് ഒന്നര വര്‍ഷം അങ്ങനെ കിടന്നു. ആ വര്‍ഷത്തെ ഉത്സവത്തിന് അടയ്ക്കാമരം നാട്ടിയാണ് കൊടിയേറ്റിയത്. കണ്ടെത്തിയ സാധനങ്ങള്‍ ഒടുവില്‍ അവിടെത്തന്നെ സ്ഥാപിക്കേണ്ടിവന്നു. കാരണം ഇത് നിധിശേഖരമല്ല. അപ്രതീക്ഷിതമായി കിട്ടുന്നതാണ് നിധിശേഖരം. ഇത് അങ്ങനെയല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടതും ഇതുപോലെയാണെന്നായി കുമ്മനം.

ഗുരുനാനാക്ക് വന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കീര്‍ത്തനം പാടിയിട്ടുണ്ടെന്നായി ഡോ. എം.ജി. ശശിഭൂഷണ്‍. രാമാനുജനും ഇവിടെ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമര്‍പ്പണം നടത്തിയിട്ടുള്ളത് സ്വാതിതിരുനാളാണ്. തീവ്രമായ ദു:ഖം ഉണ്ടാകുമ്പോള്‍ സ്വാതിതിരുനാള്‍ സ്വര്‍ണ്ണക്കുടത്തില്‍ നാണയങ്ങള്‍ നിറച്ച് സമര്‍പ്പിക്കുമായിരുന്നു. അങ്ങനെ ആശ്വാസം കിട്ടുമ്പോള്‍ സ്വാതിതിരുനാള്‍ കീര്‍ത്തനംകൂടി ചൊല്ലുമായിരുന്നു.

ബാലരാമവര്‍മ്മ ദുര്‍ബലനായ രാജാവായിരുന്നു. ആ ദുര്‍ബലതകണ്ട് വേലുത്തമ്പി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഞാന്‍ യുദ്ധം നയിക്കാം. അങ്ങയ്ക്ക് ഒളിച്ചിരിക്കാന്‍ നെടുമങ്ങാട്ട് ഞാന്‍ താവളം ഒരുക്കിയിട്ടുണ്ടെന്ന്. അങ്ങ് കീഴടങ്ങൂ എന്ന് വേലുത്തമ്പി നിര്‍ദ്ദേശിച്ചപ്പോള്‍ അങ്ങനെ എനിക്ക് ഒളിക്കാനാവില്ല എന്നായി ബാലരാമവര്‍മ്മ. വേലുത്തമ്പി പറഞ്ഞതുപോലെ സംഭവിച്ചിരുന്നെങ്കില്‍ അറയില്‍ ഇപ്പോള്‍ കണ്ടെത്തിയ സമ്പത്തെല്ലാം ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലിരിക്കുമായിരുന്നു. അറേബ്യന്‍ രാജ്യങ്ങളിലുളളവര്‍ക്ക് ഇന്ത്യക്കാരോട് ഇപ്പോള്‍ ഭയങ്കര ബഹുമാനമാണെന്ന് അവിടത്തെ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഏറ്റവും വലിയ സമ്പന്ന ദേവാലയമുള്ള രാജ്യത്തിലെ ആള്‍ക്കാരെയാണ് നമ്മള്‍ ഡ്രൈവര്‍മാരായും കൂലിപ്പണിക്കാരായും ജോലി ചെയ്യിപ്പിക്കുന്നതെന്നാണ് അറബികള്‍ പറയുന്നതെന്ന് ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടി.


വെള്ളായണി പരമുവിന് കിട്ടിയതെല്ലാം വെള്ളായണി ക്ഷേത്രത്തിന് സമര്‍പ്പിച്ചു. വെള്ളായണി പരമു കൊള്ളയടിച്ചതല്ലെന്ന് പറയാനാവുമോ എന്നായിരുന്നു അഡ്വ. സി.കെ. സീതാറാം ചോദിച്ചത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്രോതസ് എങ്ങനെയായാലും സമര്‍പ്പിതമാണ്. ഒരിക്കല്‍ ഒരു ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചാല്‍ തിരിച്ചെടുക്കാന്‍ അവകാശമില്ല. അതുകൊണ്ടാണ് രാജകുടുംബം ഒരു തരിപോലും എടുക്കാതിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ